Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവള വികസനം: കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് വര്‍ധിപ്പിക്കാന്‍ തീരുമാനം

മാനദണ്ഡ പ്രകാരമുള്ള 4,60,000 രൂപക്കു പുറമെ 5,40,000 രൂപ അധിക സഹായമായി നല്‍കി ഒരു കുടുംബത്തിന് ആകെ 10,00,000 രൂപയാണ് പ്രത്യേക പുനരധിവാസ പാക്കേജായി അനുവദിക്കുക.

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ പാക്കേജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. മാനദണ്ഡ പ്രകാരമുള്ള 4,60,000 രൂപക്കു പുറമെ 5,40,000 രൂപ അധിക സഹായമായി നല്‍കി ഒരു കുടുംബത്തിന് ആകെ 10,00,000 രൂപയാണ് പ്രത്യേക പുനരധിവാസ പാക്കേജായി അനുവദിക്കുക.

റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ 64 വീടുകളും ഒരു അങ്കണ്‍വാടി കെട്ടിടവുമാണ് ഇല്ലാതാകുക. വീടുകള്‍ക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകക്കു പുറമേ 4,60,000 രൂപകൂടി അധികം നല്‍കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍, ഈ തുക അപര്യാപ്തമാണെന്ന് ഉടമകള്‍ ചൂണ്ടിക്കാണിച്ചത് പരിഗണിച്ചാണ് തുക പത്ത് ലക്ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

നിലവില്‍ വീടിന് സ്‌ക്വയര്‍ ഫീറ്റിന് 3,000 രൂപയും സ്ഥലത്തിന് സെന്റിന് രണ്ടര ലക്ഷം രൂപയോളവുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ തുകക്കൊപ്പമാണ് പത്ത് ലക്ഷം രൂപ അധികമായി അനുവദിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കര്‍ ഭൂമിയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇരുവശത്തുമായി നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്നത്. കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ചാണിത്.

 

 

 

 

 

---- facebook comment plugin here -----

Latest