Connect with us

suresh gopi

കേരളത്തിന്റെ വികസനം: സുരേഷ് ഗോപിയും വി മുരളീധരനും കൊമ്പുകോര്‍ക്കുന്നു

കേന്ദ്രത്തില്‍ നിന്നു പദ്ധതികള്‍ കൊണ്ടുവന്നത് കെ കരുണാകരനും ഒ രാജഗോപാലും മാത്രമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തോടു പ്രതികരിച്ച് മരുളീധരന്‍

Published

|

Last Updated

തിരുവനന്തപുരം | പുതുതായി കേന്ദ്രമന്ത്രിയായ നടന്‍ സുരേഷ് ഗോപിയും മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും തമ്മില്‍ കൊമ്പു കോര്‍ക്കുന്നു. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായ കാലത്ത് കേരളത്തിനു വേണ്ടി എന്തു ചെയ്തു എന്ന ചോദ്യമാണ് സുരേഷ് ഗോപി ഉന്നയിക്കുന്നത്.

കേന്ദ്രത്തില്‍ നിന്നു കേരളത്തിനു വേണ്ടി വികസനം വാങ്ങികൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു പ്രമുഖ നേതാക്കള്‍ കെ കരുണാകരനും ഒ രാജഗോപാലും മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതാണ് വി മുരളീധരന് തിരിച്ചടിയായത്. കേരളത്തെ ശത്രു പക്ഷത്തു കാണുന്ന നിലപാടാണ് വി മുരളീധരന്റേത് എന്ന വിമര്‍ശനം ഇടതുപക്ഷം നേരത്തെ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ കേന്ദ്രമന്ത്രിയായാല്‍ കേന്ദ്ര വാഴ ആയിരിക്കില്ലെന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞത്. ‘ഞാന്‍ കേന്ദ്ര വാഴ ആയിരിക്കില്ല…വടമായിരിക്കും’ എന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതും മുരളീധരനെ ചൊടിപ്പിച്ചിരുന്നു.

വികസനത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട്, താന്‍ എന്തു ചെയ്തുവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം. തൃശ്ശൂരില്‍ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപി കരുണാകരനേയും ഒ രാജഗോപാലിനേയും പുകഴ്തിയത്. ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം കെ കരുണാകരനും കേരളത്തിനായി പ്രയോജനപ്പെടുത്തി. അതിനു ശേഷം കേന്ദ്ര അധികാരം പ്രയോജനപ്പെടുത്തിയത് ഒ രാജഗോപാല്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞതോടെ വി മുരളീധരന്റെ പരാജയമാണ് തുറന്നു കാട്ടപ്പെട്ടത്. സുരേഷ് ഗോപി പറഞ്ഞതില്‍ എന്തെങ്കിലും വ്യക്തതക്കുറവ് വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ഒന്നുകൂടി ചോദിച്ചാല്‍ അദ്ദേഹം വിശദീകരിക്കുമെന്നാണ് വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സുരേഷ് ഗോപി തന്നെ സ്വന്തം പ്രസ്താവന തിരുത്തട്ടേയെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു വി മുരളീധരന്റെ പ്രതികരണം.

ആര്‍ എസ് എസുമായുള്ള ബന്ധം ഉപയോഗിച്ച് കഴിഞ്ഞ തവണ കേന്ദ്ര മന്ത്രിപദത്തില്‍ എത്തിയ വി മുരളീധരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നേരിട്ടുള്ള ബന്ധം ഉപയോഗിച്ചു കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയും തമ്മിലുള്ള വാക് പോര് ഏറ്റുമുട്ടലിലേക്കു കടക്കാതിരിക്കാന്‍ ബി ജെ പിയും ശ്രമം നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധിയെ ആധുനിക ഇന്ത്യയുടെ മാതാവെന്നു പുകഴ്തിയതടക്കം സുരേഷ് ഗോപിയുടെ വാക്കുകളും പ്രവൃത്തികളും വി മുരളീധരന്‍ അനുകൂലികള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.

Latest