Malappuram
നിലമ്പൂരിലെ വികസന മുരടിപ്പ്: പ്രക്ഷോഭവുമായി കേരള മുസ്ലിം ജമാഅത്ത്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയോടുള്ള മലപ്പുറംജില്ല പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം
നിലമ്പൂര്‍ | നിലമ്പൂരിലെ വികസന മുരടിപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സംഗമവുമായി കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മിറ്റി. ആറ് വര്‍ഷത്തിലധികമായി സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഇനിയും പണി തുടങ്ങാത്ത ചന്തക്കുന്ന ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ഇഴഞ്ഞ് നീങ്ങുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കോടതിപ്പടിയിലെ കെ.എസ് ആര്‍ ടി സി ഷോപ്പിംഗ് കോംപ്ലക്‌സ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുക, നിലമ്പൂര്‍ ജില്ലാ ആശുപത്രിയോടുള്ള മലപ്പുറംജില്ല പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേരള മുസ് ലിം ജമാഅത്ത് സോണ്‍ കമ്മിറ്റി അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ പ്രക്ഷോഭ സംഗമം നടത്തിയത്.
പീവീസ് ആര്‍ക്കേഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ പഴയ ബസ്റ്റാന്‍ഡില്‍ ധര്‍ണ്ണയോടെ സമാപിച്ചു. പ്രക്ഷോഭ സംഗമം ജില്ല സെക്രട്ടറി കെ.പി. ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു. സോണ്‍ നേതാക്കളായ സുലൈമാന്‍ ദാരിമി വല്ലപ്പുഴ, സി.എച്ച് ഹംസ സഖാഫി അക്ബര്‍ ഫൈസി മമ്പാട്, ശംസുദ്ധീന്‍ പൊട്ടിക്കല്ല്, ലത്വീഫ് ചാലിയാര്‍, അബ്ദുറശീദ് സഖാഫി വല്ലപ്പുഴ, സി കെ റശീദ് മുസ്ലിയാര്‍, പി അബ്ബാസ് ഹാജി, ടി കെ അബ്ദുല്ല കുണ്ടുതോട് നേതൃത്വം നല്‍കി.
പീവീസ് ഓഡിറ്റോറിയത്തില്‍ നടന്ന മുസ്‌ലിം ജമാഅത്ത് സോണ്‍ കൗണ്‍സില്‍ ജില്ല അധ്യക്ഷന്‍ കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സുലൈമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് സഖാഫി പൊട്ടിക്കല്ല്, ഇബ്രാഹിം സഖാഫി വടപുറം പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സമസ്ത നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്നതില്‍ ജില്ല ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.