Wayanad
വികസന മധുര സംഗമം; അപ്രതീക്ഷിത ഉദ്ഘാടകനായി പണിയ കാരണവര്‍ നായിക്കന്‍
തന്റെ എണ്‍പതു വയസ്സിനിടയില്‍ ആദ്യമായിട്ടാണ് ഒരു വേദിയില്‍ ഇരിക്കാനും വിശിഷ്ട വ്യക്തിയാവാനും അവസരം ലഭിച്ചതെന്ന് നായിക്കന്‍
വെള്ളമുണ്ട (കല്‍പറ്റ) | അപ്രതീക്ഷിതമായി ജീവിതത്തില്‍ ആദ്യമായി ഉദ്ഘാടനം ചെയ്യാനും പ്രസംഗിക്കാനും അവസരം കിട്ടിയതിന്റെ ആവേശത്തിലും ഞെട്ടലിലും ആണ് നരോക്കടവ് പണിയ കോളനിയിലെ കാരണവര്‍ എന്‍ നായിക്കന്‍. നാരോക്കടവ് കോളനി – എടത്തില്‍പ്പടി റോഡിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ പത്ത് ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സന്തോഷം പങ്കിടുവാന്‍ ഗുണഭോക്താക്കള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വികസന മധുര സംഗമത്തിലാണ് 80കാരനായ നായിക്കന്‍ ഉദ്ഘാടകനായി മാറിയത്. തന്റെ എണ്‍പതു വയസ്സിനിടയില്‍ ആദ്യമായിട്ടാണ് ഒരു വേദിയില്‍ ഇരിക്കാനും വിശിഷ്ട വ്യക്തിയാവാനും അവസരം ലഭിച്ചതെന്ന് നായിക്കന്‍ പറഞ്ഞു.
കാര്യ പരിപാടിയുടെ നോട്ടീസ് പ്രകാരം അധ്യക്ഷന്‍ ഉദ്ഘാടനത്തിനായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഡിവിഷന്‍ മെമ്പറും കൂടിയായ ജുനൈദ് കൈപ്പാണിയെ ക്ഷണിച്ചു. പ്രസംഗിക്കാന്‍ എഴുന്നേറ്റു നിന്ന ചെയര്‍മാന്‍ അപ്രതീക്ഷിതമായി നായിക്കനെ ഉല്‍ഘാടനത്തിന് ക്ഷണിക്കുകയായരിന്നു. എഴുത്തും വായനയുമൊന്നും വശമില്ലാത്ത നായിക്കന്‍ സംസാരിക്കാനുള്ള ഭയവും സഭാകമ്പവും കൊണ്ട് മുന്നോട്ട് വരാന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും മെമ്പറുടെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ തനത് വാമൊഴിയില്‍ അല്പം സംസാരിച്ച് വികസന മധുര സംഗമം ഉദ്ഘാടനം ചെയ്തു. റോഡ് നവീകരിക്കാന്‍ ഫണ്ട് വകയിരുത്തിയ ജില്ലാ പഞ്ചായത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. നായിക്കന്റെ ഉദ്ഘാടകനായുള്ള രംഗ പ്രവേശം കോളനി നിവാസികള്‍ക്കാകെ കൗതുകവും നവ്യാനുഭവവുമായി.
അതത് പ്രദേശത്തെ വികസന നേട്ടങ്ങളുടെ ഗുണഭോക്താക്കള്‍ ഒത്തുചേര്‍ന്ന് മധുരം പങ്കിട്ട് ആഘോഷിക്കുന്ന ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള, പൂര്‍ത്തിയായ ഡിവിഷനിലെ പദ്ധതികളുടെ സമര്‍പ്പണ ചടങ്ങായ ‘വികസന മധുര സംഗമം’ ഇതിനകം ശ്രദ്ധേയമായതാണ്.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മധുരം വിതരണം ചെയ്തു. ജോസ് ഐ സി, മനോജ് കെ ആര്‍, അഭിജിത് കെ, രാധമണി കെ തുടങ്ങിയവര്‍ സംസാരിച്ചു.