Kerala
ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ
പത്ത് ദിവസത്തേക്കാണ് സ്റ്റേ
കൊച്ചി | ദേവികുളം തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് ഇടക്കാല സ്റ്റേ . പത്ത് ദിവസത്തേക്കാണ് സ്റ്റേ. എ രാജക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം വേണമെന്നും, അതുവരെ എ രാജയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇടക്കാല വിധി.
ഈ വിധി നടപ്പാക്കിയിരുന്നുവെങ്കില്‍ എ രാജയുടെ നിയമസഭാംഗത്വം തന്നെ നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഗസറ്റില്‍ ഇത് നല്‍കണം. സ്പീക്കര്‍ക്കും, സര്‍ക്കാരിനും ഇത് അയക്കണം എന്നിവ ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങള്‍ക്കെല്ലാം സ്റ്റേ വന്നിരിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി എ രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നായിരുന്നു ഡി കുമാറിന്റെ വാദം. രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.