devikulam a raja
ദേവികുളം: എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിം കോടതി ഭാഗികമായി സ്റ്റേ ചെയ്തു
രാജയ്ക്ക് നിയമസഭ നടപടികളില്‍ പങ്കെടുക്കാം
ന്യൂഡല്‍ഹി| ദേവികുളം എം എല്‍ എ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിം കോടതി ഭാഗികമായി സ്റ്റേ ചെയ്തു.
എ രാജ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളില്‍ പങ്കെടുക്കാം. സഭയില്‍ വോട്ട് ചെയ്യാനും അലവന്‍സും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല.
കേസ് ഇനി ജൂലൈയില്‍ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് എതിര്‍ സ്ഥാനാര്‍ഥി ഡി കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. സ്റ്റേ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കും എന്ന രാജയുടെ വാദം അംഗീകരിച്ചാണ് കോടതി ഇളവ് നല്‍കിയത്. രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ മാസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്.