Connect with us

Kerala

കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് പാസ്; ശബരിമലയില്‍ പ്രത്യേക സംവിധാനം ഇന്ന് മുതല്‍

എരുമേലി മുതല്‍ പമ്പ വരെ 30 കിലോമീറ്റര്‍ ഓളം കാനനപാതയിലൂടെ വരുന്നവര്‍ക്കാണ് പാസ് നല്‍കുന്നത്

Published

|

Last Updated

ശബരിമല |  കാനനപാതയിലൂടെ കാല്‍നടയായി ശബരിമല ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രത്യേകം പാസ് നല്‍കാന്‍ തീരുമാനമായി. എരുമേലി മുതല്‍ പമ്പ വരെ 30 കിലോമീറ്റര്‍ ഓളം കാനനപാതയിലൂടെ വരുന്നവര്‍ക്കാണ് പാസ് നല്‍കുന്നത്. മുക്കുഴിയില്‍ നിന്ന് ലഭിക്കുന്ന എന്‍ട്രി പാസ്സുമായി പുതുശ്ശേരി താവളത്തില്‍ നിന്ന് സീല്‍ വാങ്ങി തുടര്‍ന്ന് വലിയാനവട്ടം താവളത്തില്‍ നിന്ന് എക്‌സിറ്റ് സീല്‍ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നില്‍ക്കാതെ ദര്‍ശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നല്‍കുന്നത്. ഇന്ന് മുതല്‍ പ്രത്യേക പാസ്സ് ഭക്തജനങ്ങള്‍ക്ക് ലഭ്യമാകും.

രാവിലെ മുക്കുഴിയില്‍ നടന്ന ചടങ്ങില്‍ ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഡോ അരുണ്‍ എസ് നായര്‍ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുകേഷ് എം കെ, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജയപ്രകാശ് കെ സാപ്പ് ഇ.ഡി സി ചെയര്‍മാന്‍ ജോഷി മറ്റ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest