Connect with us

Kerala

ക്ഷേത്രത്തില്‍ ഉത്സവം കൂടാനാണ് ഭക്തരെത്തുന്നത്; വിപ്ലവഗാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല

Published

|

Last Updated

കൊച്ചി | കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ഇത്തരം കാര്യങ്ങള്‍ക്കല്ല ക്ഷേത്ര പരിസരമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുറമേനിന്ന് പണം സ്വീകരിക്കാന്‍ ക്ഷേത്രാപദേശക സമിതി അനുവദിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉത്സവം കൂടാനാണ് ക്ഷേത്രത്തില്‍ ഭക്തര്‍ എത്തുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

സ്റ്റേജ്- ലൈറ്റ് സംവിധാനങ്ങള്‍ക്ക് എത്ര രൂപ ചെലവഴിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തോ എന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് അംഗീകരിക്കാനാകില്ല. പിരിച്ച പണം മുഴുവന്‍ ക്ഷേത്രത്തിന്റെ അക്കൗണ്ടില്‍ എത്തണമെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാത്തതില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ വിശദീകരണം നല്‍കണം. അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആസ്വാദകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യത്യസ്ത പാട്ടുകള്‍ അവതരിപ്പിച്ചതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വികാസ് വിശദീകരിച്ചു. ഇങ്ങനെ ഗാനം ആലപിച്ചപ്പോള്‍ തന്നെ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്രപദേശക സമിതി അധ്യക്ഷന്‍ ഭാരവാഹിയായ വ്യാപാരി വ്യവസായി ഏരിയാ കമ്മിറ്റി ആണ് പരിപാടി സ്പോണ്‍സര്‍ ചെയ്തതെന്നും പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹരജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

 

Latest