Uae
നവദമ്പതികൾക്കായി 5.4 ബില്യൺ ദിർഹം ഭവന പദ്ധതി
യുവാക്കളെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങൾക്ക് മാന്യമായ വീട് നൽകുക, മെച്ചപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.' ശൈഖ് മുഹമ്മദ്
ദുബൈ|വിവാഹിതരാവുന്ന യുവാക്കളെ പിന്തുണക്കുന്നതിന് 3,000 വീടുകളുടെ നിർമാണ പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ശനിയാഴ്ച ആരംഭിച്ച ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതാണ് 5.4 ബില്യൺ ദിർഹം ചെലവിലുള്ള ഈ പദ്ധതി.
കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ സഹായ നടപടികളിലൂടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി. “യുവാക്കളെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങൾക്ക് മാന്യമായ വീട് നൽകുക, മെച്ചപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.’ ശൈഖ് മുഹമ്മദ് പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക, ലോജിസ്റ്റിക് വെല്ലുവിളികൾ ലഘൂകരിച്ച് യുവ ഇമാറാത്തികളെ പിന്തുണക്കാൻ ശ്രമിക്കുന്ന “ദുബൈ വെഡ്ഡിംഗ്‌സ്’ സംരംഭത്തിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി മുൻഗണന നൽകും. ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാം, ദുബൈ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഇണകൾക്ക് പത്ത് ദിവസത്തെ ശമ്പളത്തോടുകൂടിയ വിവാഹ അവധിയും മാതാക്കൾക്ക് പ്രസവാവധിക്ക് ശേഷമുള്ള ആദ്യ വർഷത്തിൽ വെള്ളിയാഴ്ച റിമോട്ട് വർക്ക് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. അവരുടെ പ്രതിമാസ വരുമാനം 30,000 ദിർഹത്തിൽ കവിയുന്നില്ലെങ്കിൽ, ഭവന വായ്പകളുടെ പ്രതിമാസ പ്രീമിയം കുറഞ്ഞത് 3,333 ദിർഹമായി കുറക്കുകയും ചെയ്യും.