Editors Pick
പ്രമേഹത്തെ നിയന്ത്രിക്കാം, വ്യായാമത്തിലൂടെ
ശാസ്ത്രീയമായ രീതിയിൽ ആഹാരവും ജീവിതരീതിയും ക്രമപ്പെടുത്തുകയും ചിട്ടയായ വ്യായാമം ശീലിക്കുകയും ചെയ്താൽ ഏതൊരാൾക്കും ഈ രോഗത്തെ നിയന്ത്രിക്കാം.
ഇന്ത്യയിലെ ഏകദേശം ഏഴ് കോടിയിലധികം ജനങ്ങളെ കാർന്നു തിന്നുന്ന രോഗമാണ് പ്രമേഹം. ആദ്യകാലങ്ങളിൽ മധ്യ വയസ്‌കരിൽ കണ്ടിരുന്ന ഈ രോഗം ഇപ്പോൾ 18 വയസ്സ് ആയ ചെറുപ്പക്കാരിൽ പോലും പിടിപെടുന്നതാണ് കാണുന്നത്. ക്രമം തെറ്റിയ ജീവിത രീതിയും മാനസിക സമ്മർദ്ദവും തിരക്കുപിടിച്ച ജീവിതരീതി മൂലം വ്യായാമം ഉപേക്ഷിച്ചതുമാണ് പ്രമേഹം ഇത്തരത്തിൽ പടരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ശാസ്ത്രീയമായ രീതിയിൽ ആഹാരവും ജീവിതരീതിയും ക്രമപ്പെടുത്തുകയും ചിട്ടയായ വ്യായാമം ശീലിക്കുകയും ചെയ്താൽ ഏതൊരാൾക്കും ഈ രോഗത്തെ നിയന്ത്രിക്കാം.
വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ
- രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു.
- ഇൻസുലിൻ എന്ന ജീവഘടകത്തിന്റെ ഉത്പാദനം കൂട്ടുന്നതിന് സഹായിക്കുന്നു .
- പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന ശരീരത്തിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു.
- രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളെ അലിയിച്ചു കളഞ്ഞു ഹൃദയത്തിലേക്കും മറ്റും പ്രവഹിക്കുന്ന രക്തക്കുഴലുകളിലൂടെയുള്ള രക്തസഞ്ചാരം സുഖമമാക്കുന്നു.
- ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.
- മാനസിക പിരിമുറുക്കം പോലോത്ത പ്രശ്നങ്ങളിൽ നിന്നും മുക്തിനൽകുന്നു
- യാതൊരു പാർഷ്യഫലങ്ങളും ശരീരത്തെ ബാധിക്കുന്നില്ല.
ഫിസിയോ തൊറാപ്പി ഒരുത്തമ മരുന്ന്
പ്രമേഹ രോഗത്തിന്റെ ഭാഗമായി വരുന്ന തോൾവേദന, തരിപ്പ് മരവിപ്പ് പോലോത്ത ശാരീരിക വേദനകളെ പരമാവധി ഒതുക്കി നിർത്തുന്നതിൽ ഫിസിയോതൊറാപ്പിക്ക് പ്രധാന പങ്ക് വഹിക്കാനാകും. അത്പോലെ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ പോലോത്ത പ്രമേഹത്തിന്റെ കൂടപ്പിറപ്പുകളെ തുരത്താനും ഫിസിയോതെറാപിസ്റ് നിർദ്ദേശിക്കുന്ന വ്യായാമങ്ങൾക് കഴിയും. എന്നാൽ ശാസ്ത്രീയരീതികൾക്ക് വിപരീതമായി തോന്നുന്ന പോലെ ചെയ്യുന്ന വ്യായാമങ്ങൾ അപകടങ്ങൾ വിളിച്ചു വരുത്താനും ഗുണത്തേക്കാളേറെ ദോഷങ്ങൾക്ക് കരണമാകാനും സാധ്യത ഏറെയാണ്. അതിനാൽ ഏതൊരാളും വ്യായാമം ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വ്യായാമത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് സാധാരണഅളവിൽ നിന്ന് കൂടിയോ കുറഞ്ഞോ നിൽക്കുന്നവർ, മൂത്രത്തിൽ അമിത കീറ്റോൺ ബോഡി ഉള്ളവർ, വൃക്ക തകരാറുള്ളവർ, മാരകമായ ആസ്തമ, ബി പി, തുടങ്ങിയ രോഗങ്ങളുള്ളവർ, പ്രമേഹം മൂലം കണ്ണിന്റെ കാഴ്ച മങ്ങിയവർ പോലോത്തവർ വ്യായാമം ചെയ്യാൻ പാടുള്ളതല്ല.
- വ്യായാമം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട ഡോക്ടർമാരെ സമീപിച്ചു ശരീരത്തിന്റെ നില മനസ്സിലാക്കുകയും നല്ലൊരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വ്യായാമം തിരഞ്ഞെടുക്കുകയും ചെയ്യുക.
- വ്യായാമത്തിന് നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക. സോക്സ് ധരിക്കുക. അതുപോലെ തന്നെ വാമപ്പ്, കൂൾ ഡൌൺ തുടങ്ങിയ മുറകളും ശരീരത്തിന് ആവശ്യമാണ്. രാത്രികാലങ്ങയിൽ വ്യായാമം ചെയ്യുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
- ശരീര ഘടനയെ ബാധിക്കുന്ന അപസ്മാരം, അത്പോലെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരുന്ന അവസ്ഥ ഉള്ളവരും നല്ലവണ്ണം തടിച്ചവരും തീരെ മെലിഞ്ഞവരും വിധഗ്ധ അഭിപ്രായം തേടിയ ശേഷം മാത്രമേ വ്യായമത്തിലേക്ക് കടക്കാവൂ.
- ഇൻസുലിൻ വെച്ചവർ ഉടൻതന്നെ വ്യായാമം ചെയ്യരുത്. അഥവ ചെയ്യുകയാണെങ്കിൽ ഇൻസുലിൻ വെച്ച ശരീരഭാഗം അവസാനം വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
- വ്യായാമം ചെയ്യുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടുക, കാഴ്ച്ച കുറയുന്നതായി അനുഭവപ്പെടുക പോലോത്ത പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം ഡോക്ടർമാരെ സമീപിക്കുകയും ശരീരത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തകയും ചെയ്യുക.
- ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ഗ്ളൂക്കോസ്, മിട്ടായി പോലോത്തവ കയ്യിൽ കരുതുകയും വ്യായാമത്തിന് ഇടക്ക് നിർജലീകരണം നടക്കാൻ സാധ്യത ഉള്ളതുകൊണ്ട് ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.