Connect with us

Kerala

പ്രമേഹ രോഗ ചികിത്സ: റോഡ് മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ്

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍.

Published

|

Last Updated

തിരുവനന്തപുരം | പ്രമേഹ രോഗ ചികിത്സയില്‍ റോഡ് മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അതുകൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക.

അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ജനപങ്കാളിത്തത്തോടെയാണ് കോണ്‍ക്ലേവ് നടത്തുക. കോണ്‍ക്ലേവിനു ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യ വകുപ്പിലെ ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത്.

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക. 30 വയസ്സിനു മുകളില്‍ പ്രായമായവരിലെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ആര്‍ദ്രം ആരോഗ്യം വാര്‍ഷികാരോഗ്യ പരിശോധന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടം നടത്തി വരുന്നു. രണ്ടാം ഘട്ട സര്‍വേ പ്രകാരം 14 ശതമാനത്തോളം ആളുകള്‍ക്ക് നിലവില്‍ പ്രമേഹം ഉള്ളതായാണ് കണ്ടെത്തിയത്. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ഇതുള്‍പ്പെടെയുള്ള പഠനങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് നിര്‍ണായകമായ ഇടപെടലിന് ശ്രമിക്കുന്നത്.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് പോകും. അതിനാല്‍ അവബോധം വളരെ പ്രധാനമാണ്. പ്രീ ഡയബറ്റിക് സ്റ്റേജിലുള്ളവരെ മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും വളരെ പ്രാധാന്യമുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിനങ്ങളിലും മാതാവിനും കുഞ്ഞിനും കരുതലൊരുക്കണം. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന വൃക്ക രോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറല്‍ ന്യൂറോപ്പതി തുടങ്ങിയ സങ്കീര്‍ണതകള്‍ കൂടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കും.

ബാല്യകാലം മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനാകണം. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും രോഗ നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് ഹെല്‍ത്തി ലൈഫ് കാമ്പയിന്‍ ആരംഭിക്കുന്നതാണ്. ആരോഗ്യമുള്ള സമൂഹത്തേയും ആരോഗ്യമുള്ള കുട്ടികളേയും ലക്ഷ്യമാക്കിയുള്ള സ്‌കൂള്‍ ആരോഗ്യ പദ്ധതിയും ഉടന്‍ തന്നെ നടപ്പിലാക്കും. ഇത് കൂടാതെയാണ് പ്രമേഹ രോഗ പ്രതിരോധത്തിന് മാത്രമായി ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടര്‍, എന്‍ എച്ച് എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പങ്കെടുത്തു.

 

Latest