Health
ദക്ഷിണേന്ത്യയിലെ യുവാക്കളിൽ പ്രമേഹം വർദ്ധിക്കുന്നതായി പഠനം
10 വർഷത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രായമായവരേക്കാൾ ചെറുപ്പക്കാർക്കിടയിലാണ് ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചതെന്ന് പഠനത്തിൽ പറയുന്നു.
ചെന്നൈ | രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്ന ഒരു ക്രോണിക് മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴോ, ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്പോഴോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ടൈപ്പ് വൺ, മുതിർന്നവരിലും മറ്റും സാധാരണയായി ഉണ്ടാകുന്ന ടൈപ്പ് ടു എന്നിങ്ങനെ രണ്ടുതരം പ്രമേഹങ്ങളാണ് പ്രധാനമായും ഉള്ളത്. ഇതിൽ ടൈപ്പ് ടു പ്രമേഹം ദക്ഷിണേന്ത്യയിൽ യുവാക്കൾക്കിടയിൽ വർദ്ധിക്കുന്നതായി പുതിയ പഠനം പറയുന്നു.
ഇന്ത്യാ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനിലെ ഡോ. എ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 10 വർഷത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രായമായവരേക്കാൾ ചെറുപ്പക്കാർക്കിടയിലാണ് ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചതെന്ന് പഠനത്തിൽ പറയുന്നു. അമിതവണ്ണവും പ്രമേഹത്തിൻ്റെ കുടുംബ ചരിത്രവുമാണ് വ്യാപനത്തിൻ്റെ വർദ്ധനവിന് പ്രധാന കാരണമായി കണ്ടെത്തിയത്. 20 നും 39 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലും 40 വയസ്സിനു മുകളിലുള്ളവരിലുമാണ് പഠനം നടത്തിയത്. 2006 – 2016 കാലയളവിൽ ആയിരുന്നു പഠനം. ഇത് ജേണൽ ഓഫ് ഡയബറ്റിസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു.
ചെന്നൈ, കാഞ്ചീപുരം, പൻരുത്തി എന്നീ മൂന്ന് മേഖലകളിൽ നടത്തിയ രണ്ട് എപ്പിഡെമിയോളജിക്കൽ സർവേകളുടെ ഡാറ്റ ഉപയോഗിച്ചാണ് സംഘം വിശകലനം നടത്തിയത്. 20-39 വയസ്സിനിടയിൽ ഉള്ള 7066 പേരും 40ന് മുകളിലുള്ള 9,848 പേരും സർവ്വേയിൽ പങ്കെടുത്തു.
ഒരു ദശാബ്ദത്തിനുള്ളിൽ രണ്ട് പ്രായ വിഭാഗങ്ങളിലും പ്രമേഹത്തിൻ്റെ വ്യാപനം വർദ്ധിച്ചതായി പഠനം പറയുന്നു. യുവജനങ്ങളിൽ വെറും 4.5% മാത്രമായിരുന്ന പ്രമേഹത്തിൻ്റെ വ്യാപനം 10 വർഷത്തിനുള്ളിൽ 7.8% ആയി. 36 ശതമാനമാണ് വർദ്ധനവ്. 40 ന് മുകളിലുള്ളവരിൽ പ്രമേഹ വ്യാപനം 28.4% ൽ നിന്ന് 34% ആയി ഉയർന്നു. പ്രമേഹം ചെറുപ്പക്കാരിൽ 120 ശതമാനവും മുതിർന്നവരിൽ 150 ശതമാനവും വർദ്ധിച്ചതായും പഠനം പറയുന്നു.