Connect with us

Health

പ്രമേഹ പരിശോധന 25 വയസ് മുതല്‍ നടത്തണമെന്ന് പഠനം

'ഡയബറ്റിസ് ആന്റ് മെറ്റബോളിക് സിന്‍ഡ്രോം' എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| ഇന്ത്യയില്‍ പ്രമേഹരോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് വിദഗ്ധ സമിതിയുടെ പഠനം. ഡോ. അനൂപ് മിശ്രയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.’ഡയബറ്റിസ് ആന്റ് മെറ്റബോളിക് സിന്‍ഡ്രോം’ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം 30 വയസ് മുതലാണ് പ്രമേഹ രോഗ പരിശോധന നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 30 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ പ്രമേഹ രോഗം ക്രമാതീതമായി വര്‍ധിച്ചു വരുന്നതായാണ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനത്തില്‍ പറയുന്നത്.

പുതുതായി പ്രമേഹം കണ്ടെത്തിയ 30 വയസിന് താഴെ പ്രായമുള്ള ചെറുപ്പക്കാരില്‍ 77.6 ശതമാനം പേര്‍ക്കും അമിതവണ്ണം ഉണ്ടായിരുന്നതായി പഠനത്തില്‍ പറയുന്നു. 25 വയസ് മുതലുള്ളവരില്‍ ശരീരം മെലിഞ്ഞിരുന്നാലും കുടവയറുണ്ടെങ്കില്‍, അമിതവണ്ണമുള്ളവര്‍, അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും പ്രമേഹമുള്ളവര്‍ എന്നിവരെല്ലാം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹമുണ്ടോ എന്നു പരിശോധിച്ചിരിക്കണമെന്നും ജേര്‍ണലില്‍ പറയുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണെന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 30 വയസ്സിന് താഴെ പ്രമേഹം വരുന്നവരുടെ എണ്ണത്തിലും കേരളം മുമ്പിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

 

Latest