Health
കാഴ്ച നഷ്ടപ്പെടുത്തുന്ന ഡയബറ്റിക്ക് റെറ്റിനോപ്പതി
പ്രമേഹത്തിന്റെ സങ്കീർണമായ അവസ്ഥകളിലൊന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി
ഡയബറ്റിക് റെറ്റിനോപ്പതി പ്രമേഹത്തിന്റെ സങ്കീർണമായ അവസ്ഥകളിലൊന്നാണ്. ഇത് കണ്ണുകളെയാണ് ബാധിക്കുന്നത്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആരംഭത്തില്‍ ഇത് രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല, ചിലപ്പോൾ നേരിയ കാഴ്ച പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നല്ലാതെ. എന്നാല്‍ ക്രമേണ ഇത് കാഴ്ച പ്രശ്നങ്ങളിലേക്കും സ്ഥിരമായ അന്ധതയിലേക്കും നയിച്ചേക്കാം.
ഈ രോഗാവസ്ഥ രണ്ടു ഘട്ടങ്ങളായി തിരിക്കാം. നോൺ-പ്രൊലിഫെറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതിയെന്നാണ് (NPDR) പ്രാരംഭ ഘട്ടത്തെ വിളിക്കുന്നത്. കണ്ണിന്‍റെ രക്തക്കുഴലുകൾ തകരാറിലാവുകയും കണ്ണില്‍ രക്തസ്രാവം ഉണ്ടാകുന്നതുമാണ് ഈ ഘട്ടത്തില്‍ സംഭവിക്കുന്നത്.
പ്രൊലിഫെറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (PDR) എന്ന രണ്ടാം ഘട്ടത്തില്‍ പുതിയ, ദുർബലമായ രക്തക്കുഴലുകളുടെ വളർച്ചയും കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുമാണുള്ളത്.
കാഴ്ച മങ്ങുന്നതും വസ്തുക്കളെ രണ്ടായി കാണുന്നതുമാണ് ലക്ഷണങ്ങളിലൊന്ന്. കണ്ണ് വേദനയോ സമ്മർദ്ദമോ വരുന്നതാണ് വേറൊരു ലക്ഷണം. കണ്ണില്‍ വെളിച്ചത്തിന്‍റെ മിന്നലുകൾ കാണുന്നതും, ഫ്ലോട്ടറുകൾ എന്ന കറുത്ത പാടുകളുണ്ടാകുന്നതും, പൂര്‍ണ്ണമായോ ഭാഗികമായോ ഉള്ള കാഴ്ച നഷ്ടമാകുന്നതുമെല്ലാം ഇതുകൊണ്ടാണ്.
എന്താണ് രോഗകാരണങ്ങള്‍?
ദീര്‍ഘനാളായി തുടരുന്ന പ്രമേഹം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, കൂടിയ രക്തസമ്മർദ്ദം , ഉയര്‍ന്ന
കൊളസ്ട്രോൾ , കൂടിയ പുകവലി ഇതെല്ലാം ഡയബറ്റിക്ക് റെറ്റിനോപതിയുടെ കാരണങ്ങളാണ്.
ചികിത്സ
ലേസർ ഫോട്ടോകോഗുലേഷനിലൂടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന രക്തക്കുഴലുകളുടെ വളർച്ച തടയുകയും രക്തസ്രാവം കുറയ്ക്കുകയും ചെയ്യുന്നതാണ് ചികിത്സകളിലൊന്ന്. കണ്ണിൽ നിന്ന് രക്തവും പാടുകളും നീക്കം ചെയ്യുന്ന വിട്രെക്ടമിയാണ് വേറൊന്ന്. ആൻ്റി-വിഇജിഎഫ് കുത്തിവയ്പ്പുകളിലൂടേയും രക്തക്കുഴലുകളുടെ വളർച്ചയും രക്തസ്രാവവും കുറയ്ക്കാം. മറ്റൊന്ന് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണമാണ്. ഇതിലൂടെ രോഗത്തിൻ്റെ തീവ്രത മന്ദഗതിയിലാക്കാന്‍ കഴിയും.
പ്രതിരോധം
ഇനി , ഡയബറ്റിക് റെറ്റിനോപ്പതിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം. കൃത്യമായ സമയത്തുള്ള നേത്ര പരിശോധന , കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ പഞ്ചസാര പരിശോധിച്ച് നിയന്ത്രിക്കുക , രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുക, പുകവലി പൂര്‍ണ്ണമായി ഉപേക്ഷിക്കുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക എന്നിവയാണ് രോഗപ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍.
നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ കാഴ്ച നഷ്ടപ്പെടുന്നത് തടയാം. പ്രമേഹം ഗൗരവതരമായ അവസ്ഥയാണെന്ന ബോധ്യം പ്രധാനമാണ്. കൃത്യമായി നിരീക്ഷിച്ചും നിയന്ത്രിച്ചും കണ്ണുകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക . ഡയബറ്റിക്ക് റെറ്റിനോപ്പതിയെ ചെറുക്കാന്‍ അതേ മാര്‍ഗമുള്ളൂ.