National
ഏകാധിപത്യം അനുവദിക്കില്ല; പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം
പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്‌പെന്റ് ചെയ്ത ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.
ന്യൂഡല്‍ഹി| പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം ശക്തം. 92 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തിലും മറ്റുളള എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായി പ്രതിഷേധിക്കുകയാണ്.
പോസ്റ്ററുകളുമായെത്തിയാണ് ലോക്‌സഭയില്‍ എംപിമാരുടെ പ്രതിഷേധം. ഇതെന്താണ് ഏതാധിപത്യമോ? ഏകാധിപത്യം അനുവദിക്കില്ല. സഭയില്‍ മറുപടി പറയാന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സഭ നടപടികളോട് പ്രതിപക്ഷം സഹകരികരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്‌പെന്റ് ചെയ്ത ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിലും പുറത്തും പ്രതിഷേധിക്കുകയാണ്.
അതേസമയം, പാര്‍ലമെന്റ് അതിക്രമത്തെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഇത് അതിക്രമത്തെക്കാള്‍ ഗൗരവതരമെന്നായിരുന്നു പ്രതിഷേധത്തെ കുറിച്ച് നരേന്ദ്ര മോദിയുടെ പ്രതികരണം.