ബി ജെ പി പുനസ്സംഘടനക്കു ശേഷം നടന്ന ആദ്യ സംസ്ഥാന നേതൃയോഗത്തില്‍ നിന്നു വിട്ടുനിന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടിക്ക് വിധേയമാക്കാന്‍ നീക്കം.
നേരത്തെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയ ശോഭാ സുരേന്ദ്രനെ നേതൃയോഗത്തില്‍ നിന്നു വിട്ടുനിന്നതിന്റെ പേരില്‍ സംഘടനാ നടപടിക്കു വിധേയമാക്കി സമ്പൂര്‍ണമായി ഒതുക്കുകയാണു ലക്ഷ്യം.
ബിജെപി സംസ്ഥാന നേതൃത്വത്തിലെ പുനസംഘടനയെച്ചൊല്ലിയുള്ള പോരിന്റെ ഭാഗമായി പി കെ കൃഷ്ണദാസ് പക്ഷത്തെ ജന. സെക്രട്ടറി എം ടി രമേശും വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനും കോര്‍ കമ്മിറ്റി യോഗത്തിലും നേതൃയോഗത്തിലും പങ്കെടുത്തിരുന്നില്ല. ഇവര്‍ക്കൊപ്പമാണ് ഒരു ഗ്രൂപ്പിലുമില്ലാത്ത ശോഭാ സുരേന്ദ്രനും വിട്ടുനിന്നത്.
വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച പി കെ കൃഷ്ണദാസിനെ ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് അനുനയിപ്പിച്ച് യോഗത്തിനെത്തിച്ചിരുന്നു. യോഗത്തിന് എത്താത്തത് അച്ചടക്ക ലംഘനമായി കണക്കാക്കി ശോഭാ സുരേന്ദ്രനു പാര്‍ട്ടിയിലുള്ള പ്രാധാന്യം കുറച്ചുകൊണ്ടുവരാനുള്ള നീക്കമാണു നടക്കുന്നത്.യോഗത്തില്‍ പങ്കെടുക്കാത്ത മറ്റു ഗ്രൂപ്പ് നേതാക്കളുടെ പ്രവൃത്തി അവധിയായി കണക്കാക്കാനും ശോഭയുടെ തീരുമാനം ആസൂത്രിതവും അച്ചടക്ക ലംഘനവുമായി വ്യാഖ്യാനിക്കാനുമാണു ശ്രമം നടക്കുന്നത്.
---- facebook comment plugin here -----