france flag colour change
അറിഞ്ഞില്ല, പറഞ്ഞില്ല; ഫ്രാന്‍സില്‍ ദേശീയ പതാകയുടെ നിറം മാറ്റിയത് ശ്രദ്ധിക്കാതെ പോയത് ഒരു വര്‍ഷത്തില്‍ ഏറെ
ഫ്രാന്‍സിന്റെ ഗതകാലത്തെ ഓര്‍മ്മിപ്പിക്കാനായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാറ്റമാണ് ഇപ്പോഴത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്
പാരീസ് | ഫ്രാന്‍സില്‍ ദേശീയ പതാകയുടെ നിറം മാറ്റിയിട്ട് ആരും അത് ശ്രദ്ധിക്കാതെ പോയത് ഒരു വര്‍ഷത്തിലേറെ. 2020 ജൂലായില്‍ ഫ്രാന്‍സിന്റെ മാറ്റിയ പതാകയുടെ നിറ വ്യത്യാസം ശ്രദ്ധയില്‍പ്പെടത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടു വന്നതോടെയാണ്. രാജ്യത്തിന്റെ നീല, വെള്ള, ചുവപ്പ് നിറങ്ങള്‍ അടങ്ങിയ പതാകയില്‍ ഇളം നീല നിറത്തിന് പകരം കടും നീല നിറമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
1976 ന് മുമ്പ് രാജ്യം ഉപയോഗിച്ചിരുന്ന പതാകയുടെ നിറത്തിലേക്ക് മടങ്ങാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് ഫ്രഞ്ച് വാര്‍ത്താ മാധ്യമമായ സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ പാതകയോട് സാദൃശ്യം തോന്നാന്‍ 1976 ല്‍ അന്നത്തെ പ്രസിഡന്റ് വലേറി ഗിസ്‌കാര്‍ ഡി ഈസ്റ്റിംഗ് നിറം മാറ്റുകയായിരുന്നു. ഫ്രാന്‍സിന്റെ ഗതകാലത്തെ ഓര്‍മ്മിപ്പിക്കാനായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാറ്റമാണ് ഇപ്പോഴത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ച് വിപ്ലവത്തിലും രണ്ട് ലോകമഹായുദ്ധങ്ങളിലും രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടി മുന്നില്‍ നിന്ന യോദ്ധാക്കളുടെ ഓര്‍മ്മക്കായാണ് ഈ നിറം മാറ്റം എന്നാണ് പരക്കെ സ്വീകാര്യം ലഭിച്ച നിറം മാറ്റത്തിനുള്ള ഒരു സാധൂകരണം.
എന്നാല്‍ നിറം മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് ഫ്രഞ്ച് മാധ്യമമായ യൂറോപ്പ് വണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ പ്രസിഡന്റിന്റെ വസതിയില്‍ മാറിയ നിറമുള്ള പതാക ഉയര്‍ത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചടങ്ങുകളോ നിര്‍ദ്ദേശങ്ങളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1976 ല്‍ ഇളം നീല നിറത്തിലേക്ക് രാജ്യത്തിന്റെ പതാകയുടെ നിറം മാറിയിരുന്നെങ്കിലും നാവിക സേനയോ മറ്റ് ഔദ്യോഗിക സേനകളോ ഈ മാറിയ പതാകള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് ബി ബി സി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.