Connect with us

Editors Pick

അരളിപ്പൂവ് കഴിച്ചാണോ പെൺകുട്ടി മരിച്ചത്? അരളി അപകടകരമോ?

കാണാൻ സുന്ദരിയായ പൂവ് ആയതുകൊണ്ട് തന്നെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അരളി പറിച്ചെടുത്ത് കയ്യിൽ വയ്ക്കാറുണ്ട്. പറിക്കുന്നതും ഓമനിക്കുന്നതും ഒക്കെ കൊള്ളാം, പക്ഷേ വായിൽ എത്താതെ സൂക്ഷിക്കണം ഈ പൂവ്. കാരണം ഈ പൂവ് വയറ്റിൽ എത്തിയാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാന്‍ സാധ്യതയുണ്ട്.

Published

|

Last Updated

റിയാതെ അരളിപ്പൂവ് കഴിച്ച് പെൺകുട്ടി മരിച്ചു എന്ന വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചർച്ചയായി കൊണ്ടിരിക്കുന്നത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ ആണ് മരിച്ചത്. മെഡിക്കൽ പഠനത്തിനായി യു കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോൺ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ ഏതോ ചെടിയുടെ ഇലയും പൂവും വായിലിട്ടിരുന്നുവത്രെ. പെട്ടെന്ന് തുപ്പിക്കളഞ്ഞെങ്കിലും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പെൺകുട്ടിക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യ കഴിച്ചത് അരളിപ്പൂവാണെന്ന് അറിഞ്ഞതോടെയാണ് അരളിപ്പൂവിന്റെ അപകടം സംബന്ധിച്ച ചർച്ചകൾ സജീവമായത്. വീട്ടുമുറ്റത്ത് പലനിറങ്ങളിൽ അലങ്കാര ചെടിയായി നമ്മൾ വച്ചു പിടിപ്പിക്കുന്ന അരളി അത്രയ്ക്ക് അപകടകാരിയാണോ?.

വീട്ടുമുറ്റത്ത് മാത്രമല്ല റോഡ് അരികിലും അമ്പലങ്ങളിലും എല്ലാം സുപരിചിതമായ പൂവാണ് അരളി. നിത്യഹരിതമായി വളരുകയും വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാകുകയും ചെയ്യുന്ന അരളിയുടെ ശാസ്ത്രീയ നാമം നിരിയം ഒലിയാണ്ടര്‍ എന്നാണ്. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാരനിറമാണ്‌. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു.

കാണാൻ സുന്ദരിയായ പൂവ് ആയതുകൊണ്ട് തന്നെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അരളി പറിച്ചെടുത്ത് കയ്യിൽ വയ്ക്കാറുണ്ട്. പറിക്കുന്നതും ഓമനിക്കുന്നതും ഒക്കെ കൊള്ളാം, പക്ഷേ വായിൽ എത്താതെ സൂക്ഷിക്കണം ഈ പൂവ്. കാരണം ഈ പൂവ് വയറ്റിൽ എത്തിയാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാന്‍ സാധ്യതയുണ്ട്.

വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് വിഷലിപ്തമായ അരളി വളരുന്നത്. അരളിയിൽ വിഷമുണ്ടെന്നത് പുതിയ വിവരമല്ല. കാലാകാലങ്ങളായി ഇലയും പൂവും തണ്ടും വേരുമടക്കം സമൂലം വിഷമയമാണ് അരളി. ഈ പൂവിൽ അടങ്ങിയിരിക്കുന്ന വിഷം വയറ്റിൽ എത്തിയാൽ ആദ്യം അത് ഹൃദയാഘാതം ഉണ്ടാക്കും എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചിലപ്പോഴൊക്കെ ചർദ്ദി തലകറക്കം പോലെയുള്ളവ അരളി വയറ്റിൽ എത്തിയാൽ അനുഭവപ്പെടാം എന്നും പറയുന്നു.

ഇതിന് കാരണമായി വിദഗ്ധർ പറയുന്നത് അരളിയിൽ ഒലിയാൻഡ്രിൻ (Oleandrin), ഒലെൻഡ്രിജെനിൻ (Oleandrigenin) എന്നീ കൊടിയ വിഷങ്ങൾ അടങ്ങിയിരിക്കുന്നുവെന്നാണ്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.

ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിലും അരളി പൂജയ്ക്ക് ഉപയോഗിക്കുന്നുണ്ട് ക്ഷേത്രങ്ങളിൽ അരളി ഉപയോഗിക്കണോ എന്ന കാര്യത്തിൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്.

സൂര്യയുടെ മരണത്തിനിടയാക്കിയത് അരളി തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. താൻ അരളിപ്പൂവ് കഴിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു. പോസ്റ്റ് മോർട്ടം റിപോർട്ടിൽ ഹൃദയസ്തംഭനമാണ് സൂര്യയുടെ മരണ കാരണമായി പറയുന്നത്. അതുകൊണ്ട് തന്നെ സൂര്യയുടെ മരണത്തിലേക്ക് നയിച്ച കാരണം അരളിയാണെന്ന സംശയം തള്ളിക്കളയാനുമാകില്ല.

Latest