Editors Pick
പേജറുകൾ പൊട്ടിത്തെറിക്കാൻ മൊസ്സാദ് ഉപയോഗിച്ചത് 'തെർമൽ റൺ എവേ' സംവിധാനമോ?; മൊബെലും സുരക്ഷിതമല്ല
ബാറ്ററിയിലെ താപനില പെട്ടെന്ന് അമിതമായി ഉയരുകയും അതുവഴി സിസ്റ്റം പരാജയം, തീപ്പിടുത്തം അല്ലെങ്കിൽ സ്ഫോടനം എന്നിവക്ക് കാരണമാകുകയും ചെയ്യുന്നതിനെയാണ് തെർമൽ റൺ എവെ എന്ന് വിളിക്കുന്നത്.
ബെയ്റൂത്ത് | ലെബനാനിൽ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഒൻപത് പേർ മരിക്കുകയും മുവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇസ്റാഈൽ ചാര സംഘടനയായ മൊസ്സാദ് ഉപയോഗിച്ചത് ‘തെർമൽ റൺഎവേ’ എന്ന സംവിധാനമെന്ന് സംശയം. ചാര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധരെ ഉന്നയിച്ച് അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ചാണ് പേജറുകൾ പ്രവർത്തിക്കുന്നത്. ഈ സംവിധാനം ഹാക്ക് ചെയ്ത മൊസ്സാദ് അതുവഴി പേജറുകളിലേക്ക് ഒരു കോഡ് അയച്ചു. പേജറുകളുടെ ബാറ്ററി ഓവർ ഹീറ്റാകുന്ന ‘തെർമൽ റൺ എവേ’ പ്രതിഭാസത്തിന് സഹായിക്കുന്ന കോഡായിരുന്നു അതെന്നാണ് സംശയിക്കുന്നത്. ഈ കോഡ് പ്രവർത്തിച്ചതോടെ ബാറ്ററികൾ അമിതമായി ചൂടായി ഡിവൈസുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിദഗ്ധർ കരുതുന്നത്.
ബാറ്ററിയിലെ താപനില പെട്ടെന്ന് അമിതമായി ഉയരുകയും അതുവഴി സിസ്റ്റം പരാജയം, തീപ്പിടുത്തം അല്ലെങ്കിൽ സ്ഫോടനം എന്നിവക്ക് കാരണമാകുകയും ചെയ്യുന്നതിനെയാണ് തെർമൽ റൺ എവെ എന്ന് വിളിക്കുന്നത്. ബാറ്ററികളിൽ, രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന താപം വേഗത്തിൽ കുറയില്ല. തുടർച്ചയായി രാസപ്രവർത്തനങ്ങൾ നടക്കുക വഴി ഊഷ്മാവ് വർധിക്കുകയും സ്ഫോടനമോ തീപ്പിടുത്തമോ സംഭവിക്കുകയും ചെയ്യും. ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്ന ഡിവൈസുകളിലാണ് ഇത് കൂടുതലായും സംഭവിക്കുക.
സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ ഉപയോഗിക്കുന്ന വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള വിവിധ ഉപകരണങ്ങളിൽ തെർമൽ റൺഎവേ സംഭവിക്കാം. തെർമൽ റൺഎവേ തടയുന്നതിന്, താപ നിയന്ത്രണം, ഓവർചാർജ് സംരക്ഷണം, ശരിയായ വെൻ്റിലേഷൻ എന്നിവ ഉൾപ്പെടെയുള്ള ശ്രദ്ധാപൂർവ്വമായ ബാറ്ററി മാനേജ്മെൻ്റ് ആവശ്യമാണ്.
പേജറുകളെയാണ് ഇത്തവണ മൊസ്സാദ് ലക്ഷ്യമിട്ടതെങ്കിൽ ‘തെർമൽ റൺഎവേ’ സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണുകളും എളുപ്പത്തിൽ ബോംബുകളാക്കി മാറ്റാൻ സാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മൊബൈൽ ഫോണുകളിലേക്ക് ഇത്തരത്തിൽ കോഡുകൾ അയക്കുകയും ബാറ്ററികൾ തെർമൽ റൺഎവേക്ക് സാഹചര്യം ഒരുക്കുകയും ചെയ്താൽ ആയിരക്കണക്കിന് പേരെ ഒറ്റയടിക്ക് ഇല്ലാക്കാൻ സാധിക്കുന്ന മാരക ബോംബായി മൊബൈൽ ഡിവൈസുകൾ മാറും. ജൈവായുധത്തോളം ഭീഷണിയാകും ഈ സംവിധാനമെന്ന് വിദഗ്ധർ ഭയക്കുന്നു.