Connect with us

articles

ആ മിസൈലുകള്‍ ലക്ഷ്യം നേടിയോ?

എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി അമേരിക്കന്‍ പിന്തുണയുടെ ഹുങ്കില്‍ അതിര്‍ത്തി വ്യാപന ചോരക്കളി തുടരുന്ന സയണിസ്റ്റുകളെ നേരിടാനൊരുങ്ങുന്നുവെന്ന പ്രതിരോധ രാഷ്ട്രീയത്തെ എങ്ങനെ വില കുറച്ച് കാണാനാകും. അപ്പുറത്ത് ഇസ്‌റാഈലാകുമ്പോള്‍ ഇറാന് സംയമനം പാലിക്കുന്നതിന് ഒരു പരിധിയുണ്ട്.

Published

|

Last Updated

ഇറാന് ഇത്രയെങ്കിലും ചെയ്‌തേ മതിയാകൂ. തുരങ്ക സൗഹൃദത്തിന്റെ ആരോപണങ്ങള്‍ ആ രാജ്യത്തിന് മേല്‍ പലപ്പോഴും ചാര്‍ത്താറുണ്ടെങ്കിലും ഇറാന്‍ ദേശീയതയുടെ അടിത്തറ പണിതിരിക്കുന്നത് ഇസ്‌റാഈല്‍വിരുദ്ധ രാഷ്ട്രീയത്തിന്‍മേലാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാകില്ല. ഇസ്‌ലാമിക് റവല്യൂഷന്‍ എന്ന് വിളിക്കപ്പെട്ട 1979ലെ ഭരണമാറ്റത്തിന് ശേഷം അധികാരം കൈയാളിയ എല്ലാവരും സയണിസത്തെ അതിശക്തമായി വിമര്‍ശിച്ചവരാണ്. മുന്‍ പ്രസിഡന്റ് അഹ്മദി നജാദ് യു എന്‍ പൊതു സഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണമായി പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്. ഇസ്‌റാഈല്‍ കരിച്ചു കളയേണ്ട ക്യാന്‍സറാണെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളോകോസ്റ്റ് മുട്ടന്‍ കളവാണെന്നും പറഞ്ഞിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തെ ഒരു കലവറയുമില്ലാതെ സ്വാഗതം ചെയ്ത ഒരേയൊരു രാഷ്ട്ര നേതാവ് ആയത്തുല്ല ഖാംനഈയായിരുന്നു. അതിന് ശേഷം ഗസ്സയില്‍ വംശഹത്യ തുടര്‍ന്ന ഇസ്‌റാഈലിനെ അതിരൂക്ഷമായ ഭാഷയില്‍ തുറന്ന് കാണിക്കുക മാത്രമല്ല, ലബനാനിലെ ഹിസ്ബുല്ല, ഇറാഖിലെ ശിയാ ഗ്രൂപ്പുകള്‍, യമനിലെ ഹൂതികള്‍ തുടങ്ങി തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളെ ഉപയോഗിച്ച് ജൂതരാഷ്ട്രത്തിനെതിരെ പലനിലയിലുള്ള ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു ഇറാന്‍. ഹൂതികള്‍ കടലിലും ഹിസ്ബുല്ല കരയിലും ഇസ്‌റാഈല്‍ താത്പര്യങ്ങളെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. നിഴല്‍ യുദ്ധ(പ്രോക്‌സി)മെന്ന് വിളിക്കപ്പെട്ട ഈ സായുധ നീക്കങ്ങള്‍ ഇസ്‌റാഈലിനെ കൂട്ടക്കുരുതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അത്തരം ആക്രമണങ്ങള്‍ ഇസ്‌റാഈലിനെ കൂടുതല്‍ രക്തദാഹിയാക്കുകയല്ലേ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. എന്നാല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി അമേരിക്കന്‍ പിന്തുണയുടെ ഹുങ്കില്‍ അതിര്‍ത്തി വ്യാപന ചോരക്കളി തുടരുന്ന സയണിസ്റ്റുകളെ അങ്ങനെയെങ്കിലും നേരിടാനൊരുങ്ങുന്നുവെന്ന പ്രതിരോധ രാഷ്ട്രീയത്തെ എങ്ങനെ വില കുറച്ച് കാണാനാകും. അതുകൊണ്ട് അപ്പുറത്ത് ഇസ്‌റാഈലാകുമ്പോള്‍ ഇറാന് സംയമനം പാലിക്കുന്നതിന് ഒരു പരിധിയുണ്ട്. യുദ്ധവ്യാപനം ഒഴിവാക്കാനായി പക്വമതിയാകുന്നുവെന്ന വിശദീകരണം ആദ്യം തള്ളിക്കളയുക ഇറാനിലെ ജനങ്ങള്‍ തന്നെയാണ്.

മതിയായ കാരണങ്ങള്‍
പ്രതീകാത്മകമായെങ്കിലും ഇസ്‌റാഈലിനെ ആറ് മാസത്തിനിടെ രണ്ടാമതും നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ തയ്യാറായതിന് പിന്നില്‍ പ്രധാനമായും നാല് കാരണങ്ങളുണ്ട്. ദമസ്‌കസിലെ ഇറാന്‍ എംബസിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണം തന്നെയാണ് ഒന്നാമത്തേത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അത്. ഒരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് ആക്രമിക്കുകയെന്നാല്‍ ആ രാജ്യത്തെ ആക്രമിച്ചുവെന്ന് തന്നെയാണ് അര്‍ഥം. എന്നുവെച്ചാല്‍ സിറിയ അല്ല ആക്രമിക്കപ്പെട്ടത്, ഇറാന്‍ തന്നെയാണ്. ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന് ഇടം വലം നോക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, പ്രതികരണം പ്രതീകാത്മക മിസൈല്‍ ആക്രമണത്തില്‍ ഒതുങ്ങി.

ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വാര്‍ത്തയെങ്കിലും അത് വെറും അപകടമായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇറാനിലെയും ലോകത്താകെയുമുള്ള മഹാഭൂരിപക്ഷം പേരും. തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയില്‍ വെച്ചാണല്ലോ ഹമാസിന്റെ ഉന്നത നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാനിലെ ഏറ്റവും ഉന്നതരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റുമുണ്ടായിട്ടും ഹനിയ്യ താമസിച്ച മുറിക്കകത്ത് സ്‌ഫോടക വസ്തുക്കളെത്തി. ഹനിയ്യയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത് മൊസാദ് ആയിരുന്നെങ്കിലും നടപ്പാക്കിയത് ഇറാനില്‍ തന്നെയുള്ള വഞ്ചകരായിരുന്നു. ആ ആഭ്യന്തര ശത്രുക്കളെയും ആത്യന്തിക ശത്രുവായ ഇസ്‌റാഈലിനെയും മുടിക്കാന്‍ മറ്റൊരു കാരണം വേണ്ടായിരുന്നു ശിയാ നേതൃത്വത്തിന്. ഹമാസിനെ അംഗീകരിക്കാനും സഹായിക്കാനും തങ്ങള്‍ മാത്രമേയുള്ളൂവെന്നും അറബ് രാജ്യങ്ങള്‍ മുട്ടിലിഴയുന്ന ഭീരുക്കളാണെന്നും പ്രചരിപ്പിക്കുന്ന ശിയാ നേതൃത്വത്തിന്റെ മിണ്ടാട്ടം മുട്ടിക്കുന്നതായിരുന്നു ഹനിയ്യ വധം. ഏറ്റവും ഒടുവില്‍ ബെയ്‌റൂത്തില്‍ ഹസന്‍ നസ്‌റുല്ലയും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ പരമോന്നത രാഷ്ട്രീയ, ആത്മീയ നേതാവായ നസ്‌റുല്ല കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മേഖലയില്‍ ശിയാ മുന്നേറ്റങ്ങളുടെ സൂത്രധാരനാണ്.

അദ്ദേഹം അധികാരമേറ്റ ശേഷം ഇസ്‌റാഈലുമായി ഹിസ്ബുല്ലയും ലബനാനും ഏറ്റുമുട്ടിയപ്പോഴെല്ലാം ജൂത രാഷ്ട്രം തോറ്റുമടങ്ങുകയാണ് ചെയ്തത്. നസ്‌റുല്ല കൊല്ലപ്പെടുകയെന്നാല്‍ ഇറാനെ സംബന്ധിച്ചിടത്തോളം ആയത്തുല്ല ഖാംനഈ കൊല്ലപ്പെട്ടതിന് സമാനമാണ്. ആ അരുംകൊലയിലും കേട്ടു, ഇറാനില്‍ നിന്നുള്ള ചാരന്‍മാരുടെ കഥകള്‍. നസ്‌റുല്ല ഭൂഗര്‍ഭ അറയിലുണ്ടെന്ന് ഒറ്റിക്കൊടുത്തത് ഇറാന്‍ സൈന്യത്തിലെ ഉന്നതരാണെന്ന് പറഞ്ഞത് സാക്ഷാല്‍ അഹ്മദി നജാദാണ്. അത്തരമൊരു കൊലപാതകത്തിന് പിറകെയും സംയമനം പറഞ്ഞു കൊണ്ടിരുന്നാല്‍ ഇറാന്റെ സൈനിക ശേഷി വട്ടപ്പൂജ്യമാണെന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കപ്പെടുമെന്ന് ശിയാ നേതൃത്വത്തിന് നന്നായറിയാം. ഇനിയും ഈ ഗതി തുടര്‍ന്നാല്‍ ഇറാനെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന ഹിസ്ബുല്ലയടക്കമുള്ള ഗ്രൂപ്പുകള്‍ ചരിത്രത്തെ ചവറ്റുകൊട്ടയിലെറിഞ്ഞ് പിരിഞ്ഞു പോകുമെന്നും ഖാംനഈ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇസ്‌റാഈലിനെതിരെ ഒരിക്കല്‍ കൂടി പ്രത്യക്ഷ ആക്രമണത്തിന് ഇറാന്‍ സന്നദ്ധമായത്.

ഏപ്രിലല്ല ഒക്‌ടോബര്‍
200 മിസൈലുകള്‍ ഇസ്‌റാഈല്‍ പ്രദേശങ്ങളെ ലക്ഷ്യമാക്കി അയച്ചുവെന്നാണ് സ്ഥിരീകരിച്ച റിപോര്‍ട്ടുകള്‍. എട്ട് പേരുടെ മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണം തത്കാലം നിര്‍ത്തുന്നുവെന്നാണ് ഇറാന്‍ ഒടുവില്‍ വ്യക്തമാക്കിയത്. ഇസ്‌റാഈലിന്റെ പ്രതികരണം നോക്കി മാത്രമേ ഭാവി തീരുമാനിക്കൂവെന്നും ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ് നേതൃത്വം വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ആക്രമണത്തേക്കാള്‍ കൃത്യത ഇത്തവണയുണ്ടായിരുന്നു. സയണിസ്റ്റ് രാജ്യത്തിന്റെ ലോകോത്തരമെന്ന് വിശേഷിപ്പിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെ അപ്രസക്തമാക്കി കൂടുതല്‍ മിസൈലുകള്‍ ഇറാന്‍ നിശ്ചയിച്ച ലക്ഷ്യത്തില്‍ പതിച്ചു. ഇത്തവണത്തെ ആക്രമണത്തിന് കൂടുതല്‍ സാങ്കേതികത്തികവുണ്ടായിരുന്നു. ട്രൂ പ്രോമിസ് 1 (വഅ്ദ സ്വാദിഖ്) എന്ന് വിളിക്കപ്പെട്ട, ആറ് മാസം മുമ്പത്തെ ആക്രമണത്തില്‍ സാധാരണ ഡ്രോണുകളും മിസൈലുകളുമായിരുന്നു പ്രയോഗിച്ചത്. ഇത്തവണത്തെ (ട്രൂ പ്രോമിസ് 2) ആക്രമണത്തില്‍ ഹൈപര്‍ സോണിക് മിസൈലുകള്‍ തന്നെ പ്രയോഗിച്ചുവെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടുവെന്ന് ഇറാന്‍ സൈന്യം അവകാശപ്പെടുകയും ചെയ്യുന്നു. നേരത്തേ ഒറ്റപ്പെട്ട പ്രദേശങ്ങളിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ ആണ് മിസൈല്‍ പതിച്ചതെങ്കില്‍ ഇത്തവണ തെല്‍ അവീവിലെ ജനവാസ കേന്ദ്രങ്ങളില്‍ തന്നെ മിസൈലുകള്‍ തീ തുപ്പി.

അതുകൊണ്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെറുതെയിരിക്കില്ല. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞതില്‍ ഒരു കുറ്റബോധവുമില്ലാത്ത നെതന്യാഹു ആരാധകര്‍ “അയ്യോ ഇസ്‌റാഈല്‍ അപകടത്തില്‍’ എന്ന നിലവിളി തുടങ്ങിയിട്ടുണ്ട്. ജൂത രാഷ്ട്രത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വന്നിരിക്കുന്നു. ഫുള്ളി, ഫുള്ളി എന്ന് രണ്ട് തവണ മൊഴിഞ്ഞാണ് തന്റെ സയണിസ്റ്റ് ദാസ്യം ബൈഡന്‍ പ്രഖ്യാപിച്ചത്. (മേക് നോ മിസ്റ്റേക്. യു എസ് ഈസ് ഫുള്ളി, ഫുള്ളി സപോര്‍ട്ടീവ് ഓഫ് ഇസ്‌റാഈല്‍). ഇറാന്റെ റിഫൈനറുകളും അനുബന്ധ സംവിധാനങ്ങളുമാകും നെതന്യാഹു ആക്രമിക്കുക. ഉന്നത നേതൃത്വത്തെയും ലക്ഷ്യമിട്ടേക്കാം. ഇത്തരമൊരു അടി കൊടുത്തുവെന്ന് ഉറപ്പ് വരുത്തിയ ശേഷം അടങ്ങാന്‍ അമേരിക്ക നിര്‍ദേശിക്കും. യുദ്ധം പരക്കുന്നതിന് ബൈഡനും താത്പര്യമില്ല. നവംബറില്‍ അവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ. ഹിസ്ബുല്ല പോലുള്ള സായുധ സംഘങ്ങള്‍ കൂടുതല്‍ രൂക്ഷമായി ഇസ്‌റാഈലിനെ ആക്രമിക്കും. എണ്ണ വിലയില്‍ പ്രതിഫലിക്കുന്ന യുദ്ധഭീതി ആഗോള സാമ്പത്തിക മാന്ദ്യത്തിന് നാന്ദി കുറിച്ചേക്കാം.
ഇറാന്‍ വേണം

ഇറാന്‍ യുദ്ധത്തിലേക്ക് എടുത്തുചാടണമെന്ന് ആരും പറയില്ല. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി ശിഥിലമായിക്കൊണ്ടിരിക്കുമ്പോള്‍ കെട്ടുറപ്പോടെ നിലനിന്ന് സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് ഊര്‍ജം പകരുന്നുവെന്നത് ഇറാന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. എണ്ണ സമ്പന്നമായ ഈ രാഷ്ട്രം പെട്രോ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നു. അമേരിക്കന്‍ ഉപരോധത്തിന്റെ വാള്‍ ചുഴറ്റലില്‍ പകച്ച് പോകുന്നവര്‍ക്ക് ഇറാന്‍ ആത്മവിശ്വാസം പകരുന്നു. ചൈനയും റഷ്യയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ബദല്‍ ചേരിയില്‍ സജീവ സാന്നിധ്യമാണ് ഈ രാഷ്ട്രം. ഇന്ത്യയുമായി പുലര്‍ത്തുന്ന സൗഹൃദം ഏഷ്യയിലാകെ ചലനമുണ്ടാക്കുന്നു. ഇസ്‌റാഈലിനെതിരെ ഏറ്റവും ശക്തമായി നിലകൊള്ളുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ കഴിഞ്ഞ നാലര പതിറ്റാണ്ടു കൊണ്ട് ഇറാന് സാധിച്ചിട്ടുണ്ട്. ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച കോലാഹലങ്ങളും ആശങ്കകളും ഒരു രാജ്യത്തിന്റെ സ്വയം നിര്‍ണയാവകാശം എത്രത്തോളമെന്ന വലിയ ചോദ്യമാണ് ലോകത്തിന് മുമ്പില്‍ വെച്ചത്.

എന്നാല്‍ ഈ തിളക്കങ്ങളെയാകെ അപ്രസക്തമാക്കുന്ന, കുടുസ്സായ ശിയാ താത്പര്യങ്ങള്‍ ഇറാനിലുടനീളം കാണാനാകും. അതുകൊണ്ടാണ് 1979ലെ വിപ്ലവത്തെ ഇസ്‌ലാമിക് വിപ്ലവമെന്ന് തീര്‍ത്തു പറയാന്‍ പലരും മടിക്കുന്നത്. അത് ശിയാ വിപ്ലവം മാത്രമായി അധഃപതിച്ചതിന്റെയും സ്വാധീനമുറപ്പിക്കാനായി ഇറാനിയന്‍ ഭരണാധികാരികള്‍ നിരന്തരം കുത്തിത്തിരിപ്പുകള്‍ സൃഷ്ടിച്ചതിന്റെയും ചരിത്രം ഈ ഘട്ടത്തിലും ഓര്‍മിച്ചുപോയേ തീരൂ.

ഈ സംഘര്‍ഷങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഗസ്സയിലെ വംശഹത്യയാണല്ലോ. എല്ലാം ഫലസ്തീന്‍ ജനതക്കുവേണ്ടിയാണല്ലോ. പക്ഷേ, ഈ ഏറ്റുമുട്ടലുകളും ആള്‍ നാശങ്ങളും പോര്‍വിളികളുമൊന്നും ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കുന്നില്ല. അവരുടെ ഉമ്മമാര്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പിന്റെ ഇത്തിരിയിടത്തിരുന്ന് കുഞ്ഞ് നോട്ട് ബുക്കിന്റെ അവസാന താളില്‍ മാപ്പ് വരച്ചു കൊടുക്കുകയാണ്. എന്നിട്ടവര്‍ പറയുന്നു: “ഞാന്‍ മരിക്കുകയും നീ ബാക്കിയാകുകയും ചെയ്താല്‍ ഈ മാപ്പ് നോക്കി കെട്ടിടത്തില്‍ നിന്ന് പുറത്ത് കടക്കണം. ഇനിയും തകരാതിരിക്കുന്ന ആശുപത്രിയിലോ യു എന്‍ കെട്ടിടത്തിലോ അഭയം തേടണം.’

ഇസ്‌റാഈലെന്ന കൊലയാളി രാഷ്ട്രം കുഞ്ഞുങ്ങളുടെ മയ്യിത്തല്ലാതെ ഒന്നും ഗസ്സയില്‍ നേടിയിട്ടില്ല. ഹമാസിനെ അവര്‍ തകര്‍ത്തിട്ടില്ല. ഫലസ്തീന്‍ ജനത പലായനം ചെയ്ത് പോയിട്ടുമില്ല. ഈ ജാള്യം മറയ്ക്കാന്‍ നെതന്യാഹുവിന് കൂടുതല്‍ ചേതനയറ്റ ശരീരങ്ങള്‍ വേണം. യുദ്ധവ്യാപനമാണ് സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest