Connect with us

National

സീറ്റ് കിട്ടിയില്ല; മാധ്യമ ക്യാമറകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി നേതാവ് മുകേഷ് ഗോയലാണ് സീറ്റ് കിട്ടാത്ത വിഷമത്തിൽ വികാരധീനനായത്

Published

|

Last Updated

കോട്പുത്‌ലി- ബെഹ്‌റോർ (രാജസ്ഥാൻ) | സ്ഥാനാർഥി പട്ടികകൾ പുറത്ത് വരുമ്പോൾ ടിക്കറ്റ് നിഷേധിക്കപ്പെട്ടവരുടെ വിലാപങ്ങൾ പതിവാണ്. ചിലർ അത് പാർട്ടി നേതൃത്വത്തിന് മുമ്പിൽ ഒതുക്കും. മറ്റു ചിലർ അത് പരസ്യമാക്കും.

രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി നേതാവ് മുകേഷ് ഗോയലിന് വിഷമം സഹിക്കാവുന്നതിലപ്പുറമായിരുന്നു. പ്രവർത്തകർക്കും ക്യാമറക്കും മുമ്പിൽ അദ്ദേഹം പൊട്ടിക്കരഞ്ഞു. കോട്പുത്‌ലി മണ്ഡലത്തിൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. 2018ൽ മുകേഷ് ഗോയൽ മത്സരിച്ചിരുന്നുവെങ്കിലും കോൺഗ്രസ്സിന്റെ രാജേന്ദ്ര സിംഗ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

പാർട്ടി അനുയായികളുടെ യോഗത്തിലാണ് മുകേഷ് പൊട്ടിക്കരഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. ഹൻസ് രാജ് പട്ടേൽ ഗുർജാറിനെയാണ് ബി ജെ പി കോട്പുത്‌ലിയിൽ സ്ഥാനാർഥിയാക്കിയത്. സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച ബി ജെ പി നേതൃത്വം പുറത്തിറക്കിയിരുന്നു. 41 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പാർട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു പട്ടിക പുറത്ത് വിട്ടത്. നവംബർ 23ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു കമ്മീഷൻ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തീയതി നവംബർ 25ലേക്ക് മാറ്റിയിരുന്നു. അടുത്ത മാസം 23ന് നിരവധി വിവാഹചടങ്ങുകളും പൊതുപരിപാടികളും നടക്കുന്നതിനാൽ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീപാർട്ടികളും സാമൂഹിക സംഘടനകളും കമ്മീഷനെ സമീപിക്കുകയായിരുന്നു.

Latest