Kerala
ട്രെയിനിൽ ടിക്കറ്റ് ലഭിച്ചില്ല; കേരള ബാഡ്മിന്റൺ താരങ്ങളെ വിമാനത്തിൽ പറഞ്ഞയക്കും
പതിനേഴാം തീയതി മധ്യപ്രദേശിലെ നർമദപുരത്ത് വച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന ജൂനിയർ, സീനിയർ വിഭാഗത്തിലുള്ള താരങ്ങളും അധ്യാപകരും പരിശീലകരും അടങ്ങുന്ന 23 അംഗ സംഘമാണ് യാത്രാ പ്രതിസന്ധി നേരിട്ടത്.
കൊച്ചി | മധ്യപ്രദേശിൽ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന കേരള ബാഡ്മിന്റൺ താരങ്ങളുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരം കണ്ട് വിദ്യാഭ്യാസ വകുപ്പ്. ട്രെയിൻ ടിക്കറ്റ് കൺഫേം ആകാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയ 23 അംഗ സംഘത്തെ വിമാനമാർഗം ഭോപ്പാലിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു.
പതിനേഴാം തീയതി മധ്യപ്രദേശിലെ നർമദപുരത്ത് വച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന ജൂനിയർ, സീനിയർ വിഭാഗത്തിലുള്ള താരങ്ങളും അധ്യാപകരും പരിശീലകരും അടങ്ങുന്ന 23 അംഗ സംഘമാണ് യാത്രാ പ്രതിസന്ധി നേരിട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ടിക്കറ്റ് കൺഫേം ആയിട്ടില്ലെന്ന വിവരം അധികൃതർ അറിയിക്കാൻ വൈകിയത് യാത്ര മുടങ്ങാനിയടയാക്കി.
ട്രെയിനിന്റെ രണ്ട് ബോഗികൾ മാറ്റിയതിനാലാണ് ടിക്കറ്റ് പ്രശ്നം ഉണ്ടായതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, കായിക താരങ്ങളെ വിമാനത്തിൽ എത്തിക്കാൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ് വിഷയം പരിഹരിക്കുകയായിരുന്നു. കായിക താരങ്ങളുടെ വിമാന ടിക്കറ്റടക്കമുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.