National
ഒരു നിമിഷം പോലും പാഴാക്കിയില്ല, രാജ്യത്തെ രക്ഷിക്കാന്‍ പ്രചാരണത്തിനിറങ്ങി : കെജ്‌രിവാള്‍
പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യം
ന്യൂഡല്‍ഹി | സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലിലേക്ക് തിരിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം രാജ്ഘട്ടില്‍ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലും പാര്‍ട്ടി ഓഫീസിലും എത്തി. ഇവിടെ നിന്നാണ് കെജ്‌രിവാള്‍ ജയിലിലേക്ക് തിരിച്ചത്.
ഇടക്കാല ജാമ്യം ഫലവത്തായെന്നും ഒരു നിമിഷം പോലും പാഴാക്കിയില്ലെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിലെ ഒരു നിമിഷം പോലും ഞാന്‍ പാഴാക്കിയിട്ടില്ല. ഇന്ത്യ സഖ്യത്തിലെ എല്ലാവര്‍ക്ക് വേണ്ടിയും ഞാന്‍ പ്രചാരണത്തിനിറങ്ങി. ഞാന്‍ മുംബൈ, ഹരിയാന, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പോയി. രാജ്യത്തെ സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, എനിക്കെതിരെ ഒരു തെളിവും തങ്ങളുടെ പക്കലില്ലെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. അവര്‍ 500 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒരു പൈസ പോലും കണ്ടെടുത്തിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഭാര്യ സുനിത കെജ്രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട് എന്നിവരും എഎപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.