Kerala
ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്ന് ഓടയിലൂടെ ഡീസല്‍ ഒഴുകി
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു.
കോഴിക്കോട് | എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്ന് ഡീസല്‍ ചോര്‍ന്നതിനെതിരെ നാട്ടുകാരുടെ രൂക്ഷമായ പ്രതിഷേധം. പ്രദേശത്തെ ഓടകളിലൂടെ ഒഴുകിപ്പടര്‍ന്ന ഡീസല്‍ കോരപ്പുഴയിലും അഴിമുഖം വഴി കടലിലും എത്തിയതായി ആരോപണമുയര്‍ന്നു. മത്സ്യങ്ങള്‍ ചത്തുപൊന്തിയതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. പ്രശ്നം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പറയുന്നത്. വൈകീട്ട് നാലുമണിയോടെയാണ് ഡീസല്‍ ഓടയിലൂടെ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓടയില്‍ ഒഴുകിയ ഡീസര്‍ നാട്ടുകാര്‍ ബാരലില്‍ ശേഖരിച്ചു. 600 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കണക്ക്.
ടാങ്കില്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ നിറഞ്ഞാലുള്ള ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം പ്രവര്‍ത്തിക്കാത്തതിനാല്‍ കവിഞ്ഞൊഴുകിയെന്നാണ് അധികൃതര്‍ പറയുന്നത്.
പുഴയിലും കടലിലും മീനുകള്‍ ചാകുന്നുണ്ടെന്ന ആശങ്ക ഉയര്‍ന്നതോടെ ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലേക്ക് മാര്‍ച്ച് നടത്തി. മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്സും പോലീസുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.