cover story
അതിജീവനത്തിൻ്റെ ഭിന്നമുഖങ്ങൾ
അന്തിവെയിൽ ഇരുട്ടുമായി കൂടിക്കലരാൻ തുടങ്ങിയപ്പോഴേക്കും അവളുടെ ഫോൺ വന്നു. സങ്കടത്തെയോ സന്തോഷത്തെയോ വാക്കുകളാൽ പ്രസവിക്കാനുള്ള അവളുടെ തിടുക്കം എനിക്ക് ആരംഭത്തിൽ തന്നെ മനസ്സിലായി. വാക്കുകളുടെ ഗതിവേഗം തിട്ടപ്പെടുത്താൻ സാധിക്കാതെ തുടക്കമോ ഒടുക്കമോ ഇല്ലാതെ അവൾ മരണത്തെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നു. ഞാൻ വരാന്തയിലെ മരക്കസേരയിൽ അവളുടെ സ്വരവും കേട്ടുകൊണ്ട് പുറത്തേക്ക് കണ്ണുനീട്ടിയിരുന്നു.
-നോവനുഭവങ്ങളുടെ മൂന്ന് നേർസാക്ഷ്യങ്ങൾ –
ജീവൻ മുറിഞ്ഞ് മനുഷ്യരും മൃഗങ്ങളും സസ്യലതാദികളും ആയി മാറുന്ന ഈ ഭൂമിയിൽ ദുഃഖങ്ങൾക്ക് വല്ലാതെ അടിമപ്പെട്ടു പോകുന്ന ജീവി മനുഷ്യൻ ആണെന്നാണ് തോന്നുന്നത്. ഒരിക്കൽ നടക്കാവ് ഗേൾസ് ഹൈസ്കൂളിൽ നിന്നും വിദ്യാരംഗത്തിന്റെ ക്ലാസ്സെടുത്ത് കഴിഞ്ഞ് ഇറങ്ങവേ ഒരു സ്ത്രീ ഓടി വന്നു. അതി സുന്ദരിയായ അവരുടെ മുഖത്തേക്ക് ഞാൻ ഉള്ളുണർന്ന് നോക്കി നിൽക്കെ ഇടം കൈയിലെ വിയർപ്പിലലിഞ്ഞ ഫോണിലേക്ക് അവളെന്റെ ഫോൺ നമ്പർ ചോദിച്ചെഴുതിവെച്ചു. അധികം വിരിയാത്ത ചുണ്ടുകൾക്കിടയിലൂടെ ഏതാനും വാക്കുകൾ പതിയെ ജനിപ്പിച്ച് കൊണ്ട് അവൾ ചോദിച്ചു.
“ഇങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്. എപ്പഴാ സമയംണ്ടാവുക ?’ സുന്ദരി ചോദ്യചിഹ്നം പോലെ മുന്നിൽ നിന്നു.
“എപ്പോ വേണമെങ്കിലും വിളിക്കാം.’
ഞാനപ്പോഴേക്കും അതിവിദൂരമല്ലാത്ത ഒരു സംഭാഷണ രംഗം അവളുമായി സങ്കൽപ്പിച്ചു കഴിഞ്ഞിരുന്നു. അതെന്തായിരിക്കുമെന്നറിയാൻ ഇനിയും എത്ര സമയം കടന്നുപോകണം എന്നതായിരുന്നു എന്റെ ചിന്ത. ഞാൻ അവളുടെ പേര് ചോദിച്ചു. അവളുടെ പേര് അവളെക്കാൾ മൃദുലമായും സുന്ദരമായും കരിമ്പിൻ തണ്ടു പോലെ എനിക്ക് രുചിച്ചു. തൽക്കാലം സുന്ദരിക്ക് ഇഷാനി എന്ന് പേരിടാം. അന്ന് ഉച്ചക്ക് ശേഷം സ്കൂളിൽ ജനറൽ ബോഡി യോഗം ഉള്ളതു കൊണ്ട് ഇഷാനിയോട് യാത്ര പറഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു.
അന്തിവെയിൽ ഇരുട്ടുമായി കൂടിക്കലരാൻ തുടങ്ങിയപ്പോഴേക്കും അവളുടെ ഫോൺ വന്നു. സങ്കടത്തെയോ സന്തോഷത്തെയോ വാക്കുകളാൽ പ്രസവിക്കാനുള്ള അവളുടെ തിടുക്കം എനിക്ക് ആരംഭത്തിൽ തന്നെ മനസ്സിലായി. വാക്കുകളുടെ ഗതിവേഗം തിട്ടപ്പെടുത്താൻ സാധിക്കാതെ തുടക്കമോ ഒടുക്കമോ ഇല്ലാതെ അവൾ മരണത്തെക്കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വരാന്തയിലെ മരക്കസേരയിൽ അവളുടെ സ്വരവും കേട്ടുകൊണ്ട് പുറത്തേക്ക് കണ്ണുനീട്ടിയിരുന്നു. ടീച്ചർ ട്രെയിനിംഗിന് സൈക്കോളജി ഒരു ചെറിയ ബുക്ക് മാത്രമാണ് ഞാൻ പഠിച്ചത്.
ഇതുപോലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു. അനിയത്തി സൈക്കോളജിസ്റ്റ് ആയതുകൊണ്ട് മനുഷ്യരുടെ ഉന്മാദാവസ്ഥയെ പറ്റി ധാരാളം ഞാൻ കേട്ടിട്ടുണ്ടായിരുന്നു. അടുത്ത ആവശ്യം ഇഷാനിക്ക് എന്നെ കാണണം എന്നുള്ളതായിരുന്നു. എന്റെ വാക്കുകളുടെ അധ്വാനം കൊണ്ട് എന്റെടുത്ത് വന്ന മനുഷ്യനെ എനിക്ക് നിരാശപ്പെടുത്താൻ തോന്നിയില്ല. ഞാൻ കാണാമെന്ന് സമ്മതിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം ആഴ്ചയവസാനത്തിലെ ഒരു സായാഹ്നത്തിലേക്ക് അവൾ എന്നെ കാണുവാൻ വന്നു. ഒരു ബ്രൂ കോഫിയുടെ ആവി പറക്കലിൽ ഞങ്ങൾ അഭിമുഖമായി ഇരുന്നു. ആണാണോ പെണ്ണാണോ എന്ന് ഇനം തിരിയാത്ത ജീവന്റെ പൊടിപ്പ് ജനിച്ചത് മൂലം അവളുടെ ഭർത്താവും കുടുംബവും അവളെ ഉപേക്ഷിച്ചതാണ് പ്രശ്നം. പ്രാണൻ പറിഞ്ഞു പോകുന്ന പ്രശ്നത്തിന്റെ ഇങ്ങേയറ്റത്ത് നിസ്സഹായതയുടെ ആൾരൂപമായി ഞാൻ കണ്ണുനിറച്ചിരുന്നു. എനിക്ക് മറുപടിയുണ്ടായിരുന്നില്ല. മനുഷ്യൻ അനുഭവിക്കുന്ന യഥാർഥ വേദനകൾക്ക് എവിടെയാണ് പരിഹാരം ഉണ്ടാവുക എന്ന് ഞാൻ ചിന്തിച്ചു.
പ്രസവിക്കാൻ എടുത്ത വേദനയുടെ എത്രയോ അധികമായിരിക്കും ആ സ്ത്രീ ഇപ്പോൾ പേറുന്നതെന്ന് ഞാൻ ഓർത്തു. ദുഃഖം മാത്രം അനുഭവിച്ചുകൊണ്ട് സന്തോഷമില്ലാതെ ഒരാൾക്ക് എത്രകാലം ജീവിതത്തിൽ തുടർന്നു പോകാനാകും എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളെ ഞാൻ തന്നെ എന്നിൽ കുഴിച്ചുമൂടി. എല്ലാം പറഞ്ഞു കഴിഞ്ഞതിനുശേഷം എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അവളുടെ കണ്ണിലെ പ്രളയ ജലം അവസാനിച്ചിരുന്നു.
ഇഷാനിയിൽ മറ്റൊരു വ്യക്തി ഉദയം കൊള്ളുന്നതിന്റെ നിഴൽ എന്റെ കണ്ണിൽ വീണു തുടങ്ങി. “ടീച്ചറെ ഞാൻ മൂത്ത കുട്ടികളെ എല്ലാം അമ്മയെ ഏൽപ്പിച്ച് എന്റെ കുട്ടിനേം കൊണ്ട് എന്നും കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ട്രെയിൻ കയറും. കുറേ കാഴ്ചകൾ കാണും. വൈകുന്നേരം വീണ്ടും നാട്ടിൽക്ക് പോരും. ഇയ്ക്ക് പ്രാന്താണെന്ന് കുടുംബക്കാർ പറയും. പക്ഷേ, ഭ്രാന്താവാതിരിക്കാനുള്ള ചികിത്സയാ ഞാൻ നടത്തുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ.’ ഇതൊക്കെ കേട്ട് കഴിഞ്ഞ് മോനെവിടെയാ അല്ലെങ്കിൽ മോൾ എവിടെയാ എന്ന് ചോദിക്കേണ്ടതിനു പകരം എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ ഞാൻ അവളോട് വിഷമിക്കരുത് എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന് പറഞ്ഞ് എനിക്ക് സാധ്യമായ രീതിയിൽ അവളെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര പിരിഞ്ഞു.
ഇപ്പോഴും സ്റ്റാറ്റസുകളിൽ കാണാം അവരുടെ യാത്രകൾ. സ്വന്തം വിഷമങ്ങളെ വേണ്ട രീതിയിൽ പരിചരിക്കാൻ അറിയാതെ നൂറിടങ്ങളിലേക്ക് സ്വന്തം രഹസ്യങ്ങളെ പകർത്തിവെച്ച് പിന്നെ അതിന്റെ പേരിൽ ദുഃഖിച്ചു നടക്കുന്നവരെ കാണാറുണ്ട്. എന്നാൽ ഇഷാനി അവളുടെ സങ്കടങ്ങളെ വേണ്ട രീതിയിൽ ശുശ്രൂഷിക്കുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ തിരിച്ചറിവ്. “അമ്മ’ എന്നതിലെ കൂട്ടക്ഷരത്തിന്റെ ശക്തി അവൾക്ക് എന്നും തുണയാകട്ടെ.
നോവ് കാലം
എന്റെ മുറ്റത്തെ പേരമരച്ചുവട്ടിൽ കുറെ പുഴക്കല്ലുകളുണ്ട്. പ്രവൃത്തി ദിനത്തിന്റെ ഒരു ഭാരവും എന്നെ കാത്തിരിക്കുന്നില്ല എന്നാശ്വാസമുള്ള ഒരു ദിവസം കിളിയൊച്ചകൾ കേട്ട മുറ്റത്തേക്ക് ഞാൻ സന്തോഷവതിയായി ഇറങ്ങി. കാവെന്നും കാടെന്നും പറഞ്ഞ് മക്കൾ എന്നെ കളിയാക്കുന്ന കോളാമ്പി വള്ളികൾക്കുള്ളിലേക്ക് ഞാൻ തല കുത്തിച്ചു നോക്കി. രണ്ട് കല്ലൻ കുരുവികൾ കൂട് ഇളക്കി പറന്നു പോകുന്നു. അപ്പോഴാണ് മണ്ണില് കല്ലുകൾ മുഴുവൻ ചെളിപുരണ്ടുരുണ്ട് കിടക്കുന്നത് കണ്ടത്. ആ പുഴക്കല്ല് മുഴുവൻ നന്ദന ചെമ്പുകടവിൽ നിന്ന് കൊണ്ടു വന്നതാണ്. കാട്ടിലെ കനി എന്നു പറയാം. കുറെ നാൾ അവളെന്റെ വീട്ടിലായിരുന്നു. ആ കാലം മുഴുവൻ എനിക്ക് നിധി പോലെ കാത്തുവെക്കാനുള്ള നിമിഷങ്ങളാണ്.
നന്ദന ഉള്ള സമയത്ത് എന്നും രാവിലെ ഒരു കപ്പ് കാപ്പി കൊണ്ടു വന്നു തരും. ജീവിതത്തിൽ ഒരു വീണ്ടെടുക്കലിന്റെ കാലമായതുകൊണ്ട് ഞാനത് വളരെയേറെ ആസ്വദിച്ചിരുന്നു. അവധിക്ക് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോൾ അമ്മ കാപ്പിയുമായി അടുത്ത് വരുന്ന ഓർമയൊക്കെയെ എന്റെ ശേഖരണത്തിൽ ഉള്ളൂ. എന്റെ ജനറേഷനിലുള്ള സ്ത്രീകളുടെയൊക്കെ വിവാഹത്തോടെ അറ്റുപോയ പുലർകാല ആനന്ദം. എന്റെ റൂമിൽ ഞാൻ തനിച്ചാക്കപ്പെട്ട നാളുകൾ ആയിരുന്നു അത്. ഉറക്കം പിണങ്ങിനിൽക്കുന്ന രാത്രികൾ മുഴുവൻ നിലത്തുകുത്തിയിരുന്ന് ബെഡിൽ വശം ചരിഞ്ഞു കിടക്കുന്ന എന്റെ കണ്ണിൽ നോക്കി നന്ദന കഥകൾ പറയും. നിലമ്പൂർ ചോലനായ്ക്കരുടെ ഇടയിൽ നിന്നും ചെമ്പു കടവ് കോളനിയിലേക്ക് കല്യാണം കഴിച്ചു വന്നത്.
മറ്റു പല പല കഥകൾ. കഥ കേൾക്കാനുള്ള പ്രായം കഴിഞ്ഞു പോയിട്ടും ഡിപ്രഷന്റെ ആ സമയത്ത് എന്നെ പിടിച്ചുനിർത്തിയതിൽ നിഷ്കളങ്കതയുടെ ആ മുഹൂർത്തങ്ങളും ഉണ്ടായിരുന്നു. കോളനി വീടുകളിൽ ഒക്കെ ടിവി ഉണ്ടാകും. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും സീരിയലിലെ ഇംഗ്ലീഷ് ഡയലോഗടക്കം അവൾ കാണാതെ പറയുമായിരുന്നു. അവധി കഴിഞ്ഞ് കോളനിയിൽ നിന്ന് നന്ദനയെ തിരികെ കൊണ്ടുപോരുമ്പോൾ ഓരോ കെട്ട് കല്ല് അവൾ വീട്ടിലെ മുറ്റത്തേക്ക് കരുതും. നന്ദന തന്നെ അത് പാകും. അവൾ നട്ട കോളാമ്പിയും കോവലുമാണ് പേരമരത്തിൽ പടർന്നുകയറി ഇന്ന് അവളില്ലാതെ പൂത്തുലഞ്ഞു നിൽക്കുന്നത്. വല്ലാതെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമായി ഞാനത് മിക്കപ്പോഴും എന്റെ സ്റ്റാറ്റസുകളിൽ പകർത്താറുണ്ട്. ഇവിടെനിന്ന് പോയി കുറെ നാളത്തേക്ക് അവൾ ഫോൺ വിളിക്കുമായിരുന്നു. പിന്നീട് വിളികൾ തീരെ ഇല്ലാതെയായി. ഞാനെന്റെ ജീവിത തിരക്കിലേക്ക് ഒഴുകി.
കഴിഞ്ഞ നവംബറിൽ ഒരു ദിവസം നന്ദന വിളിച്ചു. കുറെ കരഞ്ഞു. ടീച്ചറമ്മയെ കാണണം എന്ന് പറഞ്ഞു. ഞാൻ ക്ലാസ്സിൽ ആയിരുന്നു എങ്കിലും ഉച്ചയ്ക്കുശേഷം ലീവെടുത്ത് അവളെ കാണാൻ പോയി. മുഷിഞ്ഞ വേഷത്തിൽ ഒരു ചുവപ്പ് ചുരിദാറുമിട്ട് വിഷാദരോഗിയെ പോലെ പുഴയുടെ തീരത്തെ ഒരു പാറക്കല്ലിൽ അവൾ ഇരുന്നിരുന്നു. എന്നെ കണ്ടപ്പോ എന്റെ കൈയും പിടിച്ച് കുറച്ചുനേരം നടന്നു. കോളനി അവസാനിക്കുന്നിടത്ത് ഒരു ലൈബ്രറിക്കരികിലായി മഞ്ഞ് വീഴാൻ തുടങ്ങുന്ന ഒരു മൺകൂന ചൂണ്ടിക്കാണിച്ചിട്ട് അവൾ പറഞ്ഞു.’
” കണ്ണൻ മരിച്ചു പോയി ടീച്ചറമ്മാ’ അവനെ സംസ്കരിച്ച സ്ഥലമാണിത് എന്ന് പറഞ്ഞു. ആ സങ്കടത്തിനിടയിലും “സംസ്കരിച്ച’ എന്ന വാക്ക് അവൾ ഉപയോഗിച്ചത് ഇപ്പോഴും എന്റെ ഓർമയിൽ നിൽക്കുന്നു. മൗനത്തിന്റെ ഇഴകൾ അൽപ്പനേരം ഞങ്ങളുടെ ഇടയിൽ കൂടുകെട്ടി. എന്റെ കൂടെപോരുന്നോ എന്നല്ലാതെ മറ്റൊന്നും എനിക്ക് അവളോട് ചോദിക്കാൻ ഇല്ലായിരുന്നു. കുട്ടിയെ ഒരു ചോദ്യ ചിഹ്നം പോലെ എന്റെ മുന്നിലേക്ക് നിർത്തി അവൾ ഒന്നും മിണ്ടാതെ നിന്നു. അന്ന് രണ്ട് മണി മുതൽ അഞ്ച് മണി വരെ ഞാൻ അവളുടെ അടുക്കൽ നിന്നു.
ഒരുകാലത്ത് എന്നെ കഥകൾ കൊണ്ട് അവൾ പുനർജീവിപ്പിച്ചതുപോലെ എനിക്ക് പകരം പറയാൻ കഥകൾ ഒന്നുമില്ലായിരുന്നു. മുഖംമൂടിയിട്ട മനുഷ്യരെ കുറിച്ചുള്ള കഥകളിൽ അവൾക്ക് താത്പര്യം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ അവളുടെ നാട്ടിലെ പുഴക്കരികിലെ മനുഷ്യരെ കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരുന്നു. പറച്ചിലിന്റെ ഇടയിൽ അവളെപ്പോഴോ പറഞ്ഞു കഞ്ചാവ് കിട്ടാതെ ദേഷ്യം വന്നപ്പോഴാണ് അവൻ ആത്മഹത്യ ചെയ്തത് എന്ന്.
പുഴക്ക് മുകളിലേക്ക് ചന്ദ്രനുദിക്കാൻ തുടങ്ങിയിരുന്നു. അവളുടെ പുഴ, അവളുടെ കാട് , അവളുടെ കണ്ണൻ. അവരുടെ ഉത്സവ ദിനങ്ങൾ, അത് വീണ്ടും അതുപോലെ തന്നെ കടന്നുവരട്ടെ എന്ന പ്രാർഥനയിൽ ഒട്ടും തീരാത്ത അവളുടെ സങ്കടത്തിൽ നിന്നും അനുവാദം ചോദിക്കാതെ അവൾക്കും എനിക്കും നഷ്ടത്തെ സമ്മാനിച്ച നവംബറിന്റെ തണുത്ത സന്ധ്യയിലേക്ക് ഞാൻ നടന്നകന്നു.
‘എരെ എരെ’
വെളുത്ത മഞ്ഞിൻ പരലുകൾ ഭൂമിയെ തണുപ്പ് പുതപ്പിക്കുന്നൊരു പ്രഭാതത്തിലാണ് അവളെ ഞാൻ പരിചയപ്പെട്ടത്. പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മുഖം. ബാല്യം അവളോട് കൂട്ടു വെട്ടിയ ഭാവം. ഫ്രീസ് ചെയ്തുവെച്ച മാംസക്കഷ്ണം പോലെ നിർവികാരത അവളുടെ മുഖത്ത് ഒട്ടിച്ചു വെച്ചിരിക്കുന്നു. വല്ല്യഛന്റെ കൈയിൽ തൂങ്ങി എന്റെ വീട്ടിലേക്കാണ് അവൾ വന്നതെങ്കിലും ദൃഷ്ടി എന്റെ മുഖത്തേക്കയക്കാൻ പ്രയാസപ്പെടുന്നതു പോലെ തോന്നി. അവളുടെ വല്ല്യഛൻ രാമൻനായരാണ് എന്റെ വീട്ടിൽ സ്ഥിരമായി പാല് തരുന്ന ആൾ. ആ ഒരു ബന്ധം വെച്ച് ഞാൻ മത്സ്യമാംസാദികൾ, പച്ചക്കറികൾ, പൂച്ചെടികൾക്കുള്ള പച്ചിലവളം വാങ്ങിപ്പിക്കൽ ഇതൊക്കെ ചെയ്തു പോന്നിരുന്നു.
ഇത് ആരുടെ മോളാ രാമേട്ടാ?
വരാന്തയിൽ നിന്നും പാൽക്കുപ്പി എടുത്ത് അതിനുള്ളിലെ വെള്ളം മുറ്റത്തെ തറയോടിലേക്ക് തൂവിക്കൊണ്ട് രാമേട്ടൻ പറഞ്ഞു.
“കമലയുടെ “പിന്നീട് എനിക്കധികമൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. വലയ്ക്കുള്ളിൽ കുരുങ്ങിയ പക്ഷി പോലെ സ്വരം തൊണ്ടക്കൂടിനുള്ളിൽ പിടഞ്ഞു. ഞാൻ രാമേട്ടനെ പരിചയപ്പെടുമ്പോൾ മുതൽ രാമേട്ടൻ കൂടുതൽ പങ്കുവെച്ച കഥാപാത്രമാണ് കമല’.
കമലയെ കുറിച്ച് പറഞ്ഞതിൽ മുഴുവൻ ഞാൻ കാണപ്പെടാതെ പോയ കമലയുടെ അവിഭാജ്യ ഘടകമാണ് മുന്നിൽ വന്ന് കൺമിഴിച്ച് നിൽക്കുന്നത് എന്നെനിക്കപ്പോൾ മനസ്സിലായി.
കേസൊക്കെ കഴിഞ്ഞോ? ഞാൻ അൽപ്പം പ്രയാസപ്പെട്ടാണ് രാമേട്ടനോട് ചോദിച്ചത്.
“നടക്കുന്നു ടീച്ചറെ’ ഇടയ്ക്ക് കുട്ടീനേം കൊണ്ട് കോടതിയിൽ പോകണം. രാമേട്ടൻ നിർത്തി.
അയാൾ കമലയെ കാണാൻ ആശുപത്രിയിലേക്ക് പോവുകയാണെന്നും മറ്റെവിടെയും മോളെ ഏൽപ്പിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ടീച്ചറിന്റെ അടുക്കൽ ഏൽപ്പിക്കുന്നത് എന്നും പറഞ്ഞു. സത്യം പറഞ്ഞാൽ ഒരു ദിവസത്തെക്കാണെങ്കിലും അവളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആ നിമിഷം എനിക്ക് ഭയം തോന്നി. എന്നാലും രണ്ട് പെൺകുട്ടികളുടെ അമ്മയാണെന്ന ഉത്തരവാദിത്വമോ അല്ലെങ്കിൽ അധ്യാപികയാണെന്ന സർട്ടിഫിക്കറ്റോ എന്തുകൊണ്ടോ ഞാൻ അവളെ ഏറ്റെടുക്കാൻ തയ്യാറായി.
രാമേട്ടൻ യാത്രയായി. ഞാൻ അവളുടെ കൈ പിടിച്ചു. എന്റെ വലതുകൈക്കുള്ളിലേക്ക് അവളുടെ കുഞ്ഞു കൈ ചേർത്ത് വെച്ച് ശൂന്യമായ വീട്ടകത്തേക്ക് നടന്നു. എന്റെ രണ്ട് കുട്ടികളും അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയിരുന്നു. കമലയെക്കുറിച്ച് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, ഞാൻ എങ്ങനെ എഴുതിയാലും ആ നൊമ്പരപ്പാടിനെ വ്യാഖ്യാനിക്കാൻ എന്റെ വാക്കുകൾ മതിയാകില്ല. കൈക്കുമ്പിളിൽ നിന്നും മണൽത്തരി ചോർന്നു പോയപോലെ രാമേട്ടന്റെ കൈയിൽ നിന്നും മാനസികരോഗ ആശുപത്രിയിലേക്ക് എത്തിച്ചേർന്നവളാണ് കമല. വിവാഹ വേളയിൽ കമലയും ഭർത്താവും ഒരുമിച്ച് എടുത്ത തീരുമാനങ്ങൾ പിന്നീട് തെറ്റിപ്പോയതാണ് കമലയുടെ ദുർവിധിക്ക് കാരണമെന്നാണ് കൈതയോല വെട്ടാൻ വരുന്ന പരുന്തി പറയുന്നത്.
കേട്ടതല്ലാതെ ഞാൻ ഒരിക്കലും കമലയെ കണ്ടിട്ടുണ്ടായിരുന്നില്ല. അകത്തെ മുറിയിൽ ഞങ്ങൾ രണ്ട് പേർ ഉണ്ടായിരുന്നിട്ടും ഒരൊറ്റപ്പെടലിന്റെ അസ്വസ്ഥത എനിക്കും അവൾക്കും ഫീൽ ചെയ്തു. അവധിക്കാലമായത് കാരണം എന്റെ ദിനചര്യകൾ ഒക്കെ വളരെ വൈകിയാണ് ഓടിത്തുടങ്ങിയിരുന്നത്. അടുക്കളയിൽ ചായ ആയിട്ടുണ്ടായിരുന്നില്ല. ഞാൻ ടിവി ഓൺ ചെയ്ത ശേഷം അവളെ സെറ്റിയിൽ ഇരുത്തി. ഒരു കപ്പ് ചായ ഉണ്ടാക്കാം എന്ന് കരുതിയാണ് അടുക്കളയിലേക്ക് പോയത്. ചായ തിളയ്ക്കുമ്പോഴും പൊടിയിടുമ്പോഴൊക്കെ എനിക്കെന്തോ വല്ലാത്ത ഭയം തോന്നി.
ഞാൻ വീണ്ടും ലിവിംഗ് റൂമിലേക്ക് ചെന്നു. അവൾ ഇരുന്നിടം ശൂന്യമാണ്. ആ ഒരു നിമിഷം ഞാൻ അനുഭവിച്ച ടെൻഷൻ ഇപ്പോഴും എനിക്ക് തർജ്ജമ ചെയ്യാൻ ആവില്ല. പേര് വിളിക്കാൻ ഞാൻ വാ തുറന്നു. എനിക്ക് അവളുടെ പേര് അറിയില്ല എന്ന സത്യം ഞാൻ അപ്പോഴാണ് ഓർത്തത്. മോളെ എന്ന് വിളിച്ചു കൊണ്ട് ഞാൻ വരാന്തയിലേക്ക് ചാടിയിറങ്ങി. നിനക്കാതെ കടന്നുവന്ന വലിയ ഭയത്തിൽ ഞാൻ ദൈവമേ എന്ന് ആഞ്ഞു വിളിച്ചു. ഭീതിയുടെ ഇരുട്ടിൽ കാഴ്ച മങ്ങി പോവാത്തത് കൊണ്ട് മാത്രം ഞാൻ അവളെ കണ്ടു. എന്റെ മുറ്റത്ത് സ്ഥിരമായി വരാറുണ്ടായിരുന്ന വാലൻ പൂച്ചയുടെ മുന്നിലാണ് അവൾ. എന്റെ വാക്കുകൾ വിരസമാവാതിരിക്കാൻ ശ്രദ്ധിച്ച് കൊണ്ട് “ഞാൻ അവളോട് മോള് അകത്തേക്ക് വാ എന്ന് പറഞ്ഞു. ഇന്നിനി ഭക്ഷണമുണ്ടാക്കേണ്ട എന്ന് കരുതി ഞാനും അവളുമൊരുമിച്ച് ഇരുന്നു. അവളൊന്നും മിണ്ടുന്നില്ല.
മോൾടെ പേരെന്താണ്?
ചുണ്ട് കൂർപ്പിച്ച് , ഉടുപ്പിലെ പൂമ്പാറ്റക്കുഞ്ഞിന്റെ മേൽ കൈ തൊട്ട് അവൾ നിലത്തേക്ക് മാത്രം നോക്കിയിരുന്നു. എന്നോട് മിണ്ടാത്ത ആരോടും സ്ഥിരമായി ചോദിക്കാൻ തയ്യാറാക്കിവെച്ച ഒരു ചോദ്യമാണ് ഞാൻ പിന്നീട് അവളോട് ചോദിച്ചത് എന്നെ ഇഷ്ടമില്ലേ മോൾക്ക്?
അവൾ ചെറുതായി മാത്രം തലയാട്ടി. ഒരുപാട് നേരത്തെ തലോടലുകൾക്കും വാത്സല്യങ്ങൾക്കും ശേഷം അവൾ എന്റെ മുഖത്തേക്ക് നോക്കിത്തുടങ്ങി. ഞാൻ കൊടുത്ത കളിപ്പാട്ടങ്ങളോട് പ്രതികരിച്ചു തുടങ്ങി.
ടീച്ചറോട് പേരു പറയ്യ്വോ? ഞാൻ വീണ്ടും ചോദിച്ചു.
വലിയ ഒരു രഹസ്യമാണ് ഞാൻ പറയാൻ പോകുന്നത് എന്ന ഭാവത്തിൽ അവൾ മുഖം നിവർത്തി.
“ന്റെ പേര് ലക്ഷ്മീന്നാണ്. പക്ഷേ ന്നെ ആരും അങ്ങനെ വിളിക്കാറില്ല. ആട്ന്ന് പോന്ന ശേഷം എന്നെ എല്ലാരും എരെ എരെ എന്നാണ് വിളിക്കാറ്.
വേദനയുടെ വയറ് പൊട്ടി ഇരച്ചു വരുന്ന മിന്നലുകൾ എന്റെ കണ്ണിനെ മാത്രമല്ല ശരീരത്തിലെ ഓരോ രോമകൂപങ്ങളെയും നനച്ചു കൊണ്ടിരുന്നു.
“ഇര’
പ്രിയ വായനക്കാരാ,
ഇരയായും നിർഭയയായും പീഡിതയായും പെൺകുട്ടികൾക്ക് പേര് വീഴുന്ന ഈ കാലത്ത് ലോകത്ത് ഏതൊരമ്മയും തന്റെ കുട്ടിക്ക് ഒരിക്കലും വന്നുചേരാൻ ആഗ്രഹിക്കാത്ത ഒരു പേര് അവൾ പറഞ്ഞപ്പോൾ അതിന്റെ അർഥ വ്യാപ്തിയും കഥയുടെ പിന്നാമ്പുറവും ഞാൻ നിങ്ങളെയും അറിയിക്കേണ്ടല്ലോ.
ഞാൻ ശ്വാസഗതി നിയന്ത്രിക്കാൻ എടുത്ത സമയത്തിനുള്ളിൽ അവൾ വീണ്ടും തുടർന്നു.
അതോണ്ട് ഞാൻ വല്യഛനോട് പറഞ്ഞു. “എന്നെ എന്റെ പേര് മാത്രം വിളിക്കുന്ന സ്കൂളിൽ ചേർത്താൽ മതീന്ന്. “ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും സ്വന്തം പേരുകൊണ്ട് മേൽവിലാസം എഴുതുന്നവളായി ജീവിക്കണമെന്ന അവളുടെ നിശ്ചയദാർഢ്യത്തിന് പിറകിൽ ദൈവത്തിന്റെ കരങ്ങൾ അല്ലാതെ മറ്റെന്താണ്.പ്രിയ ലക്ഷ്മി, നിന്റെ കഥയിൽ നിന്ന് ഇപ്പോൾ ജീവിതം തിരികെ പിടിച്ചത് ഞാൻ കൂടിയാണ്. ദൈവം എഴുതിയ കഥയിൽ ആർക്കും ഒന്നും പുതുതായി ചെയ്യാനില്ലല്ലോ. അഭിനയിച്ച് തീർക്കുക എന്നതൊഴികെ.