National
മണിപ്പൂരിലെ ദുഷ്‌കരമായ ഘട്ടം ഉടൻ അവസാനിക്കും: ജസ്റ്റിസ് ഗവായ്
മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സുപ്രീം കോടതിയിൽ നിന്നുള്ള ജഡ്ജിമാരുടെ സംഘം

ചുരാചന്ദ്പൂർ/ഇംഫാൽ (മണിപ്പൂർ) | വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിലെ ഇപ്പോഴത്തെ ദുഷ്‌കരമായ ഘട്ടം എക്‌സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി എന്നിവയുടെ സഹായത്തോടെ ഉടൻ അവസാനിക്കുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി ആർ ഗവായ്. രാജ്യം മുഴുവൻ അഭിവൃദ്ധി പ്രാപിക്കുന്നത് പോലെ ഈ സംസ്ഥാനവും അഭിവൃദ്ധി പ്രാപിക്കുമെന്നും ശനിയാഴ്ച മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരായ വിക്രം നാഥ്, എം എം സുന്ദരേശ്, കെ വി വിശ്വനാഥൻ എന്നിവരും ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നു. മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കൃഷ്ണകുമാർ, ജസ്റ്റിസ് ഗോൾമെയ് ഗൈഫുലു എന്നിവരും സുപ്രീം കോടതിയിൽ നിന്നുള്ള സംഘത്തെ അനുഗമിച്ചു.
നാനാത്വത്തിൽ ഏകത്വത്തിന്റെ യഥാർത്ഥ ഉദാഹരണമാണ് നമ്മുടെ രാജ്യം. ഇന്ത്യ നമ്മളെല്ലാവരുടെയും വീടാണ്. നിങ്ങൾ എല്ലാവരും ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം. എന്നാൽ എല്ലാവരുടെയും സഹായത്തോടെ, എക്‌സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി എന്നിവയുടെ സഹായത്തോടെ, ഈ ഘട്ടം ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിക്കും – ജസ്റ്റസ് ഗവായ് വ്യക്തമാക്കി.
നമ്മുടെ ഭരണഘടന ഒരു മഹത്തായ രേഖയാണ്. നമ്മുടെ രാജ്യത്തെ അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ ഭരണഘടന നമ്മെ ശക്തരും ഏകീകൃതരുമായി നിലനിർത്തിയിട്ടുണ്ടെന്ന് മനസ്സിലാകും. ഭരണഘടനയിൽ വിശ്വസിക്കുക… ഒരു ദിവസം മണിപ്പൂരിൽ പൂർണ്ണമായ സമാധാനം തിരിച്ചെത്തും, രാജ്യം മുഴുവൻ അഭിവൃദ്ധി പ്രാപിക്കുന്നത് പോലെ ഈ സംസ്ഥാനവും അഭിവൃദ്ധി പ്രാപിക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ സംസ്ഥാനത്തെ ജനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജസ്റ്റിസ് ഗവായ് ആഹ്വാനം ചെയ്തു. ചുരാചന്ദ്പൂർ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ സംഘം സന്ദർശനം നടത്തി. ജില്ലയിലെ ലാംകയിലെ മിനി സെക്രട്ടേറിയറ്റിൽ ഒരു നിയമ സേവന ക്യാമ്പ്, ഒരു മെഡിക്കൽ ക്യാമ്പ്, ഒരു നിയമ സഹായ ക്ലിനിക്ക് എന്നിവ പ്രതിനിധി സംഘം വെർച്വലായി ഉദ്ഘാടനം ചെയ്തു.