Connect with us

union budget 2022

ഡിജിറ്റല്‍ അങ്കണവാടികള്‍; കേരളത്തിനു ശുഭ പ്രതീക്ഷ

കേരളത്തിലെ അങ്കണവാടികള്‍ അടുത്ത കാലത്ത് സമൂലമായ പരിവര്‍ത്തനത്തിനാണു സാക്ഷ്യം വഹിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര ബജറ്റില്‍ അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുമെന്ന പ്രഖ്യാപനം കേരളത്തിലെ സുശക്തമായ അങ്കണവാടി ശൃംഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്. അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മിഷന്‍ വാത്സല്യ പദ്ധതി നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനം കേരളത്തില്‍ ശിശുവികസന രംഗത്തു നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഊര്‍ജം പകരുമെന്നാണു വിലയിരുത്തപ്പെടുന്നത്.

കേരളത്തിലെ അങ്കണവാടികള്‍ അടുത്ത കാലത്ത് സമൂലമായ പരിവര്‍ത്തനത്തിനാണു സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളില്‍ നടപ്പാക്കിവരുന്ന സമഗ്ര വികസനം, കേന്ദ്ര ബജറ്റിന്റെ പിന്‍തുണയോടെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.

തിരഞ്ഞെടുത്ത അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുന്നതിന് നിലവില്‍ സ്മാര്‍ട്ട് പദ്ധതി, റീ ബില്‍ഡ് കേരള, എന്നിവയുടെ ഫണ്ടും എം എല്‍ എ ഫണ്ടുമാണ് ഉപയോഗിക്കുന്നത്. അകത്തും പുറത്തുമായി കളിസ്ഥലം അടക്കം തീര്‍ത്തും ശിശുസൗഹൃദമായ വിശാല ക്ലാസ് മുറിയായാണു ലക്ഷമിട്ടത്. ആധുനിക അടുക്കള, ഭക്ഷണശാല, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് എന്നിവയും ഒരുക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ 133 സ്മാര്‍ട്ട് അങ്കണവാടികളാണ് ഈ വിധം മാറിയത്. സമഗ്ര ശിശുവികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി്ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2020 21ല്‍ 88 , 202122 ല്‍ 45 സ്മാര്‍ട് അങ്കണവാടികളുടെ നിര്‍മാണത്തിന് അനുമതി നല്‍കി.

രണ്ടര മുതല്‍ 10 സെന്റ് വരെയുള്ള സ്ഥലത്താണ് ഇത്തരം അങ്കണവാടികള്‍ സജ്ജമാക്കുന്നത്. 10 സെന്റിലെ കെട്ടിടത്തിനും അനുബന്ധ ചെലവിനുമായി 42,92,340 രൂപയാണ് വനിതാ ശിശു വികസന വകുപ്പു നല്‍കുന്നത്. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളുമാണ് ചെലവഴിച്ചത്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്കായി സ്‌പെഷല്‍ അങ്കണവാടികളും ഒരുക്കുന്നുണ്ട്. സാധാരണ അങ്കണവാടികളില്‍ തന്നെ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ്. വീല്‍ച്ചെയര്‍ കയറ്റാനാവുന്ന റാമ്പുണ്ടാവും. മേശ, കസേര തുടങ്ങിയവയുടെ കാര്യത്തിലെന്ന പോലെ കളിസ്ഥലങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.
സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇവിടെ ആറുമാസംമുതല്‍ ആറുവയസ്സുവരെ പ്രായമുള്ള കുട്ടികളെ പരിപാലിക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.

കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സാധ്യമായ സ്മാര്‍ട്ട് അങ്കണവാടികള്‍ എന്ന ലക്ഷ്യം വിപുലപ്പെടുന്നതിനു പ്രതീക്ഷ നല്‍കുന്നതാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest