International
സഊദി വിമാനത്താവളങ്ങളുടെ ഡിജിറ്റല്‍ വികസനം: സിറ്റയുമായി കരാറില്‍ ഒപ്പുവെച്ചു
ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ വഴി പ്രധാന മേഖലകളില്‍ തടസ്സമില്ലാതെ പ്രവേശിക്കാം

ദമാം | സഊദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ് കമ്പനി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി ദാതാവായ സിറ്റയുമായി കരാറില്‍ ഒപ്പുവെച്ചു. ബയോമെട്രിക് വെരിഫിക്കേഷനും (വിരലടയാളം) ഫേഷ്യല്‍ റെക്കഗ്നിഷനും (മുഖം തിരിച്ചറിയല്‍) കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സംവിധാനം വഴി യാത്രക്കാര്‍ക്ക് പ്രധാന മേഖലകളില്‍ തടസ്സമില്ലാതെ ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ പ്രധാന വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ സംവിധാനം വഴി രേഖകള്‍ പരിശോധിക്കാതെ തന്നെ സുരക്ഷാ ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകാന്‍ അനുവദിക്കുമെന്നതാണ് ഡിജിറ്റലൈസേഷന്റെ പ്രധാന സവിശേഷത. കൂടാതെ എ ഐ നിയന്ത്രിത സുരക്ഷ, ബാഗേജ് കൈകാര്യം ചെയ്യല്‍ സംവിധാനങ്ങളുടെ ഉപയോഗം, സ്മാര്‍ട്ട്ഫോണ്‍ സംയോജനം വഴി തത്സമയ ഫ്‌ലൈറ്റ് ട്രാക്കിംഗ്, ലഗേജ് അപ്ഡേറ്റുകലും യഥാസമയം ലഭ്യമാകും
വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുക, എയര്‍ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ നടപ്പാക്കുക, പ്രവര്‍ത്തന പ്രക്രിയകളില്‍ ഡിജിറ്റല്‍ പരിഹാരങ്ങള്‍ സ്വീകരിക്കുക, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്ന സ്മാര്‍ട്ട്, സ്‌കേലബിള്‍ സാങ്കേതികവിദ്യകള്‍ ഡിജിറ്റല്‍ പദ്ധതിയിലൂടെ നടപ്പാക്കുക എന്നിവയാണ് പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ചെങ്കടല്‍ തീരത്തെ നിയോം ബേ വിമാനത്താവളം എന്നിവിടങ്ങളില്‍ പദ്ധതി നേരത്തേ വിജയകരമായി നടപ്പിലാക്കിയതോടെയാണ് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യപിപ്പിക്കുന്നത്.