Health
ഡിജിറ്റൽ ഐ സ്‌ട്രെയിൻ; കണ്ണേ മങ്ങരുത്...
20-20-20 നിയമം (20-20-20 RULE) പാലിക്കുക. അതായത് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായി ജോലിചെയ്യുന്ന ഓരോ ഇരുപത് മിനുട്ട് ഇടവേളകളിലും ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കികൊണ്ട് ചെറിയ 'വിശ്രമം' പാലിക്കാന്‍ ശ്രമിക്കാം.
ന്യൂജൻ കാലഘട്ടം മുഴുവൻ ഡിജിറ്റലിലേക്ക് മാറുമ്പോൾ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരും ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഒരു ദിവസം മുഴുവൻ ഉപയോഗിക്കാതിരിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല.
ഡിജിറ്റൽ സ്‌ക്രീനുകള്‍ക്ക് മുന്പില്‍ വളരെയധികം സമയം ചെലവഴിക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം’ (Computer Vision Syndrome) അഥവാ ഡിജിറ്റൽ ഐ സ്‌ട്രെയിൻ (Digital Eye Strain) എന്ന് പറയുന്നത്.
ജോലിസംബന്ധമായും പഠനാവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ഒരുപാട് സമയം നമ്മള്‍ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടര്‍, മൊബൈൽ സ്‌ക്രീനുകളോടൊപ്പം ചെലവഴിക്കാറുണ്ട്. സാധാരണയായി ദിവസേന രണ്ട് മണിക്കൂറില്‍ കൂടുതല്‍ സമയം ഡിജിറ്റൽ സ്‌ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരിലാണ് ഈ രോഗം കണ്ടുവരുന്നത്.
കാരണം
കടലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നവയില്‍ നിന്നും വ്യക്തമായ അതിരുകളോടു കൂടിയതാണ്. അതിനാല്‍ കോണ്‍ട്രാസ്റ്റ് (contrast) ചെയ്ത് ഫോക്കസ് ചെയ്യാന്‍ ആയാസകരമല്ലാത്തതും ആയിരിക്കും.
പക്ഷേ, കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശ ബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മറ്റും വാക്കുകള്‍ തെളിഞ്ഞുവരുന്നത്. അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്‍ശ്വങ്ങളിലേക്ക് പോകുമ്പോള്‍ തെളിച്ചത്തിന്റെ കാഠിന്യം കുറയുന്നതുമാണ് അതിന്റെ പ്രത്യേകത. ഇതുമൂലം കണ്ണുകള്‍ക്ക് കൂടുതല്‍ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്‍ത്തനമാകും. സ്‌ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിന് ചുറ്റുമുള്ള പേശികള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കണ്ണിന് കഴപ്പും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.
മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല്‍ കുറയുന്നതാണ്. സാധാരണ ഗതിയില്‍ ഒരു മിനുട്ടില്‍ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ) വരെ നാമറിയാതെ നമ്മുടെ കണ്ണുകള്‍ ചിമ്മാറുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനേക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന് ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കുകയും തുടര്‍ന്ന് കണ്ണിന്റെ നനവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിന് പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.
ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനേക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന് ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും.
പ്രധാന ലക്ഷണങ്ങള്‍
- കണ്ണ് വേദന
- തലവേദന
- ഫോക്കസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ
- വരണ്ട കണ്ണുകൾ (Dry Eye)
- കണ്ണിനുപുകച്ചില്‍
- കണ്ണുകഴപ്പ്
- വാക്കുകള്‍ രണ്ടായി കാണുക
- കാഴ്ച്ച കുറവ്
- കഴുത്ത് വേദന, തോൾ വേദന
പ്രതിവിധികൾ
- 20-20-20 നിയമം പാലിക്കുക (20-20-20 RULE). അതായത് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായി ജോലിചെയ്യുന്ന ഓരോ ഇരുപത് മിനുട്ട് ഇടവേളകളിലും ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കികൊണ്ട് ചെറിയ “വിശ്രമം’ പാലിക്കാന്‍ ശ്രമിക്കാം.
- കണ്ണുകള്‍ ഇടക്കിടെ അടച്ചു തുറക്കുക(blinking), അത് സുഗമമാക്കാന്‍ സ്‌ക്രീന്‍ കണ്ണിന്റെ പൊക്കത്തില്‍ നിന്നും അൽപ്പം താഴ്ന്നിരിക്കുന്നത് ഉചിതമായിരിക്കും.
- ഡിജിറ്റൽ സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക.
തുടർച്ചയായി രണ്ടോ മൂന്നോ മണിക്കൂറുകൾ സ്ക്രീനുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ സ്‌ക്രീനിൽ നിന്നും വരുന്ന ബ്ലൂ റെയ്സ് കണ്ണിനെ ബാധിക്കാതിരിക്കാൻ ബ്ലൂ കട്ട് ലെൻസുകൾ വെക്കുക. - ലുബ്രിക്കേറ്റിംഗ് (TEAR SUBSTITUTES) തുള്ളിമരുന്നുകള്‍ വാങ്ങി ഓരോ തുള്ളി നാലുനേരം വെച്ചു ഒഴിക്കാവുന്നതാണ്. ഇത് ആര്‍ക്കും ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കനാകുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകളാണ്.
- കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ സ്ഥാനം നമ്മുടെ കണ്ണുകളില്‍ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാല് മുതല്‍ ആറ് ഇഞ്ച് വരെ താഴെത്തായും ക്രമീകരിക്കണം.
- കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിച്ചിട്ടും ലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ ഒരു നേത്ര രോഗ വിദഗ്ധനെ കണ്ട് കൂടുതല്‍ പരിശോധനകള്‍ നടത്തണം.