Connect with us

Kerala

ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ഥ്യത്തിലേക്ക്; 752 ആരോഗ്യ സ്ഥാപനങ്ങളില്‍ സജ്ജം

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ് എളുപ്പത്തില്‍ എടുക്കാം. 2.61 കോടി ജനങ്ങള്‍ സ്ഥിര യു എച്ച് ഐ ഡി രജിസ്‌ട്രേഷന്‍ എടുത്തു.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മൂന്ന് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, മൂന്ന് മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. മുഴുവന്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒ പി ടിക്കറ്റ്, എം-ഇ ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇ ഹെല്‍ത്ത് സേവനം നേടുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇതുവരെ 2.61 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു എച്ച് ഐ ഡി രജിസ്‌ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്ട്രേഷനിലൂടെ 8.51 കോടിയിലധികമാണ് ചികിത്സ തേടിയത്. 13.98 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 3.39 കോടിയിലധികം പ്രീ ചെക്കപ്പ്, 8.16 കോടിയിലധികം ഡയഗ്‌നോസിസ്, 5.31 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.82 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും നടത്തി.

ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒ പി ടിക്കറ്റ് എടുക്കാന്‍ കഴിയും. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇ ഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐ ഡി സൃഷ്ടിക്കും?
ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒ ടി പി വരും. ഈ ഒ ടി പി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്‌വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയിന്റ്മെന്റ് എടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്റ്മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ് എം എസ് ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാ വിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Latest