Connect with us

Kerala

ഡിജിറ്റല്‍ പഠനം; 1083 ആദിവാസി ഊരുകളില്‍ ഇന്റര്‍നെറ്റ് എത്തിച്ചു: മുഖ്യമന്ത്രി

ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് നാല് കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്

Published

|

Last Updated

കൊച്ചി |  ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണക്ടിവിറ്റി ഇല്ലാതിരുന്ന 1284 ഊരുകളില്‍ 1083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് നാല് കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളെല്ലാം ഉന്നതി എന്ന ഒറ്റ കുടക്കീഴിലാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. നൈപുണ്യ വികസനം ഉറപ്പുവരുത്തിയും തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേസമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി രാജ്യത്തിനാകെ മാതൃകയാണ്.

അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം, പ്രവൃത്തി പരിചയം എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ് പദ്ധതിയും നടപ്പാക്കുന്നു. ഈ രണ്ടു പദ്ധതികളും കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപകരിച്ചു. പിഎസ്സി വഴി പ്രത്യേക റിക്രൂട്ട്മെന്റിലൂടെ 500 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ എക്സൈസ് ഗാര്‍ഡുമാരായി 100 പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Latest