Connect with us

digital re survey

ജില്ലകളില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

ഗ്രാമസഭകള്‍ക്ക് പകരം സര്‍വേ സഭകള്‍ രൂപവത്കരിക്കും.

Published

|

Last Updated

പത്തനംതിട്ട | ജനകീയ പങ്കാളിത്തത്തോടെ എം എല്‍ എമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രണ്ടാം ഘട്ട ജില്ലാ റവന്യൂ അസംബ്ലിയുടെ മൂന്നാം ദിവസം പത്തനംതിട്ട ജില്ലയിലെ എം എല്‍ എമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മലയോര ആദിവാസി മേഖലയിലെ പട്ടയങ്ങള്‍ പരമാവധി വേഗത്തില്‍ നല്‍കി, മിച്ചഭൂമി കേസുകള്‍ പരിഹരിച്ച്, പട്ടയങ്ങള്‍ കാര്യക്ഷമമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നപരിഹാരങ്ങള്‍ക്ക് വില്ലേജുതല ജനകീയ സമിതി രൂപവത്കരിച്ച് റവന്യൂ വകുപ്പിന്റെ ഇ – സാക്ഷരത പൊതുജനങ്ങള്‍ക്ക് സഹായകരമാം വിധം വിനിയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭകള്‍ക്ക് പകരം സര്‍വേ സഭകള്‍ രൂപവത്കരിക്കും. വില്ലേജ്, താലൂക്ക് തുടങ്ങിയവ ഇ – ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഉറപ്പാക്കും. പത്തനംതിട്ട ജില്ലയിലെ റവന്യു ഓഫീസുകളെ  ഇ-ഓഫീസുകളാക്കുന്നതിനായി എം എല്‍ എ ഫണ്ടില്‍ നിന്നും പണം അനുവദിക്കാമെന്ന് എം എല്‍ എമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആര്‍ ഡി ഒ, കലക്ടറേറ്റ്, വില്ലേജ്, താലൂക്ക് ഓഫീസുകളും ഇതിനോടകം തന്നെ ഇ ഓഫീസുകളാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വില്ലേജ് ജനകീയ സമിതി രൂപവത്കരിച്ച് പത്തനംതിട്ട ജില്ലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തി പരിഹരിക്കും. റവന്യൂ ഡാഷ്‌ ബോര്‍ഡിലെ വിഷയങ്ങള്‍ പരിഹരിച്ച് ഇ- സാക്ഷരതയുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ എല്‍ ഡി എമ്മില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം എല്‍ എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ ബിജു പങ്കെടുത്തു.

Latest