dileep case
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റുണ്ടാകില്ല
പ്രോസിക്യൂഷൻ്റെ അഭ്യർഥന പ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള നടന്‍ ദിലീപിന്റെ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ്റെ അഭ്യർഥന പ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, ദിലീപിനെ ചോദ്യം ചെയ്തതിന് ശേഷമുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ ഇതിലൂടെ കോടതിക്ക് കൂടുതൽ സമയം ലഭിക്കും.
ബുധനാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തത്. കഴിഞ്ഞയാഴ്ച മുന്‍കൂര്‍ ജാമ്യം തേടിയുള്ള അപേക്ഷ ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ വെക്കാതെ ദിലീപിനെയും മറ്റ് ബന്ധുക്കളെയും മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി ലഭിച്ചത്.
ഇതുപ്രകാരം മൂന്ന് ദിവസം ആകെ 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ദിലീപിനെയും സഹോദരനെയും സഹോദരീ ഭര്‍ത്താവിനെയും ചോദ്യം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട മറ്റു ചിലരെയും ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.