National
ദില്‍സുഖ് നഗര്‍ സ്ഫോടന കേസ്; അഞ്ച് പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി
എന്‍ഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് കോടതി അപ്പീലുകള്‍ തള്ളിയത്

തെലങ്കാന| 2013ൽ 18 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹൈദരാബാദ് സ്ഫോടനക്കേസിൽ നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീനിലെ അഞ്ച് മുതിർന്ന പ്രവർത്തകർക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കെ ലക്ഷ്മണൻ, ജസ്റ്റിസ് പി ശ്രീ സുധ എന്നിവർ അടങ്ങിയ ബെഞ്ചാണ് പ്രതികളുടെ അപ്പീൽ തള്ളിയത്.
2016 ഡിസംബർ 13 ന്, ഐ.എം സഹസ്ഥാപകൻ മുഹമ്മദ് അഹമ്മദ് സിദ്ദിബാപ്പ എന്ന യാസിൻ ഭട്കൽ, പാകിസ്ഥാൻ സ്വദേശി സിയ-ഉർ-റഹ്മാൻ എന്ന വഖാസ്, അസദുല്ല അക്തർ എന്ന ഹഡ്ഡി, തഹ്സീൻ അക്തർ എന്ന മോനു, അജാസ് ഷെയ്ഖ് എന്നിവരുൾപ്പെടെ അഞ്ച് പ്രതികളെ എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നു.
നഗരത്തിലെ തിരക്കേറിയ കച്ചവട കേന്ദ്രമായ ദിൽസുഖ്‌നഗറിൽ 2013 ഫെബ്രുവരി 21 നായിരുന്നു ഇരട്ട ബോംബ് സ്ഫോടനം നടന്നത്.