Connect with us

National

അമേരിക്കയുടെ ചെമ്മീന്‍ ഇറക്കുമതി വിലക്ക് നീക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണം; കെ സി വേണുഗോപാല്‍ എംപി

അമേരിക്ക ചെമ്മീന്‍ ഇറക്കുമതി കുറച്ചത് പരമ്പരാഗത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്രപരമായ ഇടപെടല്‍ ആവശ്യമാണെന്ന് കെ സി വേണുഗോപാല്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.

കടലാമകള്‍ വലയില്‍ കുടുങ്ങിയാല്‍ രക്ഷിപ്പെടുത്താനുള്ള സംവിധാനം ഒരുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.അല്ലാത്തപക്ഷം ചെമ്മീന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങില്ലെന്ന നിലപാടാണ് അമേരിക്കയുടേത്. ഇക്കാരണം ചൂണ്ടിക്കാട്ടി അവര്‍ 2019 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വലയില്‍ കുടുങ്ങുന്ന കടലാമകളെ രക്ഷിപ്പെടുത്താനുള്ള സംവിധാനം ഘടിപ്പിക്കണമെങ്കില്‍ 25000 രൂപയോളം വിലവരും. മത്സ്യത്തൊഴിലാളികള്‍ക്ക് അധിക സാമ്പത്തികബാധ്യത വരുത്തുന്നതാണ് ഈ തീരുമാനമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

അമേരിക്ക ചെമ്മീന്‍ ഇറക്കുമതി കുറച്ചത് പരമ്പരാഗത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. കേരളത്തില്‍ കടലാമകള്‍ വലിയില്‍ കുടുങ്ങുന്നത് ആപൂര്‍വ്വമാണ്. കേരളത്തില്‍ മത്സ്യോത്പാദനത്തിന്റെ ഒരു ഘട്ടത്തിലും കടലാമകള്‍ വലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടില്ല. ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ കടലാമകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.എന്നാല്‍ കടലാമകളുടെ പ്രജനനകാലത്ത് അവിടെ മീന്‍പിടുത്ത നിരോധനവുമാണ്.
ഇന്ത്യതീരത്ത് കടലാമകള്‍ വലയില്‍ കുടുങ്ങുന്നുണ്ടെന്ന് അമേരിക്ക അവകാശവാദം പൂര്‍ണമായും ശരിയല്ല. കടലാമകളെ സംരക്ഷിക്കുന്നവരാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കൂടാതെ പടിഞ്ഞാറന്‍ തീരത്ത് കടലാമകളുടെ സാന്നിധ്യം കുറവാണെന്ന് ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഒരു വര്‍ഷത്തില്‍ തീരപ്രദേശങ്ങളില്‍ 10 ല്‍ താഴെ കടലാമ മുട്ടകള്‍ മാത്രമേ കാണപ്പെടുന്നുള്ളൂയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

സിഎംഎഫ്ആര്‍ ഐ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ നടപടിയെടുക്കേണ്ട സര്‍ക്കാരുകളും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും പ്രശ്നം പരിഹരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.യുഎസ് നിരോധനം കാരണം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 2,500 കോടി രൂപയുടെ സമുദ്രോത്പന്ന കയറ്റുമതി നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യം മുതലെടുത്ത് യൂറോപ്യന്‍ യൂണിയനും ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ ചെമ്മീന്റെ വിലകുറയ്ക്കുകയാണ്. ഇതുകാരണം വിവിധ ചെമ്മീന്‍ ഇനങ്ങള്‍ക്ക് ആഭ്യന്തര വിപണിയിലും വില ഇടിയുന്നു. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.