Connect with us

International

ഷേഖ് ഹസീനയുടേയും മുന്‍ എംപിമാരുടേയും നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി; മൂന്ന് കേസുകള്‍ കൂടി ചുമത്തി

ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി

Published

|

Last Updated

ധാക്ക  | ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി. രാജ്യത്തെ എല്ലാ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷേഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ നയതന്ത്ര പാസ്പോര്‍ട്ടുകളും റദ്ദാക്കിയിട്ടുണ്ട്.

അതേ സമയം, ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സ്വീകരിച്ച നടപടികളില്‍, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും നടന്നുവെന്നാരോപിച്ച് ഷേഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലില്‍ മൂന്ന് കേസുകള്‍ കൂടി ഫയല്‍ ചെയ്തു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബമാണ് പുതിയ കേസുകള്‍ ഫയല്‍ ചെയ്തത്. കേസുകളില്‍ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ അതാവുര്‍ റഹ്മാന്‍ പറഞ്ഞു.

ഷേഖ് ഹസീനയ്ക്കും അവാമി ലീഗ് നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ മറ്റ് 76 പേര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിഭാഷകന്‍ ഹജ്ജത്ഉള്‍ അസ്ലാം ഖാനും അന്ത്രാഷ്ട്ര ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതടക്കം ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.

ബംഗ്ലാദേശിലെ സില്‍ഹട്ട് നഗരത്തില്‍ പ്രകടനത്തിനുനേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ ഷേഖ് ഹസീനയ്ക്കും 86 പേര്‍ക്കും എതിരെ കേസെടുത്തു. വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഷേഖ് ഹസീനയ്ക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതില്‍ 27 എണ്ണവും കൊലപാതകക്കേസുകളാണ്.

 

ബംഗ്ലാദേശില്‍ അക്രമവും ഭീഷണിയും രൂക്ഷമായ സാഹചര്യത്തില്‍ അഭയം തേടി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ എത്തുകയായിരുന്നു. യുകെയിലോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലോ അഭയം തേടുന്നതിന് ശ്രമിച്ചുവെങ്കിലും , ഒരു രാജ്യവും ഹസീനയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചിട്ടില്ല.

 

Latest