അതിഥി വായന
മാലി ദ്വീപിലെ നേർക്കാഴ്ചകൾ
യാത്രകൾ എല്ലായ്പ്പോഴും ആദ്യം സംഭവിക്കുന്നത് മനസ്സുകളിലാണല്ലോ. എഴുത്തിലൂടെയോ വാർത്തകളിലൂടെയോ ചിലരുടെ വാക്കുകളിലൂടെയോ വ്യക്തികളിലൂടെയോ ഒക്കെ അറിയാനിടവരുന്ന ഒരു ദേശം പൊടുന്നനെ നമ്മുടെ സങ്കൽപ്പത്തിൽ രൂപപ്പെടുന്നുണ്ട്. ഇവിടെ ഏഴാം ക്ലാസിലെ സഹപാഠിയിലൂടെയും അവന്റെ വെള്ളാരംകണ്ണുള്ള സഹോദരിയിലൂടെയും മാലിദ്വീപിനെ ആദ്യം അറിഞ്ഞ കുട്ടി വളർന്നു വലുതായപ്പോൾ ദൂരവും വഴികളും പിന്നിട്ട് ഭൂപടത്തിലെ ശരിക്കുമുള്ള ആ ദേശത്ത് എത്തിച്ചേരുന്നു. യാത്രാ പുസ്തകങ്ങൾ ആസ്വാദനത്തിന് വേണ്ടി മാത്രമല്ല, പലപ്പോഴും അത് ആ നാടിനെ കുറിച്ചുള്ള മികച്ച റഫറൻസ് കൂടിയാകണം എന്ന് വിശ്വസിക്കുന്നയാളാണ് എഴുത്തുകാരൻ.
യാത്രാ പുസ്തകങ്ങൾ കൂടുതലായി വായിക്കാൻ തുടങ്ങിയത് ലോക് ഡൗൺ ദിനങ്ങളിലാണ്. ഒരേ ജാലകക്കാഴ്ചകൾ കണ്ടുമടുത്ത് നിരാശ മൂടുമായിരുന്ന ആ കാലത്ത്, അതിലെ എഴുത്തുകളിലൂടെ പല ദേശങ്ങൾ താണ്ടി. പല കാഴ്ചകളും കണ്ടു.
ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലായി വായിച്ച മാൽദീവ്സ് വർത്താനങ്ങൾ എന്ന പുസ്തകം ശൈലികൊണ്ടും വിഷയത്തെക്കുറിച്ച ബാഹുല്യം കൊണ്ടും വേറിട്ടുനിൽക്കുന്നു. അശ്കർ കബീർ എന്ന യാത്രികന്റെ മാലിദ്വീപ് വിശേഷങ്ങളുടെ സമാഹാരമാണിത്.
യാത്രകൾ എല്ലായ്പ്പോഴും ആദ്യം സംഭവിക്കുന്നത് മനസ്സുകളിലാണല്ലോ. എഴുത്തിലൂടെയോ വാർത്തകളിലൂടെയോ ചിലരുടെ വാക്കുകളിലൂടെയോ വ്യക്തികളിലൂടെയോ ഒക്കെ അറിയാനിടവരുന്ന ഒരു ദേശം പൊടുന്നനെ നമ്മുടെ സങ്കൽപത്തിൽ രൂപപ്പെടുന്നുണ്ട്.
ഇവിടെ ഏഴാം ക്ലാസിലെ സഹപാഠിയിലൂടെയും അവന്റെ വെള്ളാരംകണ്ണുള്ള സഹോദരിയിലൂടെയും മാലി ദ്വീപിനെ ആദ്യം അറിഞ്ഞ കുട്ടി വളർന്നു വലുതായപ്പോൾ ദൂരവും വഴികളും പിന്നിട്ട് ഭൂപടത്തിലെ ശരിക്കുമുള്ള ആ ദേശത്ത് എത്തിച്ചേരുന്നു.
അശ്കർ കബീറിന്റെ ഫേസ്ബുക് പോസ്റ്റുകളിലെ യാത്രക്കാഴ്ചകൾ ശ്രദ്ധിക്കുന്നവർക്കറിയാം സദാ കൗതുകം നിറഞ്ഞ ഒരു കുട്ടിയെപ്പോലെ ഓരോ കാഴ്ചയുടെയും പിന്നാലെ പോകുന്നയാളാണ് അദ്ദേഹം. ആധികാരികമായ അറിവുകൾ പങ്കുവെക്കുന്ന ഒരധ്യാപകൻ ആ യാത്രികനിൽ എപ്പോഴുമുള്ളതായി തോന്നിയിട്ടുണ്ട്.
പ്രതീക്ഷ തെറ്റിച്ചിട്ടില്ല ഈ പുസ്തകത്തിലും. മാൽദീവ്സിന്റെ കടൽ നീലിമയിലും പവിഴപ്പുറ്റുകളുടെ നിറപ്പകിട്ടിലും മാത്രമൊതുങ്ങുന്നില്ല അദ്ദേഹത്തിന്റെ വർത്താനങ്ങൾ. ആ നാടിന്റെ ചരിത്രവും സവിശേഷതകളും എന്തിനധികം നാടോടിക്കഥകൾ പോലും കൂട്ടത്തിൽ കടന്നുവരുന്നുണ്ട്.
ഡോക്യുമെന്ററി സംവിധായകനായതുകൊണ്ടാകും നമ്മളറിയുന്ന വിനോദസഞ്ചാര കേന്ദ്രമായ മാലിദ്വീപിന്റെ മറ്റൊരു വശം കൂടി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മലയാളികളായ ജയചന്ദ്രൻ മൊകേരിയും റുബീനയും അനുഭവിച്ച ദുരിതപർവത്തിന്റെ മാൽദീവ്സ്.
മാലിക്കാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന പുറംനാടുകളിലൊന്നാണ് തിരുവനന്തപുരം. അവിടെ നിന്നുള്ള ആളായതിനാൽത്തന്നെ മാലിക്കല്യാണം പോലുള്ള നാട്ടുവിശേഷങ്ങളും പുസ്തകത്തിലുണ്ട്.
യാത്രാ പുസ്തകങ്ങൾ ആസ്വാദനത്തിന് വേണ്ടി മാത്രമല്ല, പലപ്പോഴും അത് ആ നാടിനെ കുറിച്ചുള്ള മികച്ച റഫറൻസ് കൂടിയാകണം എന്ന് വിശ്വസിക്കുന്നയാളാണ് എഴുത്തുകാരൻ. വെറുതെയങ്ങ് പോയി വന്ന് കാഴ്ചകൾ മാത്രം പകർത്തിവെക്കുന്ന ശൈലിയല്ല അദ്ദേഹത്തിന്റെത്. ഭാഷയുടെ ഒഴുക്കിനേക്കാൾ അശ്കർ കബീറിന്റെ നാടുകാണൽ അനുഭവങ്ങൾ ആകർഷകമായിത്തീരുന്നത് അതിൽ മറ്റാരും പറഞ്ഞു തരാത്ത പുതിയ വിവരങ്ങൾ ഉറപ്പായും ഉണ്ടാവുന്നതിനാലാണ്.
അനിശ്ചിതത്വങ്ങളുടേതാണല്ലോ ജീവിതവും യാത്രയും. തീരുമാനിച്ചുറപ്പിക്കും പോലെ സംഭവിക്കണമെന്നില്ല. പ്രതിസന്ധികൾ തരണം ചെയ്താണ് മറക്കാനാകാത്ത യാത്രാനുഭവങ്ങളുണ്ടാകുന്നതെന്ന് ഈ പുസ്തകം ഉണർത്തുന്നു, ഇറങ്ങിപ്പുറപ്പെടാൻ പ്രചോദനമാകുന്നു.
ഹുക്റു മിസ്കി, മൂലിആ ഗെ, മജീദിയ സ്കൂൾ, അഡ്ഡു , മാഫുഷി, ദ്വീപ് രുചികൾ, അലി റമീസ്….. ഈ എഴുത്തുകാരന്റെ മാൽദീവ്സ് വർത്താനങ്ങൾ രസകരമായിത്തന്നെ കേട്ടിരിക്കാം. പ്രസാധനം കൂര ബുക്സ്. വില 100 രൂപ.