Connect with us

Book Review

നല്ല നാളേക്കുള്ള ദിശാസൂചകങ്ങൾ

വീടകത്ത് വിരിയുന്ന സ്‌നേഹത്തിന്റെ വസന്തം വീടിന് പുറത്തും സൗരഭ്യം പരത്തും.

Published

|

Last Updated

ജീവിതം സുന്ദരമാണ്. കുടുംബജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ജീവിതത്തിന് നിറഭംഗികള്‍ നല്‍കുന്നത്. അതിന് കുടുംബത്തെക്കുറിച്ചുള്ള അറിവും തിരിച്ചറിവും അനിവാര്യമാണ്. വർത്തമാനകാല ജീവിതം യാതൊരു നിയന്ത്രണവും ഇല്ലാത്ത വേഗം എല്ലാ രംഗത്തും പുതിയ കാലത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എല്ലാവരും ഏറെ തിരക്കിലാണ് ഇവിടെയാണ് മായാ സൂസൻ ജേക്കബ് എഴുതിയ “നാമറിയുക നമ്മെ അറിയുക’ എന്ന പുസ്തകം നമ്മുടെ ജീവിതത്തിന്റെ പാഠപുസ്തകം ആകുന്നത്. ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള കൗണ്‍സലിംഗ് അനുഭവങ്ങളില്‍ നിന്ന് ഉരുവംകൊണ്ടതിന്റെ വെളിച്ചത്തില്‍ ഒരു “കുടുംബ’ത്തെ എങ്ങനെ രൂപപ്പെടുത്താമെന്ന് വിശദീകരിക്കുകയാണ് ഈ പുസ്തകത്തിൽ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കുടുംബത്തില്‍ വെളിച്ചം നിറക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.

മാനുഷികമായ കൂട്ടായ്മയുടെ പ്രാഥമിക രൂപമാണ് കുടുംബം. സംസ്കാര രൂപവത്കരണത്തില്‍ അടിസ്ഥാന പ്രാധാന്യമുള്ള തുടക്കമാണ് കുടുംബം. ഒരു കുടുംബത്തിനകത്തെ ശിക്ഷണ ശീലങ്ങള്‍, വീട്, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഉത്തരവാദിത്വങ്ങളും, രക്തബന്ധത്തില്‍ ഉള്‍പ്പെടുന്ന ഇതര കുടുംബങ്ങളുമായുള്ള ബന്ധം ഇവയെല്ലാം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. കുട്ടികള്‍, കുട്ടികളുടെ ബാധ്യതകളും അവകാശങ്ങളും മാതാപിതാക്കള്‍, അവരുടെ ബാധ്യതകളും അവകാശങ്ങളും, ഭാര്യാ ഭര്‍തൃ ബന്ധത്തിന്റെ സ്വഭാവം, ഭാര്യയും ഭര്‍ത്താവും അന്യോന്യം പുലര്‍ത്തേണ്ട മര്യാദകള്‍ ഇവയെല്ലാം കുടുംബത്തിന്റെ കെട്ടുറപ്പിന്റെ ഭാഗമാണ്. നിസ്സാര പ്രശ്നങ്ങളിൽ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ, നിറമുള്ള സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ കഴിയാതെ പോകുന്ന പ്രണയങ്ങൾ, വഴിതെറ്റാൻ വെമ്പുന്ന കൗമാരത്തിലെ ഇടർച്ചകൾ , സാമൂഹിക നന്മ ജീവിത മുദ്രയാക്കിയ നന്മ മരങ്ങൾ , മതാചാര്യന്മാർ ഇങ്ങനെ തുടങ്ങി ഇത്തിരി പോന്ന ജീവിതത്തിൽ മനുഷ്യൻ കെട്ടുന്ന ഒത്തിരി വേഷങ്ങളിലെ ഇടപെടലുകളിലെ പരിഹാരമാണ് ഈ ഗ്രന്ഥം.

ധരിച്ചിരിക്കുന്ന വേഷങ്ങളോട്, അവയുടെ എല്ലാ പോരായ്മകളോടും കൂടെ, നീതി പുലർത്തുന്നവർക്കിടയിലാണ് ഹൃദയബന്ധങ്ങൾ രൂപപ്പെടുക. എല്ലാമാകുമെന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന ബന്ധങ്ങളിൽ പലതും പാതിയിൽ അവസാനിക്കുന്നത് ഹൃദയം കൈമാറാൻ മറന്നുപോകുന്നതു കൊണ്ടാണ്.

കൗമാരം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ വ്യതിയാനം കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. അവർ വളരെ ദുർബലമാവുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്.
വിള്ളലും വിങ്ങലുമില്ലാതെ ബന്ധങ്ങള്‍ നിലനിൽക്കണം. അകല്‍ച്ചയുടെ മേഘങ്ങള്‍ കറുത്ത്‌ മൂടുമ്പോഴാണ്‌ ബന്ധങ്ങള്‍ തകര്‍ന്നുതീരുന്നത്‌. നുകര്‍ന്നും പകര്‍ന്നും ഒന്നായിത്തീരുന്ന ആത്മ ബന്ധമായി ഓരോ ബന്ധുവും സ്വന്തമായിത്തീരണം. ബന്ധങ്ങളെ ഒന്നിപ്പിക്കുന്ന വെള്ളിനൂലാണ്‌ സ്‌നേഹം. സ്‌നേഹത്തിന്റെ സാരവും സുഖവുമാണ്‌ ബന്ധങ്ങളില്‍ നിന്ന്‌ ലഭിക്കേണ്ടതും. വേണ്ടുവോളം ആസ്വദിച്ചും അതിലേറെ ആസ്വദിപ്പിച്ചും സ്‌നേഹം തന്നെയാണ്‌ മികച്ചു നിൽക്കേണ്ടത്‌. ഉപാധികളില്ലാതെ നമ്മെ സ്‌നേഹിക്കുന്ന കുറച്ചു പേരാണ്‌ വീട്ടിലുള്ളത്‌. രക്തവും രക്തവും തമ്മിലുള്ള ബന്ധമാണത്‌. വേണ്ട എന്നു വെച്ചാല്‍ തീര്‍ന്നു പോകാത്ത ബന്ധുത്വമാണത്‌. വഴിയില്‍ വന്നു ചേരുന്നതാണ്‌ കുടുംബബന്ധങ്ങള്‍ . ഇത്ര കാലവും പരിചിതരല്ലാത്ത ചിലര്‍ , ഇത്രയധികം ഹൃദയത്തില്‍ പറ്റിച്ചേരുന്നതിലെ ആശ്ചര്യം വലുതാണ്‌. പരസ്പരം സഹകരണ മനോഭാവത്തോടെ ജീവിത ഭാരങ്ങള്‍ പങ്കിടാന്‍ ദമ്പതികള്‍ കാണിക്കുന്ന ഔത്സുക്യം ഈടുറ്റ ദാമ്പത്യ ബന്ധത്തിന് വഴിവെക്കും.

വീടകത്ത് വിരിയുന്ന സ്‌നേഹത്തിന്റെ വസന്തം വീടിന് പുറത്തും സൗരഭ്യം പരത്തും. സൗമ്യതയുടെയും സന്മനോഭാവത്തിന്റെയും സദ്ഭാവനയുടെയും കുളിര്‍മയുള്ള വീടുകളില്‍ വളരുന്ന സന്തതികള്‍ക്ക് സമൂഹത്തില്‍ മറിച്ചൊരു സ്വഭാവം പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നത് അനുഭവ സത്യമാണ്. ജീവിതത്തില്‍ എപ്പോഴും സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഉള്ളുതുറന്ന് സംസാരിക്കാന്‍ ആര്‍ക്കും ഇന്ന് സമയമില്ല. ഫോണും വാട്ട്സാപ്പും ആയി ജീവിക്കുന്ന നമുക്കിന്ന് പരസ്പരം നോക്കാനോ പുഞ്ചിരിക്കാനോ സമയമില്ല. നല്ല ഭാര്യാഭര്‍ത്താക്കന്മാര്‍, നല്ല സന്താനങ്ങള്‍, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കള്‍, മാതാപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കള്‍, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങള്‍ ഇങ്ങനെയുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്ക് ശ്രമിക്കാം. ഡി സി ബുക്സാണ് പ്രസാധകർ.

Latest