Kerala
ഭിന്നത, വാഗ്വാദം : തീരുമാനമാകാതെ പിരിഞ്ഞ് ഇ കെ മുശാവറ
തന്നെക്കുറിച്ച് കളവ് പറഞ്ഞാല്‍ അത് തിരുത്തണമെങ്കില്‍ താന്‍ കൂടി യോഗത്തില്‍ വേണ്ടതല്ലേയെന്നായിരുന്നു ഉമര്‍ ഫൈസിയുടെ നിലപാട്.
കോഴിക്കോട് | കടുത്ത ഭിന്നതകള്‍ക്കിടെ തീരുമാനമാകാതെ പിരിഞ്ഞ് ഇ കെ വിഭാഗം മുശാവറ. ഇന്നലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് വാഗ്വാദവും ഭിന്നതയും പ്രകടമായത്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഖാസി ഫൗണ്ടേഷനെ പരസ്യമായി തള്ളിപ്പറഞ്ഞ ഇ കെ വിഭാഗം സെക്രട്ടറി കൂടിയായ ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ചര്‍ച്ച ആരംഭിച്ചതോടെയാണ് യോഗത്തില്‍ വാഗ്വാദമാരംഭിച്ചത്.
ഉമര്‍ ഫൈസിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്കൊണ്ട് അദ്ദേഹം തത്കാലം യോഗത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍, ഉമര്‍ ഫൈസി യോഗത്തില്‍ തുടര്‍ന്നു. ഇത് മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്വി ചോദ്യം ചെയ്തു. തന്നെക്കുറിച്ച് കളവ് പറഞ്ഞാല്‍ അത് തിരുത്തണമെങ്കില്‍ താന്‍ കൂടി യോഗത്തില്‍ വേണ്ടതല്ലേയെന്നായിരുന്നു ഉമര്‍ ഫൈസിയുടെ നിലപാട്. ഇതോടെ ഇരു വിഭാഗവും വാഗ്വാദത്തിലായി. ഇടയ്ക്ക് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടിരുന്ന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങി മറ്റൊരു മുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ സ്വലാത്ത് ചൊല്ലി യോഗം പിരിച്ചുവിടുകയായിരുന്നു. ശേഷം ജിഫ്രി തങ്ങള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ കണ്ട് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
അതെ സമയം, മുശാവറ യോഗത്തില്‍ പൊട്ടിത്തെറിയുണ്ടായെന്നും പ്രസിഡന്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത് തന്നെ ഒരു സ്പെഷ്യല്‍ യോഗം ചേരാന്‍ നിശ്ചയിച്ച് പിരിയുകയാണുണ്ടായതെന്നുമാണ് ഇ കെ വിഭാഗത്തിന്റെ ഔദ്യോഗിക വിശദീകരണം. യോഗ തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത് ജിഫ്രി തങ്ങളായിരുന്നുവെന്നും പത്രക്കുറിപ്പ് വിശദീകരിച്ചു. മുക്കം ഉമര്‍ ഫൈസിക്കെതിര നടപടി പ്രതീക്ഷിച്ച ബഹാഉദ്ദീന്‍ നദ്‌വി യോഗത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ചാനലുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഇറങ്ങിപ്പോക്ക് വാര്‍ത്തയെന്നാണ് ലീഗ്വിരുദ്ധ പക്ഷം പറയുന്നത്.
ഇ കെ വിഭാഗത്തില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കെ ഇന്നലത്തെ മുശാവറ യോഗം ഏറെ നിര്‍ണായകമായിരുന്നു. മുശാവറക്ക് മുമ്പ് വിവാദ വിഷയങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് കഴിഞ്ഞ ദിവസം സമവായ ചര്‍ച്ച വിളിച്ചു ചേര്‍ത്തെങ്കിലും ലീഗ് വിരുദ്ധ പക്ഷം പങ്കെടുത്തിരുന്നില്ല. മുസ്ലിം ലീഗ് മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലായെന്ന തീരുമാനത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ ബഹിഷ്‌കരണം.
ഇന്നലത്തെ മുശാവറ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം ടി അബ്ദുല്ല മുസ്ലിയാര്‍, യു എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എ പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വാക്കോട്, കെ കെ പി അബ്ദുല്ല മുസ്ലിയാര്‍, പി കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഐ ബി ഉസ്മാന്‍ ഫൈസി, എം എം അബ്ദുല്ല ഫൈസി, എം പി മുസ്തഫര്‍ ഫൈസി, ബി കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, പി എം അബ്ദുസ്സലാം ബാഖവി, എം പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി കെ സൈതാലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി കെ അബ്ദുറഹിമാന്‍ ഫൈസി, കെ എം ഉസ്മാനുല്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, പി വി അബ്ദുസ്സലാം ദാരിമി ആലമ്പാടി പ്രസംഗിച്ചു.
വഹാബി ഗ്രന്ഥം കാവ്യരൂപത്തിലാക്കിയ ഫള്ഫരിയെ പുറത്താക്കാന്‍ നിര്‍ദേശിക്കും
കോഴിക്കോട് | ഇ കെ വിഭാഗത്തിന്റെ നടപടിക്ക് വിധേയനായ ഹകീം ഫൈസി അദൃശ്ശേരിയെ മുസ്ലിം ലീഗ് അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സി ഐ സിയില്‍ ജനറല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇ കെ വിഭാഗം മുശാവറ .
ഹകീം ഫൈസി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ സി ഐ സി സംവിധാനവുമായി സമസ്തക്ക് ബന്ധമില്ലെന്ന് മുശാവറ യോഗ ശേഷം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. മധ്യസ്ഥന്‍മാര്‍ കൈക്കൊണ്ട ഒമ്പത് തീരുമാനങ്ങള്‍ സി ഐ സി യെകൊണ്ട് അംഗീകരിപ്പിക്കാമെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ സമസ്ത നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന കാര്യവും കറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്റെ ‘കിത്താബുത്തൗഹീദ്’ എന്ന ഗ്രന്ഥം കാവ്യരൂപത്തിലാക്കിയ അന്‍വര്‍ അബ്ദുല്ല ഫള്ഫരിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കേളേജ് കമ്മിറ്റിയോട് ആവശ്യപ്പെടാനും യോഗം തീരുമാനമെടുത്തു.
വഹാബിസത്തെ വെള്ളപൂശുന്ന ഗ്രന്ഥത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇ കെ വിഭാഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഫള്ഫരിയെ പുറത്താക്കണമെന്ന് മുശാവറ നിര്‍ദേശിച്ചെങ്കിലും വിഷയത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ മാനേജ്മെന്റ് തീരുമാനമെടുക്കേണ്ടതുണ്ട്.
കൂടാതെ, മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് ആവശ്യമായ രേഖകളും കോടതി വിധികളും കൂടുതല്‍ പരിശോധിച്ച് പ്രഖ്യാപിക്കുന്നതാണെന്നും രാജ്യത്ത് 1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നതായും ഇ കെ വിഭാഗം അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗ ശേഷം വ്യക്തമാക്കി.