prathivaram book review
ഫ്യൂഡൽ ചിന്തകളോടുള്ള വിയോജിപ്പുകൾ
മദാമ്മക്കൊച്ചായ മരുമകൾ നടത്തുന്ന ഗാന്ധിനിന്ദക്കെതിരെ തോക്കെടുത്ത് ജ്വലിച്ചു നിൽക്കുന്ന അച്ചാമ്മയെപ്പോലുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകവഴി ഫാസിസത്തിലേക്ക് ചുവടുവെക്കുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തെ പ്രതീകാത്മകമായി പ്രതിരോധിക്കേണ്ട രാഷ്ട്രീയ സന്ദേശമാണ് "അതിര്'ൽ ജിൻഷ പറഞ്ഞു വെക്കുന്നത്.
ഒന്നിനൊന്ന് മെച്ചപ്പെട്ട വ്യത്യസ്തമായ ഒന്പത് കഥകൾ 160 പേജുകളിൽ സമാഹരിക്കപ്പെട്ടതാണ് ജിൻഷ ഗംഗയുടെ “ഒട’ എന്ന കഥാപുസ്തകം.വിഷയ വൈവിധ്യങ്ങളുടെയും ഭാഷാ സൗന്ദര്യത്തിന്റെയും നവീന ശൈലിയിൽ കോറിയിട്ട മലയാള കഥയിലെ പുതുവസന്തമെന്ന് സംശയലേശമന്യേ പറയാവുന്ന കഥകൾ. നവമാധ്യമങ്ങളിലൂടെ വരവറിയിച്ച് മുഖ്യധാരയിലേക്കെത്താൻ രചയിതാവിന് നിമിത്തമായതിൽ ഒടയുടെ പങ്ക് ചെറുതല്ല. ഈ സമാഹാരത്തിന് അവതാരിക എഴുതിയ എഴുത്തുകാരി കെ ആർ മീര വിശേഷിപ്പിച്ചതുപോലെ “ഒരു തീച്ചാമുണ്ഡി തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന പിഴകളേതുമില്ലാത്ത ഭാഷയാണെങ്ങും. കണ്ടതിൽനിന്നും കേട്ടതിൽനിന്നും പൂർവികർ പങ്കുവെച്ച അറിവുകളിൽനിന്നും നാട്ടാചാരങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യചിന്തകളിലെ വിചിത്രതകൾക്ക് എഴുത്തിന്റെ കൈയടക്കത്തോടെ നൽകിയ ആവിഷ്്കാരത്തിലെ മൗലികത എടുത്തു പറയേണ്ട ഒന്നാണ്.
തീച്ചാമുണ്ഡിയുടെ ഐതിഹ്യത്തെക്കുറിച്ച് ലീല പറയുന്നത് “ഏതെങ്കിലും മലയനെ തീയില് ചുട്ടുകൊല്ലാൻ വേണ്ടി തമ്പ്രാക്കൾ ഉണ്ടാക്കിയ സൂത്രമായിരിക്കും ഇതെന്നാണ്’ ഭൂമി ഉള്ളിടത്തോളം അയിത്തം ഉണ്ടാകും കുട്ടീ എന്നാണ് പണിക്കർ ഇതിനുത്തരം നൽകി ആശ്വാസം കൊള്ളുന്നത്.
ഇത്തരം നിരീക്ഷണങ്ങളിലൂടെ കഥയുടെ കരുത്തും മിത്തും വിശ്വാസാചാരങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളും അതിലടങ്ങിയ രാഷ്ട്രീയ സന്ദേശങ്ങളും അപാര ദൃശ്യവത്കരണ സാധ്യതകളോടെ ഒടയിൽ നിറഞ്ഞു നിൽക്കുന്നു.
“നിനക്ക് ഞാനൊരു പുസ്തകത്തെ കുറിച്ച് പറഞ്ഞുതരട്ടെ, മടിച്ചു മടിച്ച് ഭാര്യയോട് ചോദിക്കുന്ന ഭർത്താവിനോട് ഭാര്യ പറയുന്നത് “ഇതൊക്കെ നിങ്ങളെപ്പോലെ ആളുകളോട് മിണ്ടാൻ മടിയുള്ളവർക്കേ പറ്റൂ, ഞാൻ വല്ല സീരിയലുകളും കണ്ടോളാം’ (കഥ : അഗ്ര സന്ധനി ) വായനക്കാരനായ ഭർത്താവും അങ്ങനെയല്ലാത്ത ഭാര്യയും പുതിയ കാലത്തിന്റെ രണ്ടു തരം പ്രതിനിധികളായി ഇവിടെ കടന്നുവരുന്നു. കൂടാതെ മരണ വൃത്താന്തങ്ങളിലൂടെ ഖസാക്കിന്റെ ഇതിഹാസമടക്കമുള്ള നോവലിലെ കഥാപാത്ര പരാമർശങ്ങളിലൂടെ ഒരു അബ്നോർമാലിറ്റിയും വ്യതിരിക്ത ആഖ്യാന ശൈലിയും ഈ കഥയുടെ പ്രത്യേകതയാണ്.
നേരിട്ട് കഥയിലേക്ക് പ്രവേശിക്കുന്ന ശൈലി വിട്ട് പൂച്ചയെ പ്രതീകാത്മകമാക്കി സ്ത്രീ മനസ്സിന്റെ അതി വിചിത്രതയിലേക്കും ദാമ്പത്യത്തിന്റെ നിഷ്കളങ്കഭാവത്തിലും ചിലയിടത്ത് സംഭവിക്കുന്ന സംശയ രോഗാവസ്ഥയിലൂടെയും മനസ്സിന്റെ നിഗൂഢതകളെ അനാവരണം ചെയ്യുന്ന കഥയാണ് “ഉമ്പാച്ചി’.
തിലക് രാജനെന്ന എഴുത്തുകാരനായ ജയിൽപുള്ളിയോട് ജയിലിലെ മറ്റൊരു തടവുകാരൻ പറയുന്നു. ” ഇത് (ഈ ജയില്) ഒരു ഗർഭപാത്രമാണെന്നു പറഞ്ഞത് സത്യമാ, ഈ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബീജം ഏറ്റുവാങ്ങാൻ കരുത്തുള്ള ഒരൊറ്റ ഗർഭപാത്രമേ ഉണ്ടായിട്ടുള്ളൂ, അതീ ജയിലാ … (കഥ : വിസെലിറ്റ്സ ) കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ട കാലത്തിന്റെ ചരിത്ര യാഥാർഥ്യത്തെ ഇത്ര ശക്തമായും തീവ്രമായും ആവിഷ്്കരിച്ച മറ്റു കഥകൾ അധികമുണ്ടാകില്ല മലയാളത്തിൽ. ഗ്ലാഡീസ്, വല്യമ്മച്ചി എന്നിവരിലൂടെ സ്ത്രീത്വത്തിന്റെ കരുത്തിലൂടെ പുരുഷ മേധാവിത്വത്തെ പ്രതിരോധിക്കുന്നതാണ്.
“തെയ്, തെയ്, വാഴ്ക’ എന്ന കഥ.രാഘവൻ കുഞ്ഞപ്പനിൽ നിന്നും കേട്ട കോടങ്കാടിനെക്കുറിച്ചുള്ള വിശേഷങ്ങളിൽ ചില വിശ്വാസങ്ങൾക്കടിമപ്പെടുന്നതിലൂടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് പഴയ നാട്ടുമ്പുറ ജീവിതത്തിന്റെ വെളിച്ചവും വിശുദ്ധിയും “ചാപ്പ’ എന്ന കഥയെ വ്യത്യസ്തമാക്കുന്നു.
മദാമ്മക്കൊച്ചായ മരുമകൾ നടത്തുന്ന ഗാന്ധിനിന്ദക്കെതിരെ തോക്കെടുത്ത് ജ്വലിച്ചു നിൽക്കുന്ന അച്ചാമ്മയെപ്പോലുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകവഴി ഫാസിസത്തിലേക്ക് ചുവടുവെക്കുന്ന വർത്തമാനകാല ഇന്ത്യൻരാഷ്ട്രീയത്തെ പ്രതീകാത്മകമായി പ്രതിരോധിക്കേണ്ട രാഷ്ട്രീയ സന്ദേശമാണ് “അതിര്’ൽ ജിൻഷ പറഞ്ഞു വെക്കുന്നത്.
ആചാരങ്ങൾ സൃഷ്ടിക്കുന്ന വിനകളുടെ ഇരകളാകുന്നത് നാട്ടു മനുഷ്യർ മാത്രമല്ല കാട്ടുവാസികളായ ആദിവാസികൾക്കും അതിൽ നിന്ന് മോചനമില്ലെന്നാണ് “പെൺമാല’ എന്ന കഥയിൽ.ക്ഷേത്രോത്സവത്തിന് നാരങ്ങാ മാലകെട്ടാനുള്ള കരിമ്പന്റെ അവകാശം റദ്ദാക്കപ്പെടുന്നതിന്റെ കാരണം കരിമ്പന്റെ ഭാര്യ രാജി രണ്ടാമത് പെറ്റതും പെണ്ണായതുകൊണ്ടാണ്. ഇത്തരം വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും നാട്ടുചരിത്രങ്ങളും വിധി വിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നു ഈ ഒടയിൽ. പ്രസാധനം: ഡി സി ബുക്സ്. വില 220 രൂപ.