Articles
നീതിയുടെ തിരോധാനം; നജീബ് അഹമ്മദിന്റെ എട്ട് വര്‍ഷങ്ങള്‍
ദിനംപ്രതി രാജ്യത്ത് കാണാതാകുന്ന എത്രയോ പേര്‍. അവര്‍ എവിടെയെന്ന് പോലും ആരും തിരക്കാറില്ല. ആരാരും ഓര്‍മിക്കപ്പെടാതെ പോകുന്ന ആ മനുഷ്യരുടെ പട്ടികയില്‍ മാഞ്ഞുതുടങ്ങിയ പേരുകാരനായി നജീബ് അഹമ്മദ്. പക്ഷേ, അധികാരത്തിന്റെ തണലില്‍ ഉണ്ടുറങ്ങുന്ന ഒരു ഗുണ്ടാസംഘം ഈ തിരോധാനത്തിന് പിന്നിലുണ്ട് എന്ന യാഥാര്‍ഥ്യം മറക്കാവതല്ല. എന്തുകൊണ്ട് ഈ നജീബോര്‍മ എന്ന ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയാണ്.
‘ഞാനിപ്പോള്‍ വീട്ടിനുള്ളില്‍ ഉറങ്ങാറില്ല; പുറത്തു കിടക്കും. അവന്‍ വന്ന് വാതിലില്‍ മുട്ടുന്നത് എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ’- നഫീസ് അഹമ്മദ് പറഞ്ഞത്.
എട്ട് വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഡല്‍ഹിയില്‍ ജെ എന്‍ യുവില്‍ നിന്ന് ഒരു ചെറുപ്പക്കാരനെ കാണാതായി. അവന്റെ പേര് നജീബ് അഹമ്മദ്. ഉത്തര്‍ പ്രദേശിലെ ഒരു കുഗ്രാമത്തില്‍ മുസ്ലിം ദമ്പതികള്‍ക്ക് പിറന്നവന്‍. പിതാവിന്റെ പേര് നഫീസ് അഹമ്മദ്. മാതാവ് ഫാത്വിമ നഫീസ്. 2016 ഒക്ടോബര്‍ 15 വരെയും അവന്‍ ജീവനോടെ ഉണ്ടായിരുന്നു. പിന്നീടെന്ത് സംഭവിച്ചു എന്നറിയില്ല. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഉത്തരം പറയേണ്ടവര്‍ വാ തുറന്നിട്ടില്ല. അന്വേഷണ സംഘവും പാതിയിലിട്ടുപോയതാണ്. ഏതിരുട്ടിലേക്കാണ് അവനെ തള്ളിവിട്ടത് എന്നറിയാനുള്ള പ്രാഥമിക അവകാശം പോലും കുടുംബത്തിന് നിഷേധിക്കപ്പെട്ടു. മകനെവിടെ എന്ന ചോദ്യത്തിന് എന്നെങ്കിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പാണ് ആ കുടുംബം.
ക്യാമ്പസിലെ പ്രശ്‌നക്കാരനായിരുന്നില്ല നജീബ് അഹമ്മദ്. പക്ഷേ കൃത്യമായ രാഷ്ട്രീയ ബോധമുണ്ടായിരുന്നു. ഹിന്ദുത്വ ഫാസിസം സംഹാരരുദ്രമായി ദേശീയാധികാരത്തിലേക്ക് മോദിയുടെ നേതൃത്വത്തില്‍ ചുവടു വെച്ചതിന്റെ രണ്ടാം വര്‍ഷത്തിലാണ് ജെ എന്‍ യുവില്‍ നിന്ന് നജീബ് അപ്രത്യക്ഷനാകുന്നത്. ഒരു ചെറുപ്പക്കാരന്റെ തിരോധാനത്തെ കുറിച്ചുള്ള കുറിപ്പില്‍ ദേശീയാധികാരവും മോദിയും കടന്നുവരുന്നതെങ്ങനെ എന്ന് സംശയിക്കുന്നവരുണ്ടാകാം. കഴിഞ്ഞ പതിറ്റാണ്ടില്‍ ആ ദേശീയാധികാരം പല നിലകളില്‍ ഇടപെട്ടിട്ടുണ്ട് ഇന്ത്യന്‍ ക്യാമ്പസുകളില്‍. വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാര്‍ഥി യൂനിയന്‍ പിടിക്കുന്നതു വരെ നീളും അവരുടെ ക്യാമ്പസ് കൈയേറ്റങ്ങള്‍. അറിയാമല്ലോ, സംഘ്പരിവാര്‍ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ജീവിതത്തില്‍ ഒരു നൂറ്റാണ്ടായി ഇടപെടുന്നുണ്ട്. വെറും ഇടപെടല്‍ അല്ല. അടിവേരില്‍ തൊട്ടുതന്നെയുള്ള ഇടപെടല്‍. അതിന്റെ ചരിത്രം ചികഞ്ഞാല്‍ പലപ്പോഴും നമ്മള്‍ ആര്‍ എസ് എസിലേക്കെത്തില്ല. പകരം പല പ്രച്ഛന്ന വേഷങ്ങളെയും നമ്മള്‍ കണ്ടുമുട്ടും. അതുകൊണ്ടാണ് ഗാന്ധിയെ കൊന്നത് തങ്ങളല്ല എന്ന് ആര്‍ എസ് എസിന് ഇപ്പോഴും അവകാശപ്പെടാന്‍ കഴിയുന്നത്.
പറഞ്ഞുവന്നത് നജീബിനെ കുറിച്ചാണ്; അവന്റെ തിരോധാനത്തെ കുറിച്ചാണ്. ഈ സംഭവത്തില്‍ ആര്‍ എസ് എസിനെ നിങ്ങള്‍ നേര്‍ക്കുനേര്‍ കാണില്ല. പക്ഷേ എ ബി വി പിയുണ്ട്, അവരുടെ ഗുണ്ടായിസമുണ്ട്, ആ ഗുണ്ടായിസത്തിന് സംരക്ഷണ കവചമൊരുക്കിയ ദേശീയാധികാരമുണ്ട്, ആ അധികാരത്തിന്റെ തലപ്പത്ത് നരേന്ദ്ര മോദിയുണ്ട്, മോദിയുടെ തലക്ക് മുകളില്‍ ആര്‍ എസ് എസുണ്ട്. കാണാതാകുന്നതിന്റെ തലേന്ന് നജീബിനെ എ ബി വി പി ഗുണ്ടകള്‍ ക്രൂരമായി തല്ലിച്ചതച്ചത് കണ്ടവരുണ്ട്. പക്ഷേ അക്രമികള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. നജീബ് എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയായിരുന്നു അത്. പക്ഷേ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അക്കാര്യം അന്വേഷിക്കപ്പെട്ടില്ല. കാരണം വ്യക്തമായിരുന്നു. കാണാതായ വിദ്യാര്‍ഥി പ്രിവിലേജുകളില്‍ ജീവിച്ച ആളായിരുന്നില്ല. ബന്ധുബലമോ സാമ്പത്തിക ബലമോ രാഷ്ട്രീയ രക്ഷാകര്‍ത്താക്കളോ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. നജീബിനെ തല്ലിച്ചതച്ച അക്രമികള്‍ക്കാകട്ടെ ഇതെല്ലാമുണ്ടായിരുന്നു. അവര്‍ ശിക്ഷിക്കപ്പെടരുത് എന്നാഗ്രഹിച്ച അധികാര കേന്ദ്രങ്ങളുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് എട്ട് വര്‍ഷം പിന്നിടുമ്പോഴും നജീബ് ചോദ്യമായി തുടരുന്നത്, ഉത്തരം അകന്നിരിക്കുന്നത്.
ലോക്കല്‍ പോലീസാണ് ആദ്യം കേസന്വേഷിച്ചത്. ഒമ്പത് പേരെ പ്രതികളാക്കി അന്വേഷണം ആരംഭിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല. തുടര്‍ന്ന് കേസില്‍ സി ബി ഐ വന്നു, 2017 മെയ് മാസത്തില്‍. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നജീബിന്റെ തിരോധാനത്തിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നതിന് തെളിവൊന്നുമില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു, ആ വര്‍ഷം ഒക്ടോബറില്‍ തന്നെ കേസ് കെട്ടിപ്പൂട്ടി. രാജ്യത്തെ ഏറ്റവും പ്രബലമായ അന്വേഷണ സംവിധാനമായാണ് സി ബി ഐ കണക്കാക്കപ്പെടുന്നത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചുമൊക്കെ അന്വേഷിച്ച് തുമ്പ് കിട്ടാതെ മടക്കിക്കെട്ടിയ പല കേസുകളിലും വഴിത്തിരിവുണ്ടാക്കിയ ഖ്യാതിയുണ്ട് സി ബി ഐക്ക്. പക്ഷേ നജീബ് കേസില്‍ അവര്‍ക്ക് തിടുക്കം കൂടുതലായിരുന്നു. അധികാരത്തിന്റെ തലക്ക് മുകളിലൂടെ അന്വേഷണം കടന്നുപോകേണ്ടിവരുമെന്ന ഘട്ടത്തിലാണോ അവര്‍ കേസന്വേഷണം അവസാനിപ്പിച്ചത് എന്നറിയില്ല. ശരിയായി അന്വേഷിച്ചില്ല എന്ന പരാതിയുണ്ട് നജീബിന്റെ ഉമ്മ ഫാത്വിമ നഫീസിന്.
നജീബിനെ കാണാതായതിന്റെ ആദ്യ നാളുകളില്‍ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു ആ മാതാവ്. മകനെവിടെ എന്ന ചോദ്യമുയര്‍ത്തി സമരം ചെയ്ത ആ ഉമ്മയെ ഇന്ത്യാ ഗേറ്റിനടുത്ത് വെച്ച് പോലീസ് നേരിട്ടത് രാജ്യം നടുക്കത്തോടെ കണ്ടതാണ്. അവരെ നിലത്തൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. 2016 നവംബര്‍ ആറിനായിരുന്നു സംഭവം. നീതിക്കായുള്ള നിലവിളിയെ നിഷ്ഠുരമായി നേരിടുന്ന ഭരണകൂട സംവിധാനത്തെയാണ് അന്നവിടെ കണ്ടത്. ആ കേസില്‍ പിന്നീട് എന്ത് സംഭവിക്കുമെന്നത് പ്രവചിക്കാവുന്ന ദൃശ്യമായിരുന്നു അത്. രാഷ്ട്രം പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്ത ജീവസുരക്ഷ അപകടപ്പെട്ടതാണ് നജീബ് കേസിലെ പ്രധാനമായ മനുഷ്യാവകാശ പ്രശ്‌നം. നജീബ് അഹമ്മദിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് സത്യസന്ധമായ ഒരന്വേഷണവും നടന്നിട്ടില്ല എന്ന് കുടുംബത്തിന് ആരോപിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെ സംജാതമായി?
ഫ്രം ബിഹാര്‍ ടു തിഹാര്‍ എന്ന തന്റെ പുസ്തക പ്രകാശന വേദിയില്‍ കനയ്യ കുമാര്‍, നജീബ് കേസിലെ കേന്ദ്രസര്‍ക്കാറിന്റെ കാപട്യത്തെ കുറിച്ച് പറഞ്ഞതിങ്ങനെ: ‘കേന്ദ്രത്തിന് വലിയ രഹസ്യാന്വേഷണ വിഭാഗമുണ്ട്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടങ്ങളുടെ കണക്ക് കൃത്യമായി എടുക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ബുദ്ധി അവര്‍ക്കില്ല’. ജെ എന്‍ യു വിദ്യാര്‍ഥികള്‍ ദിനംപ്രതി മൂവായിരം കോണ്ടങ്ങള്‍ ഉപയോഗിച്ചുപേക്ഷിക്കുന്നുവെന്ന, ബി ജെ പി. എം എല്‍ എ ഗ്യാന്‍ ദേവ് അഹൂജ ആ നാളുകളിലൊന്നില്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. അക്കാര്യം മനസ്സില്‍ വെച്ചാണ് കനയ്യ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനെ പരിഹസിച്ചത്. വര്‍ഷങ്ങള്‍ കടന്നുപോയി, ആളുകള്‍ നജീബിനെ മറന്നു തുടങ്ങി. ദിനംപ്രതി രാജ്യത്ത് കാണാതാകുന്ന എത്രയോ പേര്‍. അവര്‍ എവിടെയെന്ന് പോലും ആരും തിരക്കാറില്ല. ആരാരും ഓര്‍മിക്കപ്പെടാതെ പോകുന്ന ആ മനുഷ്യരുടെ പട്ടികയില്‍ മാഞ്ഞുതുടങ്ങിയ പേരുകാരനായി നജീബ് അഹമ്മദ്. പക്ഷേ, അധികാരത്തിന്റെ തണലില്‍ ഉണ്ടുറങ്ങുന്ന ഒരു ഗുണ്ടാസംഘം ഈ തിരോധാനത്തിന് പിന്നിലുണ്ട് എന്ന യാഥാര്‍ഥ്യം മറക്കാവതല്ല. എന്തുകൊണ്ട് ഈ നജീബോര്‍മ എന്ന ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയാണ്.
എ ബി വി പി രാജ്യത്തെ ക്യാമ്പസുകളില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ എന്തെടുക്കുകയായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന ആമുഖവാക്ക് എന്ന നിലക്ക് കൂടി വായിക്കപ്പെടേണ്ട പേരാണ് നജീബിന്റേത്. കനയ്യ കുമാറിന്റെയും ഉമര്‍ ഖാലിദിന്റെയുമൊക്കെ അറസ്റ്റില്‍ കലാശിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിവെച്ചതും എ ബി വി പി ആയിരുന്നു. ഒരവസരത്തില്‍ മുഖം മറച്ചെത്തിയ എ ബി വി പി പ്രവര്‍ത്തകര്‍ ജെ എന്‍ യുവില്‍ അഴിഞ്ഞാടിയതും രാജ്യം കണ്ടതാണ്. രാജ്യത്തെ പല ക്യാമ്പസുകളിലും സമീപ വര്‍ഷങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ ഒരു ഭാഗത്ത് എ ബി വി പി ഉണ്ടായിരുന്നു. എന്തുകൊണ്ട് അവര്‍ തുടര്‍ച്ചയായി അക്രമാസക്തരാകുന്നു? സംരക്ഷിക്കാന്‍ ആളുണ്ടെന്ന ആത്മവിശ്വാസമാണ് അവരെ നയിക്കുന്നത്. അധികാരം തങ്ങളെ ചിറകിനടിയില്‍ മറച്ചുപിടിക്കുമെന്ന ഹുങ്കിലാണ് മുഖം മറച്ചും മറക്കാതെയും അവര്‍ കുറുവടിയുമായി പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ ക്യാമ്പസുകളെ ഒന്നാകെ ഹിന്ദുത്വവത്കരിക്കാനുള്ള ക്വട്ടേഷനാണ് എ ബി വി പി ഏറ്റെടുത്തിരിക്കുന്നത്. അത് പരാജയപ്പെടുത്തേണ്ട മതേതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളാകട്ടെ പലയിടങ്ങളിലും അരാഷ്ട്രീയ കൂട്ടങ്ങളായി അധഃപതിച്ചിരിക്കുന്നു.