Connect with us

From the print

മലയാളി ഹാജിയുടെ തിരോധാനം: സഊദി അംബാസഡര്‍ക്ക് കത്തയച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി

മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീനെ (72)യാണ് കാണാതായത്.

Published

|

Last Updated

കൊണ്ടോട്ടി | ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെ താമസ സ്ഥലത്ത് നിന്നും കാണാതായ ഹാജിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമി എന്നിവര്‍ക്ക് കത്തയച്ചു.

മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീനെ (72)യാണ് കാണാതായത്. സഊദി ഭരണകൂടത്തിന്റെ സഹായത്തോടെ ഹാജിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും തിരോധാനത്തില്‍ ഭാര്യയും കുടുംബങ്ങളും അങ്ങേയറ്റം പ്രയാസത്തിലാണെന്നും ചെയര്‍മാന്‍ കത്തിലൂടെ അംബാസഡറെ അറിയിച്ചു. സ്വകാര്യ ട്രാവല്‍ ഏജന്‍സി മുഖേന കഴിഞ്ഞ ജൂണ്‍ 23ന് ഭാര്യയും കുടുംബാംഗങ്ങളും ഉള്‍ക്കൊള്ളുന്ന സംഘത്തോടൊപ്പം കൊച്ചി വിമാനത്താവളം വഴിയാണ് അദ്ദേഹം മക്കയിലെത്തിയത്. ജൂലൈ എട്ടിന് മക്കയിലെ താമസ സ്ഥലത്ത് നിന്നും തനിച്ച് പുറത്തേക്കിറങ്ങിയ അദ്ദേഹം പിന്നീട് തിരികെ വന്നിട്ടില്ല.

ഉടന്‍ ബന്ധുക്കള്‍ മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ്, സന്നദ്ധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. പിതാവിനെ കണ്ടെത്താനായി മകന്‍ ശബീറും ഇതിനകം നാട്ടില്‍ നിന്നും മക്കയിലെത്തിയിട്ടുണ്ട്.

അതേസമയം, സംഘത്തിലുള്ളവരുടെ ഹജ്ജ് വിസ കാലാവധി അവസാനിച്ചതിനാല്‍ ഭാര്യയുള്‍പ്പെടെയുള്ളവര്‍ ഇക്കഴിഞ്ഞ ഒന്നിന് നാട്ടിലേക്ക് മടങ്ങി. ഹാജിമാര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ, ലോഹ വള എന്നിവയിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഹാജിമാര്‍ കൂട്ടം തെറ്റിയാലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.

എന്നാല്‍ ഇതുവഴിയൊന്നും ഹാജിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറവി രോഗം ഉള്‍പ്പെടെയുള്ള ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചിരുന്നുവോ എന്നും വ്യക്തമല്ല. ഹാജിയെ കണ്ടെത്തുന്നതിന് സഊദിയിലെ മലയാളി കൂട്ടായ്മകള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും പ്രാര്‍ഥന നടത്തണമെന്നും സി മുഹമ്മദ് ഫൈസി അഭ്യര്‍ഥിച്ചു.

 

Latest