Kerala
നിരാശജനകം,ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തത് കേരളത്തെ വലിയ തോതില്‍ ബാധിക്കും; കെ എന്‍ ബാലഗോപാല്‍
വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം ആവശ്യപ്പെട്ടത് എന്നാല്‍ അതും നല്‍കിയില്ല. വിഴിഞ്ഞം പോര്‍ട്ടിന് ഒരു രൂപ പോലുമില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം | കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ല, കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശജനകമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.മോദി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണിതെന്നും മന്ത്രി വിമര്‍ശിച്ചു.
ഫെഡറലിസം എന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അര്‍ഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റ്. സ്വന്തം മുന്നണിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രം പാക്കേജുകള്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് കുറഞ്ഞു.സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തത് കേരളത്തെ വലിയ തോതില്‍ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയെന്നും മന്ത്രി പരിഹസിച്ചു. വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം ആവശ്യപ്പെട്ടത് എന്നാല്‍ അതും നല്‍കിയില്ല. വിഴിഞ്ഞം പോര്‍ട്ടിന് ഒരു രൂപ പോലുമില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രം നിലപാട് തിരുത്തി സംസ്ഥാനത്തിന് അര്‍ഹമായത് നല്‍കണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ന്യായമായത് കിട്ടാന്‍ അര്‍ഹതയുണ്ട്. രാഷ്ട്രീയത്തിനതീതമായി അവഗണനയെ കാണണം. സംയുക്തമായി കേരളത്തിന്റെ പൊതു താല്‍പര്യം സംരക്ഷിക്കാന്‍ മുന്നോട്ടു പോകണമെന്നും കെഎന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.