Kerala
വീണ്ടും നിരാശ; പതിനൊന്നാം തവണയും അബ്ദുല്‍റഹീം കേസ് മാറ്റിവച്ചു
പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ കാരണം.

ദമാം | സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തിങ്കളാഴ്ചയും തീരുമാനമുണ്ടായില്ല. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ കാരണം. ഇത് പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടിന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു
ഇത് പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമ സഹായസമിതി പ്രവര്‍ത്തകരും ഓണ്‍ലൈന്‍ സിറ്റിങില്‍ പങ്കെടുത്തിരുന്നു.
വധശിക്ഷ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ അഞ്ച് മാസം മുമ്പ് കോടതി ഒഴിവാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസുകളില്‍ സാധാരണയായി തടവുശിക്ഷയാണ് വിധി. കഴിഞ്ഞ 19 വര്‍ഷമായി തടവില്‍ കഴിയുന്നതിനാല്‍ ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത.
ഒന്നര കോടി സഊദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മലയാളികള്‍ ചേര്‍ന്ന് സ്വരൂപിച്ച് മരണപ്പെട്ട സഊദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കുകയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു.