Kerala
ദുരന്തനിവാരണ അതോറിറ്റി കണക്കുകള്‍ ശരിയല്ല, കേന്ദ്രസഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു
കൊച്ചി| മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്ന് അറിയിച്ച കോടതി ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് ചോദിച്ചു. ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹാജരാക്കാനും നിര്‍ദേശം നല്‍കി. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
എസ്ഡിആര്‍എഫില്‍ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ എല്ലാ കണക്കുകള്‍ക്കും വ്യക്തതവേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണസമിതി അക്കൗണ്ട് ഓഫീസറോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് എസ്ഡിആര്‍എഫ് ആക്കൗണ്ട് ഓഫീസര്‍ ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചത്.
കേന്ദ്രസഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണം. നീക്കിയിരിപ്പില്‍ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. ഓഡിറ്റിങില്‍ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി. നേരത്തെ ആവശ്യമായ സമയം നല്‍കിയിരുന്നെന്ന് കോടതി പറഞ്ഞു.