LDF
എ ഡി ജി പിക്കെതിരായ അച്ചടക്ക നടപടി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുമാത്രം: എല്‍ ഡി എഫ്
ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാറാണ് നല്‍കേണ്ടത്
തിരുവനന്തപുരം | എ ഡി ജി പി അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുക സര്‍ക്കാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുമാത്രമായിരിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാറാണ് നല്‍കേണ്ടത്. ഇതു സംബന്ധിച്ച് മുന്നിണിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എ ഡി ജി പി ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിന് എന്നു പരിശോധിക്കണം. തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായി പരിശോധിക്കും. ഒരുകുറ്റവാളിയേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല.
സി പി എമ്മോ ഇടതു മുന്നണിയോ ആര്‍ എസ് എസുമായി ഏതെങ്കിലും കൂട്ടുകെട്ടിനു ശ്രമിക്കുമെന്ന ആക്ഷേപം കേരളം വിശ്വസിക്കില്ല. അതാണ് കേരളത്തിന്റെ അനുഭവം. അന്‍വര്‍ നല്‍കിയ പരാതിയില്‍ പി ശശിയെക്കുറിച്ച് പരാമര്‍ശമില്ല. അന്‍വര്‍ സ്വതന്ത്ര എം എല്‍ എയാണ് അദ്ദേഹത്തിന് ചില കാര്യങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാം. പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. പി ശശിക്കെതിരായ പരാതി രേഖാമൂലം തന്നാല്‍ അതും പരിശോധിക്കും. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ല. എല്‍ ഡി എഫില്‍ ഒരു അതൃപ്തിയും ഇല്ല.
ഇ പി ജയരാജന്‍ ജാവദേക്കറെ കണ്ട വിഷയത്തില്‍ അല്ല അദ്ദേഹത്തെ മാറ്റിയത്. സംഘടനാ പരമായ തീരുമാനത്തിന്റെ ഭാഗമായാണ് മാറ്റിയത്. ഓരോരുത്തല്‍ എന്തു ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുക. സ്പീക്കര്‍ എന്നതു സ്വതന്ത്ര പദവിയാണ്. അദ്ദേഹം എന്തുപറയണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
വിഷയം ചര്‍ച്ച ചെയ്യണമെന്ന് എല്‍ ഡി എഫ് യോഗത്തില്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ എസ് എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാട് സി പിഐയും ആവര്‍ത്തിച്ചു. എ ഡി ജി പി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.
മുഖ്യമന്ത്രി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയനാട് ലോകസഭ, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പ്രാഥമികമായ ചര്‍ച്ചകള്‍ നടത്തിയതായി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇന്നു കേരളം ശ്രദ്ധിക്കുന്ന പ്രധാന പ്രശ്‌നം വയനാടിന്റെ പുനരധിവാസമാണ്. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് ജിവനോപാധി നഷ്ടപ്പെടുകയും ചെയ്തു. ഇവരെയെല്ലാം സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ മുന്നണി യോഗം സംതൃപ്തി രേഖപ്പെടുത്തി. വളരെ വേഗം പുനരധിവാസം പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സാമ്പത്തിക സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. മന്ത്രിമാര്‍ തന്നെ അവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എല്ലാ സംഘടനകളുടേയും സഹായത്തോടെ സംരക്ഷണം നല്‍കുക എന്ന സമീപനമാണ് സ്വീകരിച്ചത്. ഇതില്‍ മുന്നണി സംതൃപ്തി പ്രകടിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ നയം ജീവിതം സങ്കീര്‍ണമാക്കുകയാണ്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് രൂക്ഷമാണ്. ബി ജെ പി കൂട്ടുകെട്ടിനെതിരെ ജനങ്ങളെ അണിനിരത്തുന്ന പ്രവര്‍ത്തനമാണു നടന്നു കൊണ്ടിരിക്കുന്നത്. കര്‍ഷകരുടേയും തൊഴിലാളികളുടേയും സംരക്ഷണം മുന്‍നിര്‍ത്തിയുടെ നീക്കം ശക്തമാണ്. ഒണക്കാലത്ത് ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന കായികോത്സവം എറണാകുളത്ത് നടത്തും. സിവില്‍ സപ്ലൈസ് സ്റ്റോറുകളില്‍ എല്ലാ സാധനവും ലഭ്യമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.