Connect with us

From the print

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സില്‍ ഇളവ് പരിഗണനയില്‍; നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റി

റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ഗണ്യമായി കുറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വാഹന ഇന്‍ഷ്വറന്‍സില്‍ നോണ്‍ വയലേഷന്‍ ബോണസ് നല്‍കുന്ന കാര്യം ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി മനുഷ്യജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വര്‍ഷവും ഇന്‍ഷ്വറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിര്‍ദേശിക്കും.

അപകടമുണ്ടായ ഉടനെ നല്‍കേണ്ട ഗോള്‍ഡന്‍ ഹവര്‍ ട്രീറ്റ്മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്‍ഷ്വറന്‍സ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി രാജു പറഞ്ഞു. ഇതിനായി അടുത്ത മാസം മൂന്നാം വാരം ഇന്‍ഷ്വറന്‍സ് കമ്പനി മേധാവികളുടെയും ഐ ആര്‍ ഡി എ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കും.

ആരോഗ്യരംഗത്ത് പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗങ്ങളില്‍ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ഗണ്യമായി കുറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, നാഷനല്‍ ഹെല്‍ത്ത് മിഷ്യന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ ജെ, ഗതാഗത, നിയമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

Latest