Story
ഇളവ്
വെളുപ്പിനെ പുറപ്പെട്ടെങ്കിലും ആലപ്പുഴ പട്ടണത്തിൽ എത്തിയപ്പോൾ മണി പത്തര കഴിഞ്ഞിരുന്നു. വഴിനീളെ ട്രാഫിക് ബ്ലോക്കും മറ്റുമായി വിചാരിച്ചിരിക്കാത്ത തടസ്സങ്ങൾ. ഓട്ടോ പിടിച്ചു ലക്ഷ്യസ്ഥാനത്ത് ചെല്ലാൻ പിന്നെയും നേരമെടുത്തു.
അനുമോളുടെ ആ തീരുമാനം പാറപോലെ ഉറച്ചതായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവൾ അണുവിട അതിൽനിന്നു വ്യതിചലിച്ചില്ല. അതിന്റെ പേരിൽ അവൾ കേൾക്കാൻ പഴി ഇനി ബാക്കിയില്ല.
“നിനക്കിതെന്തുപറ്റി മോളേ? ബുദ്ധിയും വിവേകവുമുള്ള ആരെങ്കിലും ചെയ്യുന്നതാണോ ഇത്?’ വിവരം ഗ്രഹിച്ചപ്പോൾ അച്ഛൻ സുഗതൻ ഉപദേശ രൂപേണ ആരാഞ്ഞു.അമ്മ ശാന്തിയുടെ പ്രതികരണം അൽപ്പം കനത്തതായിരുന്നു.
“നീ ഇതിന് അനുഭവിക്കുമെടീ അഹങ്കാരീ … അവളുടെ ഒരു അന്തസ്സും അഭിമാനോം…. ത്ഫൂ…’
“നീ നിന്റെ ജീവിതം വെച്ചാണ് കളിക്കുന്നത് കേട്ടോ അനൂ…’ സഹോദരൻ ഡോക്ടർ കിഷോറും നിശബ്ദനായില്ല.
“ഇതിലിപ്പോ എന്താ ഇത്ര കുറച്ചില്?’ നാത്തൂൻ രശ്മി ടീച്ചർ വക.”ചാൻസ് എടുക്കണോ അനൂ? നിനക്ക് അർഹതപ്പെട്ടതല്ലേ. ആരുടേം ഒന്നും തട്ടിപ്പറിക്കുന്നില്ലല്ലോ…’
ബെസ്റ്റ് ഫ്രണ്ട് സൗമ്യയുടെ ന്യായീകരണവും അനുവിനെ തിരുത്തുവാൻ പര്യാപ്തമായിരുന്നില്ല.
എല്ലാവർക്കും മറുപടിയായി അവൾക്ക് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളൂ.”ഇനിയുള്ള കാലമെങ്കിലും എനിക്ക് അന്തസ്സോടെ ജീവിക്കണം. വെറുപ്പും പരിഹാസോം കുറെ അനുഭവിച്ചതാ, സ്‌കൂളിലും കോളജിലുമൊക്ക അഡ്മിഷൻ എടുക്കുന്ന സമയത്ത്. അവിടൊക്കെ പഠിക്കാൻ അവസരം കിട്ടിയത് ഔദാര്യത്തിന്റെ പുറത്താണത്രേ. ജോലിക്കാര്യത്തിലെങ്കിലും അങ്ങനെയാവരുതെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടാ, പി എസ് സി എക്സാമിനു ജനറൽ കാറ്റഗറിയിൽ അപേക്ഷിച്ചാൽ മതിയെന്ന് തീരുമാനിച്ചത്. എനിക്കുറപ്പുണ്ട്, എക്സാമിൽ നന്നായി പെർഫോം ചെയ്യാൻ സാധിക്കും. ജോലിയും കിട്ടും.’
“നീ പറയുന്നത് ശരിയായിരിക്കും. പക്ഷേ, റാങ്ക് ലിസ്റ്റിൽ വന്നാൽത്തന്നെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന് അറിയാമോ?’
“എത്രകാലമായാലും പ്രശ്നമില്ല. ഞാൻ തീരുമാനിച്ചു.’
പിന്നീടാരും അനുവിനെ തിരുത്താൻ ശ്രമിച്ചില്ല. അവളായി, അവളുടെ പാടായി എന്നു അവഗണിച്ചു.
അനുവിന് പിഴച്ചില്ല. അവൾ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ എഴുതി, പാസ്സായി. വളരെ മികച്ച റാങ്കോടെ. എന്നിട്ടും ഒന്നൊന്നര കൊല്ലം കഴിഞ്ഞാണ് അപ്പോയ്ന്റ്മെന്റ് ലഭിച്ചത്. റവന്യൂ ഡിപ്പാർട്മെന്റിൽ, ഭേദപ്പെട്ട തസ്തികയിൽ.
“ഇതിപ്പോ ജനറൽ കാറ്റഗറിയിൽ അല്ലായിരുന്നെങ്കിൽ എന്നേ കിട്ടേണ്ട ജോലിയായിരുന്നു. ഒന്നൊന്നര കൊല്ലത്തെ ശമ്പളവും സീനിയോരിറ്റിയും പോയിക്കിട്ടിയില്ലേ?’
അപ്പോഴും കുറ്റപ്പെടുത്തലുകൾ.
അനു കാര്യമാക്കിയില്ല. ജോലി നേടിയത് ഇളവിലും ഔദാര്യത്തിലുമാണെന്ന് ഇനിയാരും ആക്ഷേപിക്കില്ലല്ലോ. അതായിരുന്നു അവളുടെ ആശ്വാസം.
ആലപ്പുഴയിലായിരുന്നു, പോസ്റ്റിംഗ്. വീട്ടിൽനിന്നും ഏറെ ദൂരമുണ്ട്. ദിവസവും പോയിവരാൻ ഒക്കില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടി വരും.
ഒരു തിങ്കളാഴ്ചയായിരുന്നു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്.അന്നു പുലർച്ചെ അനു അച്ഛനമ്മമാരുടെയും സഹോദരന്റെയും മറ്റും അനുഗ്രഹം വാങ്ങി ആലപ്പുഴക്കു പുറപ്പെട്ടു. ആരെങ്കിലും കൂടെ ചെല്ലാമെന്ന് അച്ഛൻ പറഞ്ഞെങ്കിലും, അവളത് സ്നേഹപൂർവം നിരസിച്ചു. ആലപ്പുഴ അവൾക്ക് അത്ര അപരിചിതമായ സ്ഥലമല്ലായിരുന്നതുകൊണ്ടുതന്നെ.
വെളുപ്പിനെ പുറപ്പെട്ടെങ്കിലും ആലപ്പുഴ പട്ടണത്തിൽ എത്തിയപ്പോൾ മണി പത്തര കഴിഞ്ഞിരുന്നു. വഴിനീളെ ട്രാഫിക് ബ്ലോക്കും മറ്റുമായി വിചാരിച്ചിരിക്കാത്ത തടസ്സങ്ങൾ. ഓട്ടോ പിടിച്ചു ലക്ഷ്യസ്ഥാനത്ത് ചെല്ലാൻ പിന്നെയും നേരമെടുത്തു.
ആദ്യത്തെ ദിവസംതന്നെ വൈകി ജോലിക്കെത്തുന്നതിലുള്ള വൈക്ലബ്യത്തോടെയും അങ്കലാപ്പോടെയുമാണ് അവൾ സിവിൽ സ്റ്റേഷന്റെ പടികൾ കയറിച്ചെന്നത്.
മേലധികാരി ഹാജറായിരുന്നു ഓഫിസിൽ. എന്തായിരിക്കും ആ വെളുത്തു തടിച്ചു കുറിയ മധ്യവയസ്കന്റെ പ്രതികരണം എന്ന് ആശങ്കപ്പെട്ട്, നെഞ്ചിടിപ്പോടെയാണ് ക്യാബിനിലേക്ക് കാലെടുത്തുവെച്ചതും അപ്പോയ്ന്റ്മെന്റ് ഓർഡർ അദ്ദേഹത്തിനു കൈമാറിയതും.
കാര്യമായ ചോദ്യങ്ങളോ അന്വേഷണങ്ങളോ ഉണ്ടായില്ല.
ഓർഡർ ഒന്ന് ഓടിച്ചുനോക്കിയ ശേഷം ടേബിൾ ബെൽ മുഴക്കി, അറ്റന്ററെ വരുത്തി, ഇരിപ്പിടം കാട്ടിത്തരാൻ അയാളോട് നിർദേശിച്ചു. ഭവ്യതയോടെ ഓഫിസർക്കു നന്ദി പറഞ്ഞു അറ്റന്ററെ അനുഗമിച്ചു, പുറത്തേക്കുള്ള വാതിൽ കടക്കാൻ തുടങ്ങുമ്പോൾ പിന്നിൽനിന്ന് ഘനഗംഭീര ശബ്ദം.
“അനുമോൾ നിൽക്കൂ, ഒരു മിനുറ്റ്… ‘
ആശങ്കയോടെ തിരിഞ്ഞുനിന്നപ്പോൾ, പരിശോധിച്ചുകൊണ്ടിരുന്ന ഫയലിൽനിന്ന് മുഖമുയർത്താതെ ഓഫിസർ -“കാര്യമൊക്കെ ശരി, ഇതുപക്ഷേ പതിവാക്കേണ്ട, കേട്ടോ…’
ഏത് എന്ന് ശങ്കിച്ചു നിൽക്കെ തെല്ലും മയമില്ലാതെ ഓഫിസർ തുടർന്നു- “മനസ്സിലായില്ലേ, ഇളവുകളൊക്കെ ജോലി സാമ്പാദിക്കാനേയുള്ളൂ. ജോലി ചെയ്യുന്ന കാര്യത്തിൽ അതില്ല. നാളെ മുതൽ കൃത്യസമയത്ത് ഹാജറാകണം. കേട്ടല്ലോ …’
ശ്വാസംമുറിഞ്ഞ മട്ടിൽ സ്തംഭിച്ചുനിന്നുപോയി, അനുമോൾ.