tek fog
സാമൂഹിക മാധ്യമങ്ങളില്‍ ബി ജെ പിക്ക് വ്യാജ സ്വീകാര്യതയുണ്ടാക്കാനും വിമര്‍ശകരെ അധിക്ഷേപിക്കാനും രഹസ്യ ആപ്പുണ്ടെന്ന് കണ്ടെത്തല്‍
പാര്‍ട്ടിയുടെ സ്വീകാര്യത സാമൂഹിക മാധ്യമങ്ങളില്‍ വ്യാജമായി വര്‍ധിപ്പിക്കുക, വിമര്‍ശകരെ അപമാനിക്കുക, ജനങ്ങളെ സ്വാധീനിക്കാനുള്ള വലിയ ക്യാമ്പയിനുകള്‍ നിര്‍മ്മിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം
ന്യൂഡല്‍ഹി | സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും ട്രെന്‍ഡുകളും ബി ജെ പിക്ക് അനുകൂലമായി വഴിതികരിച്ചുവിടാന്‍ സങ്കീര്‍ണമായ ആല്‍ഗോരിതത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ആപ്പുണ്ടെന്ന് കണ്ടെത്തല്‍. 2020 ഏപ്രിലില്‍ ബി ജെ പി ഐ ടി സെല്ലില്‍ ജോലി ചെയ്തിരുന്ന ആരതി ശര്‍മ്മ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ടെക് ഫോഗ് എന്ന ആപ്പിനെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായിരുന്നു. ഇത് അന്വേഷിച്ച ദി വയര്‍ വെബ് പോര്‍ട്ടലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. പാര്‍ട്ടിയുടെ സ്വീകാര്യത സാമൂഹിക മാധ്യമങ്ങളില്‍ വ്യാജമായി വര്‍ധിപ്പിക്കുക, വിമര്‍ശകരെ അപമാനിക്കുക, ജനങ്ങളെ സ്വാധീനിക്കാനുള്ള വലിയ ക്യാമ്പയിനുകള്‍ നിര്‍മ്മിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.
സര്‍ക്കാര്‍ ജോലി നിഷേധിച്ചതിനെത്തുടര്‍ന്നാണ് 2014 മുതല്‍ ബി ജെ പി ഐ ടി സെല്ലില്‍ ജോലി ചെയ്തിരുന്ന ആരതി ശര്‍മ്മ എന്ന വ്യക്തി പാര്‍ട്ടി ഇത്തരത്തില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു ട്വീറ്റിന് രണ്ട് രൂപ പ്രതിഫലം ഐ ടി സെല്‍ നല്‍കാറുണ്ടായിരുന്നെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ടെക് ഫോഗ് എന്ന ആപ്പ് ഉപയോഗിക്കാനാണ് തന്നോട് നിര്‍ദ്ദേശിച്ചിരുന്നത്. റി ക്യാപ്ച കോഡുകളെ മറികടക്കുകയും ഹാഷ്ടാഗുകളും ട്വിറ്റര്‍ കുറിപ്പുകളും സ്വയമേവ അപ്ലോഡ് ചെയ്യാനും ഈ അപ്പിന് കഴിയും. ഐ ടി സെല്ലിലെ മുതിര്‍ന്നവരും അനുഭവ സമ്പത്തുമുള്ള ആളുകള്‍ ഇതിലും സങ്കീര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
There are many #BJPitCell softwares, i was suggested to use ‘The tek fog’, this is secret app only for #ItCellWorkers. It bypasses reCaptcha codes, is used for auto-upload texts and hashtag Trends. However, pro-players of #ItCellWorkers are using Tasker app too.
— Aarthi Sharma (@AarthiSharma8) April 28, 2020
ഐ ടി സെല്‍ തീരുമാനിക്കുന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ട്വിറ്ററിന്റെ ‘ട്രെന്‍ഡിംഗ്’ ഹൈജാക്ക് ചെയ്യുക, ബി ജെ പിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ബി ജെ പിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുക എന്നിവയ്ക്ക് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകളുടെ സ്വഭാവം, പ്രായം, തൊഴില്‍, രാഷ്ട്രീയം എന്നിവ മനസിലാക്കി ഓട്ടോ റിപ്ലെയായി അധിക്ഷേപ സന്ദേശങ്ങള്‍ അയക്കാന്‍ ഐ ടി സെല്‍ ഈ ആപ്പ് ഉപയോഗിക്കുന്നു. ബി ജെ പി ഐ ടി സെല്ലിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ അക്കൗണ്ടുകളും ഒറ്റയടിക്ക് ഇല്ലാതാക്കാനോ, റീമാപ്പ് ചെയ്ത് മറ്റൊരു അക്കൗണ്ട് ആക്കി മാറ്റാനോ ആപ്പിന് കഴിയും. വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ കേസുകള്‍ വന്നാല്‍ തെളിവുകള്‍ എളുപ്പത്തില്‍ നശിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.