editorial
ജാമ്യവിധികളിലെ പൊരുത്തക്കേടുകൾ
രാജ്യത്തെ വിചാരണാ തടവുകാരുടെ എണ്ണം 3.7 ലക്ഷത്തോളമാണ്. വിചാരണാ തടവുകാരുടെ എണ്ണത്തിൽ ലോകത്ത് 15ാമതും ഏഷ്യയിൽ മൂന്നാമതുമാണ് ഇന്ത്യ. സുദീർഘമായി തടവിൽ വെക്കുന്നതും വിചാരണ വൈകിക്കുന്നതും നീതി നിഷേധം മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയാണ്.
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനു സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ ജയിൽ മോചനം അനിശ്ചിതത്വത്തിലാണ്. യു എ പി എ കേസിലാണ് കാപ്പനു ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ജാമ്യം നൽകിയത്. അതേസമയം, ഇ ഡി കോടതിയിൽ കള്ളപ്പണ നിരോധന നിയമ പ്രകാരം കാപ്പനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാൻ അദ്ദേഹത്തിനായില്ലെന്നാണ് പ്രോസിക്യൂഷൻ ആരോപണം. പ്രസ്തുത കേസ് ലക്‌നോ കോടതിയുടെ പരിഗണനയിലാണിപ്പോൾ. അതിൽ കൂടി ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ അദ്ദേഹത്തിനു ജയിലിൽ നിന്നു പുറത്തിറങ്ങാനും കേരളത്തിലേക്ക് വരാനും സാധ്യമാകുകയുള്ളൂ. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായാൽ ആറാഴ്ച ഡൽഹിയിൽ കഴിയണം. ശേഷം കേരളത്തിലേക്ക് പോകാം. കേരളത്തിലെത്തിയാൽ എല്ലാ തിങ്കളാഴ്ചയും ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി റിപോർട്ട് ചെയ്യണം.
മഥുര ജില്ലയിലെ ഹാഥ്‌റസിൽ 2020 ഒക്ടോബറിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ പുറപ്പെട്ടപ്പോൾ ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് യു പി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹം മഥുര കോടതിൽ ജാമ്യത്തിനു അപേക്ഷിച്ചെങ്കിലും നിയമലംഘനത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തിൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷൻ പഹലും ജാമ്യ ഹരജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ട് വർഷത്തോളമായി ജയിലിലാണ് സിദ്ദീഖ് കാപ്പൻ. സ്ഥിരീകരിക്കപ്പെട്ട എന്തെങ്കിലും കുറ്റത്തിനല്ല ജയിൽ വാസം. കലാപത്തിനു ഗൂഢാലോചന നടത്തിയെന്നാണ് യു പി സർക്കാറിന്റെ ആരോപണം. കുറ്റാരോപിതനെ എത്രയും പെട്ടെന്നു വിചാരണ ചെയ്തു കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷ വിധിക്കുകയും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മോചിതരാക്കുകയുമാണ് നീതി. നിയമ പുസ്തകങ്ങൾ അനുശാസിക്കുന്നതും അതാണ്. ഈ ഉത്തരവാദിത്വം നിർവഹിക്കാതെ, കുറ്റാരോപിതരുടെ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിലൂടെ അന്വേഷണ ഏജൻസികൾ അവരുടെ മേൽ അപ്രഖ്യാപിത ‘ശിക്ഷ’ നടപ്പാക്കുന്ന രീതി രാജ്യത്ത് വർധിച്ചുവരികയാണ്. കോടതിയെ മറികടന്നു ഭരണകൂടം നടപ്പാക്കുന്ന ശിക്ഷയാണിത്.
ഇന്ത്യൻ ജയിലുകളിലെ തടവുകാരുടെ എണ്ണത്തിൽ 75 ശതമാനവും കോടതി ശിക്ഷിച്ചവരല്ലെന്നും വിചാരണാ തടവുകാരാണെന്നുമുള്ള ഔദ്യോഗിക കണക്കു ഇതിനു അടിവരയിടുന്നു. ഈ വർഷം ജൂലൈയിൽ പുറത്തു വന്ന കണക്ക് പ്രകാരം രാജ്യത്തെ വിചാരണാ തടവുകാരുടെ എണ്ണം 3.7 ലക്ഷത്തോളമാണ്. ആകെ തടവുകാരുടെ 75 ശതമാനത്തോളം വരും ഇത്. വിചാരണാ തടവുകാരുടെ എണ്ണത്തിൽ ലോകത്ത് 15ാമതും ഏഷ്യയിൽ മൂന്നാമതുമാണ് ഇന്ത്യ. സുദീർഘമായി തടവിൽ വെക്കുന്നതും വിചാരണ വൈകിക്കുന്നതും നീതി നിഷേധം മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയാണ്.
ജാമ്യം നൽകാവുന്ന വിധത്തിലുള്ള കേസുകളിൽ ജാമ്യത്തിൽ നിർദേശിക്കുന്ന വ്യവസ്ഥകൾക്കു പ്രതി തയ്യാറെങ്കിൽ ജാമ്യം ആ വ്യക്തിയുടെ അവകാശമാണെന്നു കോടതികൾ പല തവണ വ്യക്തമാക്കിയതാണ്. 1997ലെ സുപ്രീംകോടതി വിധിപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി നിയമത്തിന്റെ പിടിയിൽ നിന്നും കുതറി രക്ഷപ്പെടാനിടയില്ലെങ്കിൽ ജാമ്യം അനുവദിക്കേണ്ടതാണ്. “വിവേചനരഹിതമായ അറസ്റ്റുകൾ മുതൽ ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് വരെ വിചാരണാ തടവുകാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്. ഇതിനായി സമഗ്രമായ പ്രവർത്തന പദ്ധതിയുണ്ടാക്കണ’മെന്ന് ഇന്ത്യാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ജെയ്പൂരിൽ നടന്ന 18ാമത് സമ്മേളനത്തിൽ ജസ്റ്റിസ് എൻ വി രമണ ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ കോടതികളുടെ ഭാഗത്തു ചില പൊരുത്തക്കേടുകൾ പ്രകടമാണ്. ചില കൊടും കുറ്റവാളികൾ ജയിൽ കാണുകപോലും ചെയ്യാതെ ജാമ്യം നേടിയിട്ടുണ്ട് രാജ്യത്ത്. രണ്ടായിരത്തിൽ പരം പേരുടെ മരണത്തിനിടയാക്കിയ ഭോപ്പാൽ വാതക ദുരന്തത്തിന്റെ മുഖ്യപ്രതി വാറൺ ആൻഡേഴ്‌സന് ഒട്ടും ജയിലിൽ കിടക്കേണ്ടി വന്നില്ല. ഒരു കോടതിയുടെ മുമ്പിലും ജാമ്യ അപേക്ഷയുമായി കാത്തു കെട്ടി കിടന്നിട്ടുമില്ല. ആൻഡേഴ്‌സനെ നിയമത്തിന്റെ കൈകളിൽപ്പെടാതെ അമേരിക്കയിലേക്ക് രക്ഷപ്പെടാൻ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയായിരുന്നു അന്ന് ഭരണകൂടം.
ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ പ്രതികളായ ബി ജെ പിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും പ്രമുഖ നേതാക്കളാരും ജയിലിൽ കിടന്നിട്ടില്ല. കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയൻ സൈനികർക്ക് ബന്ധുമിത്രാദികളോടൊത്ത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുപോലും ഹൈക്കോടതി ജാമ്യം നൽകി.
അതേസമയം അബ്ദുന്നാസിൽ മഅ്ദനിക്കു ജാമ്യം ലഭിക്കാൻ വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തേണ്ടി വന്നു. ഒടുവിൽ ജാമ്യം ലഭിച്ചെങ്കിലും ജന്മനാട്ടിൽ വരാൻ അനുവാദമില്ല.
അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഉയർത്തിക്കാട്ടുന്നതാണ് സിദ്ദീഖ് കാപ്പനു ജാമ്യം നൽകുന്ന വിധിയിലെ ജൂറിയുടെ പരാമർശങ്ങൾ. അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് യു യു ലളിത് ഹാഥ്‌റസിലെ ഇരക്കു വേണ്ടി ശബ്ദമുയർത്തുന്നതും അവർക്കു നീതി ലഭ്യമാക്കണമെന്നു പറയുന്നതും കുറ്റമാണോ എന്നു ചോദിക്കുകയും ചെയ്തു. ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയക്കു വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ ബലാത്സംഗ കേസുകളിലെ നിയമത്തിന്റെ മാറ്റത്തിനു കാരണമായ കാര്യം ജസ്റ്റിസ് ഭട്ട് എടുത്തു പറഞ്ഞു. മാധ്യമ മേഖലക്ക് ആശ്വാസകരമാണ് ഈ പരാമർശങ്ങൾ.